പഴയ പൊസ്റ്റുകൾ

2017, മാർച്ച് 9, വ്യാഴാഴ്‌ച

വനിതാദിനം
ആദര്‍ശ പുത്രിയായും, പത്നിയായും, മാതാവായും പരിണമിക്കാനുള്ളതാണു ഒരു ബാലികയുടെ ജന്മം. ചാരിത്ര്യശുദ്ധിയോടെ ജീവിക്കുന്ന കന്യകമാരുടെയും പാതിവ്രത്യ ശുദ്ധിയുള്ള വധൂജനങ്ങളുടെയും ആദര്‍ശവതികളായ അമ്മമാരുടെയും ശാപമേല്‍ക്കാതിരിക്കാന്‍ പുരുഷന്മാര്‍ പ്രത്യേകംശ്രദ്ധിക്കണം. കാരണം ഒരു പുരുഷനേക്കാള്‍ ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചുജീവിക്കുന്ന ത്യാഗത്തിന്‍റെ നേര്‍ക്കാഴ്ചകളാണ് ഇവിടെ പല സ്ത്രീകളും. അവര്‍ മനംനൊന്തൊന്നുവിളിച്ചാല്‍ ആ വിളി ദൈവംകേള്‍ക്കാതിരിക്കില്ലാ. ദുഷ്ടനെ പനപോലെ വളര്‍ത്തും ദൈവം....പിന്നെ വരുന്ന ശിക്ഷ കഠിനമായിരിക്കും.
അച്ഛനിൽനിന്നുൽഭവിച്ച് അമ്മയുടെ ഗർഭപാത്രത്തിൽനിന്നു ഭൂജാതനായിവളർന്നു സ്ത്രീയെ ഭോഗിച്ച്, മകളെയോ മകനെയോ ഉരുവാക്കുന്ന പുരുഷന്‍ വെറും സ്ത്രീവർഗ്ഗത്തിനു മാത്രമല്ലാ, ഈ ലോകത്തിന്‍റെ നിലനില്പ്പിനുതന്നെ അത്യന്താപേക്ഷിതമാണ്! അമ്മയേയോ, ഭാര്യയെയോ, പെങ്ങളെയോ, മകളെയോ, പതിയിരുന്നു അടങ്ങാത്തവികാരത്തിനടിമപ്പെടുത്തിയും, കൊടുംക്രൂരകാമവെറിയാൽ പീഡിപ്പിച്ചും, കൊന്നും കൊലവിളിച്ചും ഭോഗിച്ചലയുന്ന മനുഷ്യമൃഗങ്ങളായുള്ള ചില നീച ജന്മങ്ങള്‍ സ്ത്രീവർഗ്ഗം ഒന്നടങ്കം ആദരിച്ചുപോരുന്ന പുരുഷവർഗ്ഗത്തിനു കടുത്ത അപമനമായിരിക്കും.! നിങ്ങളുടെ അമ്മയെ, ഭാര്യയെ, പെങ്ങളെ, മകളെ.. മറ്റൊരു കാമവെറിയൻ ഇങ്ങനെ ഭോഗിച്ചാൽ?? ഒരുനിമിഷം ആലോചിക്കൂ, ഉണരൂ.. ഈ വൃത്തികെട്ടചിന്തയിൽനിന്ന് എന്നെന്നേക്കുമായി! . 'ഒരുവന് ഒരുവൾ' എന്ന ഭാരതസംസ്കാരം ഭൂഷണമാക്കി, പെണ്ണും ഒരുവ്യക്തിയാണെന്നു പരിഗണിക്കുന്ന, പ്രപഞ്ചത്തിലെ സകലജീവികളെയുംപോലെ ദൈവസൃഷ്ടിതന്നെയാണെന്ന് അംഗീകരിക്കുന്ന മനുഷ്യത്വമുള്ള ധാരാളം പുരുഷന്മാരുണ്ടിവിടെ. അവരെ പിന്തുടര്‍ന്നു ജീവിക്കൂ... സംരക്ഷിക്കണ്ടാ, ഉപദ്രവിക്കാതിരുന്നാൽമതി.
അല്ലെങ്കിൽ നമുക്കുണരാം ! ഇത്തരം ക്രൂരമനുഷ്യമൃഗങ്ങളിൽനിന്നും രക്ഷനേടാനുള്ള ശക്തിയാർജ്ജിക്കാം. പെണ്കുട്ടികളെ കൂടുതൽക്കൂടുതൽ ശക്തരാക്കാം....ഇവിടെ പതിയിരിക്കും ആപത്തുകളെ പറഞ്ഞുമനസ്സിലാക്കാം. ലോകം എന്തെന്നറിഞ്ഞ നമുക്ക് നമ്മുടെ മക്കള്‍ക്ക്‌ രക്ഷാമാർഗ്ഗങ്ങൾ പഠിപ്പിച്ചുകൊടുക്കാം. പെൺമക്കളേ.. രക്ഷാകർത്താക്കളെ അനുസരിക്കൂ, ജാഗരൂകരാകൂ..
നിയമത്തിലെ പഴുതുകള്‍ മുതലെടുക്കുന്ന അധികാരികളുടെ മേല്‍ക്കോയ്മ അവസാനിപ്പിച്ചില്ലെങ്കില്‍, തെറ്റുകളിലെ ക്രൂരതയെ കണക്കിലെടുത്ത് ശിക്ഷയുടെ കാഠിന്യം തിട്ടപ്പെടുത്തി ശിക്ഷകള്‍ നടപ്പിലാക്കാൻ നീതിപീഠം തയ്യാറായില്ലെങ്കിൽ പരസ്പരം വെട്ടിയും കുത്തിയും ശിക്ഷനടപ്പിലാക്കി ഇവിടമൊരു കുരുതിക്കളമാകാൻ ഇനിയധികനാൾ കാത്തിരിക്കേണ്ടിവരില്ലാ!
ഇവിടെ ഇനിയും ആയിരം സ്ത്രീകളോ പിഞ്ചുകുഞ്ഞുങ്ങളോ പീഡിപ്പിക്കപ്പെട്ടാലും കൊല്ലപ്പെട്ടാലും ഈ മാംസദാഹികൾ രക്ഷിക്കപ്പെടും! കാരണം അവരാണ് ഇന്നത്തെ മേലാളന്മാരുടെ രക്ഷകർ! ചക്കരക്കുടത്തിൽ കൈയിട്ടുനക്കാൻ മോഹിക്കുന്നവരുടെ ആയുധമാണവർ! സത്യം, ന്യായം, നീതി ഇവകളൊന്നും ഒരുകാലവും ജയിക്കാതിരിക്കാൻ ചെല്ലുംചെലവുംനല്കി പോറ്റിയെടുത്ത കാമവെറിപൂണ്ട വൃത്തികെട്ട നരഭോജികൾ! ഈ കാമവെറിയന്മാർക്ക് അവയവം വെട്ടിനീക്കുന്നതിൽക്കുറഞ്ഞൊരു ശിക്ഷയുമില്ലാ! ബലാൽസംഗത്തിനു ശിക്ഷ അവയവനീക്കം; അതു നടപ്പാക്കുവാൻ ധൈര്യമുള്ളൊരു നീതിപീഠം നമുക്കുണ്ടാകുമോ?? എന്നെങ്കിലും ഇവിടെ അഭിമാനം അടിയറവുപറയാത്തൊരു ഭരണകൂടം ഉണ്ടാകുമോ???
എത്രയോ നന്മനിറഞ്ഞമനസ്സുകള്‍ ഈ ഭൂമിയില്‍ എല്ലായിടങ്ങളിലും ഉണ്ട് ആണെന്നോ പെണ്ണെന്നോ വെത്യാസമില്ലാ....ആണിലും പെണ്ണിലും ഉണ്ട് വൃത്തികെട്ടവര്‍. പിശാചുഭരിക്കുന്ന ഈ മനസ്സുകള്‍ ഉരുവായതും ഈ മണ്ണില്‍ത്തന്നെ...പൈശാചികബുദ്ധിയുള്ള ചില അമ്മമാരുമച്ഛന്മാരും ഇതിനുകാരണക്കാരുമാണ് എന്നതില്‍ യാതൊരുസംശയവുമില്ലാ....പല ജന്മങ്ങളും ഇവിടെനിന്നുന്നെയാണ് അധികവും സാഹചര്യങ്ങളുടെവലയില്‍പ്പെട്ടു കുറ്റകൃത്യങ്ങളിലേക്ക് വഴുതുന്നതും. ഒരുകുഞ്ഞും അച്ഛന്റേയും അമ്മയുടെയും സ്നേഹത്തിനുവേണ്ടി യാചിക്കാതിരിക്കണം. അതിന് വഴിപിഴച്ചജീവിതങ്ങള്‍ ഉപേക്ഷിക്കാന്‍ മനുഷ്യമനസ്സുകള്‍ തയ്യാറാകണം.. ആണിനൊരുദിനം പെണ്ണിനൊരുദിനം ഒന്നും ആചരിക്കുന്നതിലല്ലാ കാര്യം...മനുഷ്യമനസ്സുകള്‍ വഴിതെറ്റാനുള്ള കാരണങ്ങളുടെ അടിസ്ഥാനപരമായകാരണങ്ങള്‍ കണ്ടെത്തുകയാണുവേണ്ടത്. അതിനു പരിഹാരംതേടാതെ ഇതൊന്നും തുടച്ചുമാറ്റാന്‍സാദ്ധ്യമല്ലാ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ