പഴയ പൊസ്റ്റുകൾ

2016, നവംബർ 9, ബുധനാഴ്‌ച

നല്ല മലയാളം
     ടീവിയുടേയും പത്രങ്ങളുടേയും അതിപ്രസരമാണ് നമ്മുടെ നാട്ടില്‍. ഇവരൊക്കെ നല്ല ഭാഷ പ്രചരിപ്പിക്കുന്നതിലും അതു പഠിപ്പിക്കുന്നതിലും വളരെ താണനിലവാരമാണ് പ്രദര്‍ശിപ്പിക്കുന്നത് എന്നു പ്രത്യേകം എടുത്തു പറയണം. ഭരണഭാഷ മലയാളമാക്കിയതുകൊണ്ടോ നിര്‍ബന്ധിച്ച് അതു പഠിപ്പിച്ചതുകൊണ്ടോ നമ്മുടെ ഭാഷ മെച്ചപ്പെടുകയില്ലാ. അതിന് ഇച്ഛാശക്തിയുള്ള ആര്‍ജ്ജവമുള്ള  പ്രതിബദ്ധതയുള്ള ഭരണാധികാരികള്‍ നമുക്കു വേണം. കഴിഞ്ഞ 60 കൊല്ലത്തെ ചരിത്രത്തില്‍ലിന്ന്, നിര്‍ഭാഗ്യവശാല്‍, നമ്മുടെ ഭാഷയ്ക്ക് അപജയമാണുണ്ടായിരിക്കുന്നതെന്ന് നിസ്സംശയം പറയാന്‍ കഴിയും. പുതുതലമുറ മുഴുവന്‍ അക്ഷരത്തെറ്റോടെയാണ് മലയാളം എഴുതുന്നത്. ഉച്ചാരണം അതിലേറെ വികലം. വിദ്യാഭ്യാസവകുപ്പിനെ ഭരിച്ച ആളുകളുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് ഇതിനൊക്കെ കാരണം. ടീവി വന്നതോടെ മലയാളി മലയാളത്തിന്റെ ഉപയോഗം വളരെ കുറച്ചു. അന്യഭാഷകളുടെ കടന്നുകയറ്റം  മലയാളത്തെ വളരെ ക്ഷീണിപ്പിക്കുന്നുണ്ട്. കൂടാതെ സംസാരത്തിന്റെ ഇടയ്ക്ക് ഇംഗ്‌ളിഷ് തിരുകുന്നതും ഒരു നാട്ടുനടപ്പായി. അങ്ങനെ ചെയ്തില്ലെങ്കില്‍ എന്തോ വലിയ അപരാധമാണ് ചെയ്യുന്നത് എന്നാണ് പുതുതലമുറയുടെ ചിന്താഗതി. ഈ വെല്ലുവിളികളെയൊക്കെ തരണംചെയ്തുവേണം നമ്മുടെ ഭാഷയ്ക്കു മുന്നേറാന്‍. ആഗോളവത്ക്കരണത്തിന്റെ ഭാഗമായി വളരെയേറെ കുട്ടികള്‍ ഇംഗ്‌ളീഷ് വിദ്യാബ്യാസത്തിന്റെ പിന്നാലെ പോകുന്നുണ്ട്. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലാ. എന്നാല്‍ അതോടൊപ്പം നമ്മുടെ മാതൃഭാഷയും കൈകാര്യംചെയ്യാന്‍ പഠിപ്പിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ സമീപഭാവിയില്‍ നമ്മുടെ ഭാഷ നിര്‍ജ്ജീവമാകുകയും വലിയ താമസമില്ലാതെ മ്യൂസിയത്തില്‍ ചെന്ന് പേടിക്കേണ്ട അവസ്ഥ സംജാതമാകുകയുംചെയ്യും. അതിനെതിരെ നാമെല്ലാം ഒറ്റക്കെട്ടായി അണിനിരക്കണം. നമ്മുടെ അമ്മമലയാളത്തെ സംരക്ഷിക്കേണ്ട ചുമതല നാമോരോരുത്തര്‍ക്കുമുണ്ട്. അതിനായി നമുക്കു  കൈ കോര്‍ക്കാം. 

   മലയാളം അതു നമ്മുടെ മാതൃഭാഷയാണ്. മാതൃഭാഷ എന്ന വാക്കില്‍നിന്നുതന്നെ ജനിച്ചനാടും നാം സംസാരിക്കുന്ന ഭാഷയും വേര്‍പിരിയനാവാത്ത ഒരുബന്ധമുണ്ടെന്നു നമുക്കു മനസ്സിലാക്കാം. മക്കള്‍ക്ക് അമ്മയോടെന്നപോലെയുള്ള സ്‌നേഹമായിരിക്കും ഒരോ മലയാളിക്കും മലയാളത്തിനോട്. മലയാളി എന്നല്ല, ഏവര്‍ക്കും സ്വന്തം മാതൃഭാഷയോട് അത്തരത്തിലൊരു ബന്ധമായിരിക്കും ഉണ്ടാകുന്നത്. അന്യനാട്ടില്‍ കഴിയേണ്ടിവരുന്ന ഒരു മലയാളിക്ക് മറ്റൊരു മലയാളയെക്കാണുമ്പോഴുള്ള മനോവികാരം .. അത് പറഞ്ഞറിയിക്കാനാകാത്തതല്ലേ.  ലോകത്തില്‍ ഏതാണ്ട് 3500 റേളം ഭാഷകള്‍ നിലവിലുള്ളതായി  പറയപ്പെടുന്നു. ഭാരതഭരണഘചനയിലെ 8-ാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 22 ഔദ്യോഗികഭാഷകളിലൊന്നാണ് മലയാളം. ലോകത്തില്‍ ഏതാണ്ട് മുന്നരക്കോടിയില്‍പ്പരം ജനങ്ങള്‍  മലയാളഭാഷ സംസാരിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. നമ്മുടെ ഭാരതത്തില്‍ കേരളസംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെഭാഗമായ മയ്യഴിയിലും ആന്‍ഡമാന്‍ നിക്കോബാര്‍ദീപസമൂഹങ്ങളിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് മലയാളം. ഭാരതത്തില്‍ ശ്രേഷ്ഠഭാഷാപദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് നമ്മുടെ മലയാളം. 2013 മേയ് 23 നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്. മലയാളഭാഷയ്ക്ക് ഒരു സ്വതന്ത്രഭാഷയെന്നനിലയില്‍ 2300 റോളം കൊല്ലങ്ങളുടെ പഴക്കം അനുമാനിക്കപ്പെടുന്നു. മലയാള അക്ഷരമാലയില്‍ 56 അക്ഷരങ്ങളാണ് ഉള്ളത്. അതിനെ വേണ്ടവിധംകൈകാര്യംചെയ്യുന്നതില്‍ നാമേവര്‍ക്കും പ്രത്യേകശ്രദ്ധയുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. വരും തലമുറകളിലേക്ക് അതു പകര്‍ന്നുനല്കുകയും ചെയ്യണം. കൈരളി എന്നപേരിലും മലയാളം അറിയപ്പെടുന്നു.  മലകളും അളങ്ങളും (സമുദ്രം) ഒത്തുചേരുന്നത് എന്നാണ് മലയാളം എന്ന പദത്തിന്റെ അര്‍ത്ഥം. ഇത് ദ്രാവിഡഭാഷാകുടുംബത്തില്‍പ്പെട്ടതാണ്. മലയാളം എന്നത് ആദ്യകാലത്ത് നമ്മുടെ ദേശനാമമായിരുന്നു. അക്കാലത്ത് മലയാളക്കാരുടെ ഭാഷ മലയാണ്മ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.  പഴയതമിഴിലെ ഒരു വകഭേദമായ കൊടുംതമിഴാണ് പിന്നീട് മലയാണ്മ എന്ന പേരില്‍  അറിയപ്പെട്ടത്. പിന്നീട് മലനാട്ടിലെ ഭാഷയായ മലയാളഭാഷയായി രൂപം പ്രാപിച്ചു എന്നാണ് ഭാഷാശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത്. കിഴക്കന്‍ അതിര്‍ത്തിയിലെ സഹ്യമലനിരകള്‍ കടന്നുള്ള ദുഷ്‌ക്കരമായ യാത്രകളും കാലാവസ്ഥയിലെ വ്യതിയാനങ്ങളും തമിഴ് ദേശക്കാരേയും മലയാളം ദേശക്കാരേയും സാംസ്‌ക്കാരികമായും ഭാഷാപരമായും പരസ്പരം അകറ്റുന്നതില്‍ ഭാഗമായി. മലയാളഭാഷ അന്യംനിന്നുപോകാതിരിക്കാന്‍ വിദ്യാലയങ്ങളില്‍ത്തന്നെ സംവിധാനങ്ങലൊരുക്കണം. കലാവാസനയുള്ള കുട്ടികളുടെ കൂട്ടായ്മകളില്‍ മലയാളഭാഷാപഠനത്തിനും മലയാളസാഹിത്യ ചര്‍ച്ചകള്‍ക്കും വായനയ്ക്കും എഴുത്തിനും അവസരങ്ങളുണ്ടാക്കണം. വിദ്യാലയങ്ങളിലെ ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ മലയാളഭാഷയ്ക്ക് ആര്‍ഹമായ പരിഗണനയും പ്രാതിനിധ്യവും ഉണ്ടാകണം. അന്യനാടുകളില്‍ ജീവിക്കേണ്ടിവരുന്നതായ വീടുകളില്‍ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക്   മാതൃഭാഷയായ മലയാളം എഴുതാനും സംസാരിക്കാനുമുള്ള കഴിവുണ്ടാക്കിക്കൊടുക്കണം. സമൂഹമാദ്ധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയും. വീട്ടില്‍ അമ്മയോടുള്ള അടുപ്പവും സ്വാതന്ത്ര്യവുമാണ് മാതൃഭാഷയോടു  തോന്നുന്നത്. അമ്മയെ സ്‌നേഹിക്കുന്നവര്‍ക്ക് മാതൃരാജ്യവും മാതൃഭാഷയും സ്വദേശവും സ്വന്തം  സംസ്‌ക്കാരവും ഒന്നും മറക്കാനാവില്ല. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ