പഴയ പൊസ്റ്റുകൾ

2016, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

വിമര്‍ശനംഒരു ബ്‌ളോഗു കണ്ടാല്‍ അതൊന്നു വായിച്ചു നോക്കുക സ്വാഭാവീകം. അതിന് അഭിപ്രായം എഴുതണോ, എങ്ങിനെ എഴുതണം അതൊക്കെ വായനക്കാരന്‍റെ അപ്പോഴത്തെ മാനസികാവസ്ഥയേയും സമയത്തേയും ആ വ്യക്തിയോടുള്ള അടുപ്പത്തേയും ഒക്കെ ആശ്രയിച്ചിരിക്കും. അത് മുഴുവനായും വായനക്കാരന്‍റെ സ്വാതന്ത്ര്യത്തിനു വിടുന്നതായിരിക്കും ഉചിതം.
ഇനി രേഖപ്പെടുത്തിയ അഭിപ്രായം ഒരു ലൈക്കിലോ, മാന്യതനിറഞ്ഞ ഒന്നോ
രണ്ടോ വാക്കുകളിലോ, അല്ലെങ്കില്‍ ആകെയൊന്നു വിശകലനം ചെയ്ത പോലെയോ, അലോസരപ്പെടുത്തുന്നതു പോലെയോ, തിരുത്തുന്നതു പോലെയോ, ഇനി മുന്‍പ്പറഞ്ഞ അഭിപ്രായക്കാരനെ പിന്തുടരുന്നതുപോലെയോ ഒക്കെയാകാം. ഇത് അഭിപ്രായ സ്വാതന്ത്ര്യം....എങ്ങിനെയായാലും ആ അഭിപ്രായത്തിനൊരു നന്ദി പറയുന്നതുതന്നെയാണ് രചയിതാവിന്‍റെ മാന്യത. കാരണം അനുവാചകന്‍റെ ആസ്വാദനംതന്നെയാണ് രചയിതാവിന്‍റെ രചനയ്ക്കുള്ള അംഗീകാരം. മാത്രമല്ല, അതു വായിക്കാന്‍ ചെലവാക്കിയ സമയം അനുവാചകന് വിലയേറിയതാണെങ്കിലും അല്ലെങ്കിലും രചയിതാവിന് വിലപ്പെട്ടതുതന്നയാണ്. അതിനൊരു നന്ദി പറയാന്‍ രചയിതാവ് സമയം കണ്ടെത്തിയിരിക്കണം എന്നതാണ് എന്‍റെ അഭിപ്രായം.
രചയിതാക്കള്‍ അനുവാചകരുടെ അഭിപ്രായത്തോട് എങ്ങിനെ പ്രതികരിക്കണം എന്നതില്‍ ഒരു നിബന്ധന വക്കുവാന്‍ സാധിക്കുമോ..?..അല്ലെങ്കില്‍ പ്രതികരിക്കാന്‍ പാടില്ലാ എന്ന് നിര്‍ബന്ധമായി പറയാന്‍ സാധിക്കുമോ...? അനുവാചകരുടെ അഭിപ്രായസ്വാതന്ത്ര്യം പോലെതന്നെ രചയിതാക്കള്‍ക്കും അവരുടെ രചനയിലെ ഉള്ളടക്കം വ്യക്തമാക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ...? വേണ്ടിവന്നാല്‍ അനുവാചകരുടെ അഭിപ്രായത്തെയും വിമര്‍ശിക്കാം എന്നാണെന്‍റെ അഭിപ്രായം. ചിലരചനകള്‍ അന്തരാര്‍ത്ഥത്തില്‍ ആയിരിക്കും രചിച്ചിരിക്കുക. അത് വായിക്കുന്ന എല്ലാര്‍ക്കും മനസ്സിലാകണം എന്നില്ല. അതുകൊണ്ട് ഇതും ഒരുതെറ്റായി എനിക്കു തോന്നുന്നില്ല. കാരണം ഇരു കൂട്ടരുടേയും അബദ്ധങ്ങളോ, അപാകതകളോ, അജ്ഞതയോ ഒക്കെ തിരുത്തപ്പെട്ട് തികഞ്ഞ ഒരു വിജ്ഞാനസമ്പത്ത് എല്ലാര്‍ക്കും ലഭ്യമാകാനും തെളിഞ്ഞ എഴുത്തുകാര്‍ ഇവിടെ ഉരുവാകുവാനും സഹായകരം ആണെന്നതു തന്നെ. എന്നാല്‍ ഇരുഭാഗത്തുനിന്നുമുള്ള അഭിപ്രായങ്ങള്‍ പരസ്പരം മനസ്സിനെ നിരുത്സാഹപ്പെടുത്തുന്നതാകരുതെന്നൊരഭിപ്രായം എനിക്കുണ്ട്.
രചനയുടെ വിമര്‍ശനമായാലും വിമര്‍ശനത്തിന്‍റെ വിമര്‍ശനമായാലും സ്നേഹത്തിന്‍റെ ഭാഷയിലൂടെ തന്നെയായിരിക്കണം. അല്ലെങ്കില്‍ വിമര്‍ശനങ്ങള്‍ ഗുണത്തിനുപകരം ദോഷമായിത്തീരാനും വഴിയുണ്ട്.. അത് ഉണ്ടാകാതെ ശ്രദ്ധിക്കണം....കാരണം എല്ലാത്തിനും പുറമേ നമ്മളൊക്കെ സുഹൃത്തുക്കളാണ്. സ്നേഹത്തിനും സൗഹൃദത്തിനും സാഹോദര്യത്തിനും ഒക്കെയായിരിക്കണം ഇവിടെ മുന്‍ഗണന.
മൊത്തത്തില്‍ വിമര്‍ശനങ്ങളെ നേരിടാന്‍ രചയിതാക്കളും അനുവാചകരും മനസ്സു കൊണ്ട് തയ്യാറാകേണ്ടതുണ്ടെന്നു ചുരുക്കം.
എന്‍റെ ബുദ്ധിയില്‍ ഉദിച്ചതാണ്‌ ഞാന്‍ പറഞ്ഞിരിക്കുന്നത്. ഇതിലും തെറ്റുകള്‍ ഉണ്ടാകാം. കൂടുതല്‍ അറിവുകള്‍ ശേഖരിക്കാനുള്ള ലക്ഷ്യമായിരിക്കണം നാമേവരിലും പ്രതിഫലിക്കേണ്ടത്. പ്രതികരിക്കൂ....എല്ലാ അറിവുകളും പുറത്തേക്കു പ്രവഹിക്കട്ടെ...ആവശ്യക്കാര്‍ സ്വന്തമാക്കട്ടെ....ആശംസകള്‍.!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ