പഴയ പൊസ്റ്റുകൾ

2017, ജൂൺ 27, ചൊവ്വാഴ്ച
വായനവാരം
കുഞ്ഞുന്നാളുമുതല്‍ വായനയില്‍ വലിയ കമ്പമായിരുന്നു; ആനയായിരുന്നു, ചേനയായിരുന്നു എന്നൊക്കെ എനിക്കും എഴുതണമെന്നുണ്ട്. വായിക്കാത്തതിന്‍റെ ഒരൊറ്റക്കുറവുകൊണ്ടുമാത്രം, ഇപ്പൊ അങ്ങനെ എഴുതാനാവുന്നില്ലാ. വായിക്കണ്ടേ, എന്നാലല്ലേ വായിച്ചു, വായനകൊണ്ടു വളര്‍ന്നു എന്ന കഥയൊക്കെ എഴുതാനാവൂ. ശരിക്കും വേദനയുണ്ട് ആ കാലമെല്ലാം ചുമ്മാ കളഞ്ഞതിന്.
ഞാന്‍ ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചേട്ടനും ചേച്ചിയും ഒക്കെ കോളേജില്‍ പഠിക്കുന്നുണ്ടായിരുന്നു. അവര്‍ പറയുമായിരുന്നു വായിക്കണം കുറെ വായിക്കണം. എന്നാലേ വിവരമുണ്ടാകൂ എന്നൊക്കെ. അതിന് എനിക്കു വിവരം അല്പം കൂടുതലാണെന്ന വിവരക്കേട് എപ്പോഴും എന്‍റെയൊപ്പം ഉണ്ടായിരുന്നല്ലോ ആ കാലങ്ങളില്‍. പിന്നെങ്ങനെയാ ഇതൊക്കെ മണ്ടയിലേറുക. വല്ലതും കഴിക്കണം, അടികൂടണം, നല്ല വസ്ത്രം ധരിക്കണം, സുന്ദരിയായി നടക്കണം, പറ്റിയാല്‍ അമ്മയെയും അച്ഛനെയും ഒക്കെ കബളിപ്പിച്ചുരസിക്കണം, പരീക്ഷകളില്‍ തോല്ക്കരുത്‌. തോറ്റാല്‍പ്പിന്നെ പഠിക്കൂല്ലാ ഇത്രയൊക്കെയേ സ്വപ്നമായി കൂടെ കൊണ്ടുനടന്നിരുന്നുള്ളൂ. ദൈവം സഹായിച്ച് പ്രീഡിഗ്രി ഇംഗ്ലീഷില്‍ പൊട്ടുംവരെ അതിനൊന്നും ഒരു കുറവും ഉണ്ടായിരുന്നുമില്ലാ. അവിടെ കര്‍ശനക്കാരന്‍ അച്ഛനല്ലായിരുന്നു ; ഈ ഞാന്‍തന്നെ. ഈ ഞാനേയ് വെറും ഞാനല്ലായിരുന്നു അന്നൊക്കെ; ഒരൊന്നൊന്നര ഞാനായിരുന്നു. ഇപ്പൊ കണ്ടാല്‍ ഒരു ലുക്കില്ലന്നെയോള്ളൂ. ഭയങ്കര ബുദ്ധിക്കുറവാ.....എല്ലാം ഈ വായനച്ചേച്ചിയെ പിണക്കിയതിന്‍റെ ദോഷം. അല്ലാണ്ടെന്താ....? ദൈവമായിട്ടൊരു കുറവും വച്ചിരുന്നില്ലാ ട്ടോ. ചുമ്മാ അങ്ങേരെ കുറ്റം പറയണ്ടാ. പോയ ബുദ്ധി ആന വലിച്ചാലും പോരില്ലെന്നാണല്ലോ. എന്നാലും ഒന്നു ശ്രമിക്കണം എന്നുണ്ട്...
ഏകദേശം 2006 മുതല്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാനുള്ള ഭാഗ്യമുണ്ടായതാണ്. അന്നുമുതല്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇന്ന് ആരായിരുന്നേനെ..? വിരലിലെണ്ണാവുന്ന എഴുത്തുകാരെയും അവരുടെ കൃതികളെയുംമാത്രമേ എനിക്കു പരിചയമുള്ളൂ കാരണം അത്രയേ ഞാന്‍ വായിച്ചിട്ടുള്ളൂ. അതുകൊണ്ട് ആ പരിചയങ്ങളും അനുഭവങ്ങളും വിവരിക്കാന്‍ മുതിരുന്നില്ലാ. യാഹൂ മെയിലുകളില്‍ ബെസ്റ്റ് ആന്‍സര്‍ ചോദ്യങ്ങള്‍ വരുമായിരുന്നു അക്കാലങ്ങളില്‍. ആദ്യമായി വായനയില്‍ താത്പര്യം വന്നത് ആ ചോദ്യങ്ങള്‍ വായിച്ചു ബെസ്റ്റ് ആന്‍സര്‍ എന്നു രണ്ടുകൈയും പൊക്കിക്കാട്ടുന്ന ഒരു പെണ്ണിനെ കാണാനുള്ള മോഹംകൊണ്ടാണ്. അങ്ങനെയിരിക്കേ ഒരു മെയില്‍ വന്നു; ഓര്‍ക്കുട്ടില്‍ ചേരാന്‍ പറഞ്ഞുകൊണ്ട്. അതില്‍ ചേര്‍ന്നു. പിന്നീട് സസ്നേഹം, മനസ്സ്, കനല്‍, തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ ഇപ്പോള്‍ ഇങ്ങനെ ഫേസ്ബുക്കില്‍ എത്തിനില്ക്കുന്നു. ഇതിലൊക്കെ ബ്ലോഗുകള്‍ വായിച്ച് അഭിപ്രായം എഴുതുമായിരുന്നു. അങ്ങനെ കുറെയേറെ സുഹൃത്തുക്കളുണ്ടായി. ജോയ്, രാജേഷ്‌, നളിനേച്ചി, രശ്മി, മധു(പുണ്യന്‍) തുടങ്ങിയ കുറച്ച് അടുത്ത സുഹൃത്തുക്കളുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി ചെറിയതായി എഴുതിത്തുടങ്ങി.
അങ്ങനെയിരിക്കെയാണ് നമ്മുടെ കേക്കെ ‘അഭിരാമം’ എന്ന ഒരു ഫേസ്ബുക്ക് കൂട്ടായ്മയില്‍ ചേര്‍പ്പിച്ചത്. അവിടെ ശ്രീലകം വേണുഗോപാല്‍ സാര്‍, ബോബിച്ചായന്‍, ചന്തുവേട്ടന്‍ തുടങ്ങിയ ഗുരുതുല്യസുഹൃത്തുക്കളെ ലഭിച്ചു. ബോബിച്ചായനെ നേരത്തേ കുറേശ്ശെ അറിയാമായിരുന്നു) അവരില്‍നിന്നാണ് കൂടുതല്‍ എഴുതുവാനുള്ള പ്രചോദനവും ധൈര്യവും കിട്ടിയത്. കോ-ഓപ്പറേറ്റീവ് ഔട്ട്‌ലുക്ക് ഗ്രൂപ്പ് വഴി സാബു ഹരിദാസ്‌ എന്ന സുഹൃത്ത് മുഖേന ‘ഓര്‍മ്മയിലെ ഓണാഘോഷം’ എന്ന ഒരു ആര്‍ട്ടിക്കിളും ‘വിരിയുന്ന പുഞ്ചിരി ‘ എന്ന ഒരു കവിതയും വേറെ 5 കവിതകളും ആദ്യമായി ‘സഹാകാര്യം’ എന്ന അവരുടെ മാസികയിലൂടെ അച്ചടിമഷിപുരണ്ടു. 10 വരെയുള്ള മലയാളവും വച്ചോണ്ട് എന്‍റെയൊരു കസര്‍ത്തുകളിയുടെ വിജയം. ഒന്നും പറയണ്ടാ എന്‍റെ ചങ്ങാതിമാരേ.. ഒന്നു കാണേണ്ടതുതന്നെയിരുന്നു എന്‍റെ അന്നത്തെ സന്തോഷം. കൂട്ടുകാരാ സാബൂ..., ഈ മനസ്സിലുണ്ടെട്ടോ മായാതെ.
കൂടാതെ ‘താളിയോല’ എന്ന ഗ്രൂപ്പിലെ കവിതാസമാഹരപ്രസിദ്ധീകരണത്തില്‍ ‘അമ്മ’ എന്നൊരു കവിതയും പുറംലോകം കണ്ടു.
കനലിലെ പ്രണയലേഖന മത്സരത്തിലും ‘പുലര്‍കാല എഴുത്തുകൂട്ടം’, ‘കാവ്യചേതന ‘ എന്നീ ഗ്രൂപ്പുകളിലും ചെറിയ പുരസ്ക്കാരങ്ങള്‍ ലഭിച്ചു.
സ്വദേശമായ പറവൂരിലെ ചേന്ദമംഗലം അംഗണവാടിയിലും കിട്ടി ഒരു പൊന്നാട ‘കനവിലൊരു പ്രണയക്കനവ്‌’ എന്ന കവിതയ്ക്ക്. വെറും ബ്ലോഗ്സ് മാത്രം വായിച്ചിട്ടാ ഇതൊക്കെ എന്നോര്‍ക്കണം ട്ടോ.
ശ്ശോ.....! ഈ എന്നെക്കൊണ്ട് ഞാന്‍തന്നെ തോറ്റൂ....
കൂട്ടുകാരേ...., നീണ്ട പത്തു വര്‍ഷങ്ങളോളം ഈ മീഡിയകളില്‍ ഇങ്ങനെ വിലസിയിട്ടും ഇത്രയേ നേട്ടങ്ങള്‍ ഉണ്ടായുള്ളൂ എന്നത് വലിയൊരു പോരായ്മയായിട്ടാണ് എനിക്കു തോന്നുന്നത്. അതിനുള്ള ഒരേയൊരു കാരണം വായനയിലുള്ള എന്‍റെ താത്പര്യക്കുറവുമാത്രം എന്നത് സ്പഷ്ടവും
വായിക്കണം. വെറുതെ വായിച്ചാല്‍പ്പോരാ..ശ്രദ്ധയോടെ മനസ്സിലാക്കിവായിക്കണം. വായനയിലൂടെയേ മനുഷ്യര്‍ പൂര്‍ണ്ണരാവൂ. ഇല്ലെന്നൊക്കെ ചിലര്‍ വാദിക്കാന്‍ വന്നേക്കാം. അതൊന്നും ശരിയല്ലെന്ന് ഞാനിപ്പോള്‍ മനസ്സിലാക്കി. നമുക്കുവായിക്കാം ...വായിക്കാം......പിന്നെയും വായിക്കാം പിന്നെയും പിന്നെയും വായിക്കാം.......പിന്നെ എഴുതാം ....വലിയ എഴുത്തുകാരായില്ലെങ്കിലും ചെറിയ എഴുത്തുകാരെങ്കിലും ആവാം.
ഈ കുറവുനികത്തുവാന്‍ ഈ വായനവാരം ഉപകാരപ്രദമാക്കുവാന്‍ ഞാന്‍ സ്വയം തീരുമാനിച്ച വിവരം ഏവരേയും ഇതുമൂലം അറിയിച്ചുകൊള്ളുന്നു. ഇനിമുതല്‍ എന്‍റെ ഒരുദിവസത്തിലെ 2 മണിക്കൂര്‍ വായനയ്ക്കായി നീക്കിവയ്ക്കും. ഇതു സത്യം ..., സത്യം..., സത്യം.
(വായിക്കാത്തതിന്‍റെ ഭീമമായ കുറവ് ഇപ്പൊ ഇച്ചായന്‍ ഇങ്ങോട്ടൊന്നു വന്നാല്‍ നിങ്ങള്‍ക്കു കാണാം...)
എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഒരു വായനവാരം ആശംസിച്ചുകൊണ്ട്....
സസ്നേഹം,
ദേവി.
എന്നെ ഞാനാക്കിയ സോഷ്യല്‍ മീഡിയയ്ക്കു നന്ദി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ