പഴയ പൊസ്റ്റുകൾ

2017, ഫെബ്രുവരി 28, ചൊവ്വാഴ്ച

സ്നേഹത്തിലെ യുക്തി....


സ്നേഹത്തിലെ യുക്തി....

പെണ്ണുകാണാന്‍ വന്ന ചെറുക്കനോട് പെണ്‍കുട്ടി സംസാരത്തിനിടയില്‍ എനിക്ക് കള്ളുകുടിക്കുന്നവരെ പേടിയാണ്, സിഗററ്റുവലിക്കുന്നവരെ ഇഷ്ടമല്ല എന്നൊക്കെ സൂചിപ്പിക്കുന്നു. ആ പെണ്ണിനെ ഇഷ്ടമായെങ്കില്‍, അവളുടെ സന്തോഷത്തിനുവേണ്ടി അവന്‍ സിഗററ്റുവലിയും കള്ളുകുടിയും വളരെകഷ്ടപ്പെട്ട് ഉപേക്ഷിക്കുന്നു. ഇവിടെ ആണിന്‍റെ ആണത്വത്തിന് യാതൊരുകോട്ടവുംസംഭവിക്കുന്നില്ല. സ്നേഹത്തിലെ ആത്മാര്‍ത്ഥതയാണ് അവനെക്കൊണ്ട്‌ അതുചെയ്യിക്കുന്നത്. ഇതിനെ ചിലര്‍ വളച്ചൊടിക്കുന്നത് അവരുടെ വിവരമില്ലായ്മയും സ്നേഹമെന്ന ദൈവം ആ മനസ്സുകളില്‍ കുടിയിരിക്കാത്തതുകൊണ്ടും മാത്രമാണ്.
എന്നോടിഷ്ടമുണ്ടെങ്കില്‍ സിഗററ്റു വലിക്കരുത്
എന്നോടിഷ്ടമുണ്ടെങ്കില്‍ കള്ളുകുടിക്കരുത്
എന്നോടിഷ്ടമുണ്ടെങ്കില്‍ ഇന്ന് ഈ ഷര്‍ട്ട് ധരിക്കണം

ഇങ്ങനെ അമ്മയോ പെങ്ങളോ സ്വന്തം ഭാര്യയോ സ്നേഹിക്കുന്ന പെണ്‍കുട്ടിയൊ ആത്മാര്‍ത്ഥ സുഹൃത്തോ ഒക്കെ പറയുമ്പോള്‍ അത് അനുസരിക്കുന്നവന്‍ ആണത്വമില്ലാത്തവനല്ലാ..., മറിച്ച് ’എന്നോടിഷ്ടമുണ്ടെങ്കില്‍’ എന്ന വാക്കിലെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുന്നതു കൊണ്ടാണ്, സ്നേഹം എന്ന ദൈവം അവന്‍റെ മനസ്സില്‍ കുടിയിരിക്കുന്നതുകൊണ്ടാണ് അത് അനുസരിക്കാനുള്ള ഉള്‍പ്രേരണ അവനില്‍ ഉണ്ടാകുന്നത്.
ഇഷ്ടം=സ്നേഹം=ദൈവം. ദൈവമാകുംനന്മ മനസ്സിലുള്ളവര്‍ക്കുമാത്രംചെയ്യാന്‍കഴിയുന്നപ്രവര്‍ത്തികളാണ് ഇവയെല്ലാം. .....നന്മയുള്ള ഒരുമനസ്സിനുമാത്രമേ ഇത് നന്മയായിത്തോന്നൂ...നന്മയെന്നത് തീണ്ടാത്തവര്‍ ഇതിനെ പലതരത്തില്‍ വളച്ചുമൊടിച്ചും സംസാരിക്കും. അതിനെ അവഗണിക്കുകയെവഴിയുള്ളൂ...

എന്നോടിഷ്ടമുണ്ടെങ്കില്‍ ഈ കിണറ്റില്‍ ചാടണം എന്ന് പറഞ്ഞാല്‍ അവനനുസരിക്കില്ലാ. കാരണം അത് നന്മയല്ല എന്ന് തിരിച്ചറിയാനുള്ള വിവേകം അവനിലുണ്ടാകും ..., ഉണ്ടാകണം

അതുപോലെ നിത്യരോഗിയായ സഹധര്‍മ്മിണിക്ക് വീട്ടുജോലികളില്‍ സഹായിക്കുകയോ, ഭാര്യയുടെ ന്യായമായ ആവശ്യങ്ങളും ആഗ്രഹങ്ങളും നടത്തിക്കൊടുക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍, മനസ്സക്ഷിയുള്ളവന്‍ എന്നാണ് അവനെ പ്രകീര്‍ത്തിക്കേണ്ടത്. അവന്‍ ജീവിതത്തെ ആസ്വദിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്നെ അര്‍ത്ഥമുള്ളൂ. ഈ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ അവരുടെ ജീവിതത്തില്‍ സ്വര്‍ഗ്ഗസുഖം ഉണ്ടാക്കും എന്ന വിവേകമുള്ളതുകൊണ്ടാണ്, അവന്‍റെ കുടുംബത്തെ അവന്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നതുകൊണ്ടാണ്. ഇങ്ങനെയൊക്കെ സന്തോഷമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്‌ അവനെ ദൈവം അനുഗ്രഹിക്കുന്നത്. ഇതില്‍ അസൂയാ തോന്നുന്നവരാണ് ഇതിനെ മോശമായി ചിത്രീകരിക്കുന്നത്. സ്നേഹം മനസ്സിലുള്ളവര്‍ക്കേ മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി ജീവിക്കാനാകൂ.

എന്തേ ഇത്തരം ഒരു ഷര്‍ട്ട് ധരിച്ചത് എന്ന് ഓഫീസിലെ സഹപ്രവര്‍ത്തകര്‍ ചോദിച്ചാല്‍ ഭാര്യയുടെ അല്ലെങ്കില്‍ പെങ്ങളുടെ നിര്‍ബന്ധം. ഇന്ന് ഞാനിതു ധരിക്കുന്നതില്‍ അവള്‍ക്കു സന്തോഷം കിട്ടുന്നെങ്കില്‍ കിട്ടട്ടെയെന്നു കരുതി എന്ന് ധൈര്യമായി എത്രപേര്‍ പറയും..?

ഇത് ദൗര്‍ബല്യമല്ലേയെന്നു ചോദിക്കുന്നവരുണ്ടാകാം. എന്നാല്‍ അതൊരു സ്നേഹപ്രകടനമായിക്കാണാന്‍ എത്രപേര്‍ക്ക് സാധിക്കും. ഒന്നാലോചിച്ചുനോക്കൂ. സ്നേഹത്തിനിടെ യുക്തി വന്നാല്‍ അത് സ്നേഹമാല്ലാതാകും.. സ്നേഹത്തില്‍ സ്നേഹം മാത്രമേയുള്ളൂ. ഇതേ സ്നേഹം ഇതേ തീവ്രതയോടെ ഈശ്വരനോടും ഉണ്ടായാല്‍ ഈശ്വരന് ഇഷ്ടമല്ലാത്തത്‌ ഒന്നും ചെയ്യാന്‍ നമ്മെക്കൊണ്ട് സാധിക്കില്ലാ..

സ്നേഹം കൊണ്ട് ഭൂമിയെ സ്വര്‍ഗ്ഗമാക്കാന്‍ കഴിയും സജ്ജനങ്ങള്‍ക്ക്‌...., എന്നാല്‍ ഈഗോയും അസൂയയും പോലുള്ള തിന്മകളെ മനസ്സില്‍ വളര്‍ത്തുന്നവര്‍ക്ക് വൈരാഗ്യവും വെറുപ്പും മറ്റുള്ള പലദുര്‍ഗുണങ്ങളും മനസ്സില്‍നിറഞ്ഞ് സ്വര്‍ഗ്ഗമാകുന്ന ഭൂമിയിലെജീവിതത്തെ നരകമാക്കിമാറ്റാനും കഴിയും...എല്ലാം നമ്മളിലോരോരുത്തരിലും നിക്ഷിപ്തം.....

എല്ലാ മനസ്സുകളിലും നന്മനിറയട്ടെ..... എല്ലാവര്‍ക്കും നന്മകള്‍ ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ശുഭദിനം നേര്‍ന്നുകൊണ്ട്..,


.സസ്നേഹം,
സരോമ്മ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ