പഴയ പൊസ്റ്റുകൾ

2016, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

ഓര്‍മ്മയിലെ ഓണാഘോഷം


ഓണമിങ്ങെത്തി.....


കുട്ടിക്കാലത്തെ ഓണമെന്നു പറഞ്ഞാല്‍ കൂട്ടുകാരും കൂടപ്പിറപ്പുകളും ഒത്തുകൂടി പറമ്പായപറമ്പൊക്കെ ചവുട്ടിപ്പൊട്ടിച്ച് പൂ പറിക്കാന്‍ നടക്കുന്നതും കോടിയുടുത്തു വിലസുന്നതും കുറെവിഭവങ്ങള്‍കൂട്ടിയുള്ള ഗംഭീരമായ സദ്യയൂണ്ണുന്നതും പുലികളിയും തിരുവാതിരക്കളിയും ഒക്കെയാണ് ഓര്‍മ്മയില്‍വരുന്നത്. എന്നാല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലംമുതല്‍ക്കാണ് ഓണം എന്താണെന്നും എങ്ങനെയാണ് അത് നമ്മുടേതുമാത്രമായതെന്നും ഒക്കെ മനസ്സിലാകാന്‍തുടങ്ങിയത്.
കേരളത്തിന്‍റെ ദേശീയോല്‍സവമാണല്ലോ ഓണം. ചിങ്ങമാസത്തിലെ അത്തംനാള്‍ മുതല്‍ ആരംഭിക്കും ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍. വീടും പരിസരവും വൃത്തിയാക്കി, വേലി കെട്ടി, വെള്ളപൂശി, കോടിവാങ്ങി ഉല്‍സാഹത്തോടെ മാവേലി മന്നനെ എതിരേല്ക്കാന്‍ ഉള്ള ഒരുക്കങ്ങളില്‍ വ്യാപൃതരാകും മലയാളമനസ്സുകള്‍.
ഐതിഹ്യം.
ഒരുപാട് ഐതിഹ്യങ്ങളുണ്ട് ഓണത്തെക്കുറിച്ച്. അതില്‍ പ്രധാനമാത് മഹാബലിയുടേതുതന്നെ. അസുരരാജാവും വിഷ്ണുഭക്തനും ആയിരുന്ന പ്രഹ്ലാദന്‍റെ പേരക്കുട്ടിയായിരുന്നു മഹാബലി. ദേവന്മാര്‍ക്കുപോലും അസൂയ തോന്നുന്നതായിരുന്നു മഹാബലിയുടെ ഭരണകാലം. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് നാട്ടിലെമ്പാടും ഐക്യതയും സത്യസന്ധതയും ദയയും ഒക്കെ നിലനിന്നിരുന്നു. പ്രജകള്‍ ഐശ്വര്യത്തിലാറാടി, ആനന്ദഭരിതരായി ദൈവങ്ങളെപ്പോലും മറന്ന് സസന്തോഷം ജീവിച്ചുപോന്നു.
അക്കാലത്ത് ഐക്യതയും സമത്വവും സത്യസന്ധതയും നിലനിന്നിരുന്നു. എങ്ങും എല്ലാവര്‍ക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തില്‍ അസൂയാലുക്കളായ ദേവന്മാര്‍ വിഷ്ണുവിനെ ചെന്നുകണ്ട് സഹായമഭ്യര്‍ത്ഥിച്ചു. ഉടന്‍തന്നെ വിഷ്ണു വാമനനായി അവതാരമെടുത്ത് വിശ്വജിത്ത് യാഗം ചെയ്തുകൊണ്ടിരുന്ന മഹാബലിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഭിക്ഷയായി മൂന്നടിമണ്ണ് ആവശ്യപ്പെട്ടു. ദാനധര്‍മ്മിഷ്ഠനായ മഹാബലി മൂന്നടിമണ്ണ് അളന്നെടുക്കുവാന്‍ വാമനന് അനുവാദംനല്കി. ഞൊടിയിടയില്‍ ആകാശംമുട്ടെ വളര്‍ന്ന വാമനന്‍ തന്റെ കാല്പാദം അളവുകോലാക്കി ആദ്യത്തെ രണ്ടടിക്കുതന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടി എവിടെ അളക്കണം എന്നു ചോദിച്ചപ്പോള്‍ ആ മഹാമനസ്‌കന്‍ തന്‍റെ ശിരസ്സുകാണിച്ചുകൊടുത്തു. വാമനന്‍ തന്‍റെ പാദസ്പര്‍ശത്താല്‍ ധാർമ്മികതയിൽ വല്ലാതെ അഹങ്കരിച്ചിരുന്ന ദുരഭിമാനിയായ മഹാബലിയെ അഹങ്കാരത്തില്‍നിന്നു മോചിതനാക്കി സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തി. തല്‍സമയം മഹാബലി തനിക്ക് പ്രജകളോടുള്ള അനുകമ്പയും പ്രിയവും അവതരിപ്പിച്ചപ്പോള്‍ ഭഗവാന്‍ ആണ്ടിലൊരിക്കല്‍ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളില്‍ കേരളത്തില്‍വന്ന് പ്രജകളെ സന്ദര്‍ശിക്കുന്നതിന് അനുവാദവും നല്കി. അങ്ങനെ ഓരോവര്‍ഷവും മഹാബലി തന്‍റെ പ്രജകളെ അദൃശ്യനായി സന്ദര്‍ശിക്കാന്‍വരുന്നു എന്നാണ് കേരളീയരുടെയിടയിലുള്ള വിശ്വാസം. സിദ്ധാര്‍ത്ഥ രാജകുമാരന്‍ ബോധോദയത്തിനുശേഷം ശ്രവണപദത്തിലേക്കു പ്രവേശിച്ചത് ശ്രാവണമാസത്തിലെ തിരുവാണനാളിലായിരുന്നു എന്നാണ് പറയപ്പെതുന്നത്. ശ്രാവണപദസ്വീകാരം ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണം എന്ന ഒരു ഐതിഹ്യവും കേട്ടിട്ടുണ്ട്. ശ്രാവണം എന്നപദം ലോപിച്ചുണ്ടായതാണ് ഓണം എന്നും പറയപ്പെടുന്നു. ചിങ്ങമാസത്തെ പൊന്നിന്‍ചിങ്ങം എന്നാണ് പറയുന്നത്. ചിങ്ങംപിറന്നാല്‍ ചിണുങ്ങിച്ചിണുങ്ങി എന്നു പറയാറില്ലേ. മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ചിങ്ങമാസത്തിലെ തിരുവോണംനാളിലാണ്. മഴകാരണം വാണിജ്യത്തിന്റെ ആദ്യനാള്‍ മുതല്‍ അന്നുവരെ ദൂരെ നങ്കൂരമിട്ടുകിടന്നിരുന്നകപ്പലുകള്‍ സ്വര്‍ണ്ണവുമായി എത്തുന്നു. അതുകൊണ്ടാണ് ചിങ്ങമാസത്തിനെ പൊന്നിന്‍ചിങ്ങം എന്നും ഓണംനാളിനെ പൊന്നോണം എന്നും പറയുന്നത്.
തൃക്കാക്കരെയപ്പന്‍
തൃക്കാക്കരയപ്പന്‍റെ പ്രാധാന്യം പരശുരാമനുമായി ബന്ധപ്പെട്ടുള്ള ഓണത്തിന്‍റെ ഐതിഹ്യത്തിലാണ്. . വരുണനില്‍നിന്നു കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണര്‍ക്ക് ദാനംനല്‍കിയ പരശുരാമന്‍ അവരുമായി പിണങ്ങിപ്പിരിയുകയും തല്‍സമയം മാപ്പപോക്ഷിച്ച ബ്രാഹ്മണരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് വര്‍ഷത്തിലൊരിക്കല്‍ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളില്‍ വിഷ്ണുവിന്റെ ഒരവതാരമായ പരശുരാമന്‍ തൃക്കാക്കരയില്‍ അവതരിച്ചോളാം എന്ന് വാഗ്ദാനംചെയ്യുകയും ചെയ്തു. ഇതാണ് ഓണംനാളില്‍ തൃക്കാക്കരയപ്പനെ പൂജിക്കുന്നതിന്റെ പൊരുള്‍. 
മുറ്റത്തു ചാണകംമെഴുകി പൂക്കളമുണ്ടാക്കുകയാണ് ആദ്യ ഒരുക്കം. അത്തം, ചിത്തിര, ചോതി എന്നീ ആദ്യ മൂന്നു നാളുകളില്‍ തുമ്പപ്പൂവും തുളസിക്കതിരും മാത്രം കൊണ്ടായിരിക്കും പൂക്കളം ഒരുക്കുക.. വിശാഖംനാളിൽ മുള്ളുകമ്പുകൊണ്ട് താമരവരച്ച് വര്‍ണ്ണപ്പൂക്കള്‍കൊണ്ട് താമരപ്പൂക്കളം ഉണ്ടാക്കും. തൃക്കേട്ടനാളില്‍ നാഴികമണി ആകൃതിയിലും മൂലത്തുന്നാള്‍ മുറം പോലെയും പൂരാടം ഉത്രാടം നാളുകളില്‍ ഇഷ്ടാനുസരണം വലുപ്പമുള്ള പൂക്കളങ്ങളും ഉണ്ടാക്കും.

ഉത്രാടപ്പാച്ചില്‍
ഉത്രാടപ്പാച്ചില്‍ എന്നുകേട്ടിട്ടില്ലേ. ഉത്രാടംനാള്‍ ഓണച്ചന്തയില്‍പോയി ഓണസാമഗ്രികള്‍ അടുപ്പിക്കുവാനുള്ള തിരക്കിലായിരിക്കും വീട്ടിലെ മുതിര്‍ന്നവര്‍. അന്നുവൈകുന്നേരം പൂ മാറ്റി പൂത്തറയുണ്ടാക്കി കുരുത്തോലപ്പന്തലിട്ട് പൂത്തറയേയും കളിമണ്ണുകൊണ്ടു മനഞ്ഞെടുത്ത തൃക്കാക്കരയപ്പനേയും ഇഷ്ടിക അരച്ചുപുരട്ടി അരിമാവണിയിച്ച് ആലങ്കരിക്കും. ഒരു വലിയ കുട്ടനിറയെ തുമ്പക്കടവും ചെത്തിപ്പൂവും തുളസിക്കതിരും കുരുത്തോല കഷണങ്ങളാക്കിയതും മറ്റുപൂക്കളുംചേര്‍ത്ത് നല്ലപോലെഇളക്കിത്തയ്യാറാക്കി എടുത്തുവയ്ക്കും. പിന്നെ ഉപ്പേരികള്‍ തുടങ്ങിയ എല്ലാ പലഹാരങ്ങളും ഓണസദ്യക്കുള്ള ഇഞ്ചി, നാരങ്ങ, മാങ്ങ തുടങ്ങിയ അച്ചാറുകളും അരികൊണ്ടുള്ള അടയും ഒക്കെ ഉണ്ടാക്കിവെച്ചശേഷമേ ഉറങ്ങാറുള്ളൂ. ചിലപ്പോള്‍ ഉറങ്ങാന്‍ സമയംകിട്ടിയെന്നുംവരില്ല. ഇതിനെയാണ് ഉത്രാടപ്പാച്ചില്‍ എന്ന് പഴമക്കാര്‍ പറയുന്നത്.
ഓണം കൊള്ളല്‍
തിരുവോണംനാളില്‍ വെളുപ്പിനെതന്നെ എഴുന്നേറ്റ് കുളിച്ച് കോടിയണിയും. പടിവാതില്‍ക്കല്‍ ചാണകംകൊണ്ട് മെഴുകിയ ചെറിയൊരു കളത്തില്‍ നാക്കിലയില്‍ അവിലും മലരും ശര്‍ക്കരയും അടയും വെച്ച് ഒരാള്‍ കാത്തുനില്ക്കും. അല്ലെങ്കില്‍ അടയുംകൊണ്ട് അടക്കള്ളന്മാര്‍ പോകും. പിന്നീട് വീട്ടിലെ മൂത്തകാരണവരെ അനുഗമിച്ച് തേങ്ങയും പൂക്കൊട്ടയും കൊളുത്തിയ വിളക്കുമായി പടിക്കലേക്കുപോകും. അവിടെ വിളക്കുവെച്ച് തേങ്ങയുടച്ച് മാവേലിത്തമ്പുരാനെ മനസ്സില്‍ സാങ്കല്പിച്ച് നടപ്പാതതോറും പുഷ്പങ്ങള്‍വിതറി നിറമനസ്സോടെ തൃക്കാക്കരപ്പോ പടിക്കേലും വായോ.....ഞാനിട്ട പൂക്കളം കാണാനും വായോ......ആര്‍പ്പേയ്....ഇര്‍റോ....ഇര്‍റോ എന്ന് ഉറക്കെവിളിച്ചുകൊണ്ട് ഭക്തിപുരസ്സരം മാവേലിയെ വീട്ടിലേക്കാനയിച്ച് പൂത്തറയിലിരുത്തി പൂജിക്കും.
ഓണസദ്യ
പിന്നെ സദ്യക്കുള്ള ഒരുക്കങ്ങളാണ്. പരിപ്പ്, നെയ്യ്, ഉപ്പ്, സാമ്പാര്‍, അവിയല്‍, തോരന്‍, പച്ചടി, കിച്ചടി, ഓലന്‍, തീയല്‍, കാളന്‍, എരിശ്ശേരി, പുളിശ്ശേരി, കൂട്ടുകറി, രസം, പച്ച മോര്, ഇഞ്ചി, നാരങ്ങ, മാങ്ങ, ഉപ്പേരികള്‍, പപ്പടം, പഴം, പായസം, അപ്പം, വട, എള്ളുണ്ട എന്നീ വിഭവങ്ങള്‍ ഉണ്ടാകും എന്‍റെ അമ്മയുടെ ഓണസദ്യയില്‍. അന്ന് എന്‍റെ അച്ഛനും ഉണ്ടാവും അടുക്കളയില്‍ സഹായത്തിന്. നിലവിളക്കു കൊളുത്തി നാക്കില നാക്ക് ഇടതുവശം വരുന്നരീതിയില്‍വെച്ച് എല്ലാവിഭവങ്ങളും ആദ്യം ഗണപതിക്കുവിളമ്പണം. അതുകഴിഞ്ഞേ എല്ലാവര്‍ക്കും വിളമ്പാറുള്ളൂ. വിളമ്പുന്നതിനുമുണ്ട് പ്രത്യേകത.. ഇടതുമുകളില്‍ ഉപ്പേരി, വലതുതാഴെ ശര്‍ക്കരയുപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളന്‍, ഓലന്‍, എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. വിഭവങ്ങളുടെ രുചികള്‍ വിവരിച്ചുകൊണ്ടുള്ള ആ സദ്യയൂണ് ഇന്നും മനസ്സില്‍ മങ്ങാതെതന്നെയുണ്ട്. ഊണുകഴിഞ്ഞാല്‍ മാറ്റിനിക്കുപോകുന്ന പതിവും ഉണ്ടായിരുന്നു.
ഓണക്കളി
ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ്‌ ആറൻമുള വള്ളംകളി നടക്കുന്നത്‌. ഇതിന്‍റെ ഐതിഹ്യം ആറന്മുള ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പണ്ട്‌ ആറന്മുള ക്ഷേത്രത്തിനടുത്ത്‌ ഒരു കൃഷ്ണഭക്‌തനുണ്ടായിരുന്നു.ദിവസേന ഒരു തീര്‍ത്ഥാടകന് തന്‍റെ വീട്ടില്‍ ഭക്ഷണം നല്‍കുക അദ്ദേഹത്തിന്‍റെ പതിവായിരുന്നു. ഒരു ദിവസം തീര്‍ത്ഥാടകരാരും വന്നു കണ്ടില്ല. അവസാനം ഒരാള്‍ വരികയും ഭക്ഷണത്തിനു ശേഷം വീണ്ടും വരണമെന്നു പറഞ്ഞപ്പോള്‍ അതു സാദ്ധ്യമല്ല എന്ന് അയാള്‍ പറയുകയും ചെയ്തു. പോകാന്‍ നേരം ആറന്മുള ക്ഷേത്രത്തില്‍ തന്നെ കാണാമെന്നു പറഞ്ഞ് അയാള്‍ മറഞ്ഞു. അപ്പോഴാണ് തീര്‍ത്ഥാടകന്‍ മറ്റാരുമല്ല സാക്ഷാല്‍ ശ്രീകൃഷ്ണനാണ് എന്നു ഭക്തനുമനസ്സിലായത്. അതിനുശേഷം എല്ലാ തിരുവോണനാളിലും അയാള്‍ അരിയും മറ്റുസാധനങ്ങളും സദ്യക്കായി വള്ളത്തില്‍ കൊണ്ടുവന്നിരുന്നു. ഒരുക്കല്‍ ഈ വള്ളത്തിനുനേര്‍ക്ക് ഒരാക്രമണമുണ്ടാവുകയും പിന്നീട് ഇത്തരത്തിലുള്ള സംഭവങ്ങള്‍ തടയാന്‍ ചുണ്ടന്‍വള്ളങ്ങളെ അകമ്പടിയായി കൊണ്ടുവരികയും ചെയ്തു. ഇതാണ് പിന്നീട് വള്ളംകളിയായി മാറിയത്. ആറന്മുളയില്‍മാത്രമല്ല, പായിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും വള്ളംകളി നടക്കാറുണ്ട്. സുന്ദരിക്കുപൊട്ടുകുത്ത്, ഓണക്കളി, കൈകൊട്ടിക്കളി, പുലികളി, കുമ്മാട്ടിക്കളി, പകിടകളി തുടങ്ങിയ കളികള്‍ ഓണനാളില്‍ പതിവാണ്. വീട്ടിലെ മുതിര്‍ന്നവരും കൂടും കളിക്ക്. പിന്നെ കളിച്ചുക്ഷീണിച്ച ഉറക്കം.
ഓണപ്പാട്ട്.
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
ആധികള്‍ വ്യാധികളൊന്നുമില്ലാ
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല
ദുഷ്ടരെ കണ്‍കൊണ്ടു കാണ്‍മാനില്ല
നല്ലവരല്ലാതെയില്ല പാരില്‍
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
വെള്ളിക്കോലാദികള്‍ നാഴികളും
എല്ലാം കണക്കിനു തുല്യമായി
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
ഓണത്തല്ല്
ഓണക്കാലയിനങ്ങളില്‍ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്. ഓണപ്പട, കൈയാങ്കളി എന്നും ഇതിനു പേരുണ്ട്. കൈപരത്തിയുള്ള അടിയും തടവും മാത്രമേ പാടുള്ളൂ ഓണത്തല്ലില്‍. മുഷ്ടിചുരുട്ടി ഇടിക്കുകയോ ചവിട്ടുകയോ അരുത്. വ്യവസ്ഥ തെറ്റുമ്പോള്‍ പിടിച്ചുമാറ്റാന്‍ ചാതിക്കാരന്മാര്‍ (റെഫറി) ഉണ്ട് നിരന്നുനില്‍ക്കുന്ന രണ്ടുചേരിക്കാര്‍ക്കുംനടുവില്‍ 14 മീറ്റര്‍ വ്യാസത്തില്‍ ചാണകം മെഴുകിയ കളത്തിലാണ് തല്ലുനടക്കുക. ഇതിന് ആട്ടക്കളം എന്നുപറയുന്നു. തല്ലുതുടങ്ങുംമുമ്പ് രണ്ടു പേരും പരസ്പരം ഉപചാരംചെയ്യുകയും ഗുരുക്കന്മാരെ വണങ്ങുകയുംചെയ്യുന്നു. ഇതിന് ചേരികുമ്പിടുക എന്നുപറയും. ഏതെങ്കിലും ഒരുചേരിയില്‍നിന്ന് പോര്‍വിളിമുഴക്കി ഒരാള്‍ ആട്ടക്കളത്തിലിറങ്ങുന്നു. തുല്യശക്തിയുള്ള ഒരാള്‍ എതിര്‍ചേരിയില്‍നിന്നും ഇറങ്ങും. തറ്റുടുത്ത് ചേലമുറുക്കി ഹയ്യത്തട എന്നൊരാര്‍പ്പോടെ നിലംവിട്ടുയര്‍ന്ന് കളംതൊട്ടുവന്ദിച്ച് ഒറ്റക്കുതിപ്പില്‍ രണ്ടുതല്ലുകാരും മുഖത്തോടുമുഖംനോക്കിനിന്ന് ഇരുകൈകളും കോര്‍ക്കും. പിന്നെ കൈകള്‍രണ്ടും ആകാവുന്നത്ര ബലത്തില്‍ കോര്‍ത്ത് മുകളിലേക്കുയര്‍ത്തി താഴേക്ക് ശക്തിയായി വലിച്ചുവിടുവിക്കും. അതോടെ തല്ലുതുടങ്ങുകയായി. ഒപ്പം ആര്‍പ്പുവിളികളും. തല്ലുതുടങ്ങിയാല്‍ ഏതെങ്കിലും ഒരുപക്ഷത്തിന് വിജയംകിട്ടാതെ കളംവിട്ടുപോകരുതെന്ന് നിയമമുണ്ട്
ഓണക്കാഴ്ച
ജന്മിയുമായുള്ള ഉടമ്പടിപ്രകാരം പാട്ടക്കാരനായ കുടിയാന്‍ നല്‍കേണ്ടിയിരുന്ന നിര്‍ബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ചസമര്‍പ്പണം. കാഴ്ചയര്‍പ്പിക്കുന്ന കുടിയാന്മാര്‍ക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാര്‍ നല്‍കിയിരുന്നു. വീട്ടിലെ പെണ്‍കുട്ടികളുടെ കല്യാണംകഴിഞ്ഞാല്‍ ആദ്യവര്‍ഷത്തെ ഓണത്തിന് പെണ്‍വീട്ടുകാര്‍ ആണ്‍വീട്ടിലേക്ക് ഓണക്കാഴ്ച (വാഴക്കുലയും ഓണപ്പലഹാരങ്ങളും )കൊണ്ടുപോകുന്ന ചടങ്ങുണ്ട്. ഈ ഓണക്കാഴ്ചയില്‍ വീട്ടുകാര്‍ക്കുമാത്രമല്ല, അയല്‍ക്കാര്‍ക്കും വേലക്കാര്‍ക്കും വരെ അവകാശമുണ്ടായിരിക്കും.
കാണം വിറ്റും ഓണം ഉണ്ണണം
ഓണത്തോടനുബന്ധിച്ചുള്ള ഒരു ചൊല്ലാണിത്. മാവേലിത്തമ്പുരാന്‍ തന്റെ ഇഷ്ടപ്രജകളെ സന്ദര്‍ശിക്കാന്‍വരുമ്പോള്‍ അവര്‍ ഇല്ലവല്ലായ്മകളില്‍ ജീവിക്കുന്നതുകണ്ടാല്‍ അദ്ദേഹം മനസ്സുസങ്കടപ്പെട്ട് അസംതൃപ്തിയോടെ മടങ്ങേണ്ടതായിവരും എന്നതിനാലാണ് തിരുവോണനാളില്‍ എത്ര ഇല്ലാത്തവരും കടംവാങ്ങിയെങ്കിലും കോടിയണിഞ്ഞ്, സുഭിക്ഷമായി ഉണുകഴിച്ച് സസന്തോഷം ആടിപ്പാടി തമ്മില്‍ ഐക്യതയോടെ ജീവിച്ച് മന്നന് സന്തോഷവും സംതൃപ്തിയും നല്‍കണം എന്ന സദുദ്ദേശത്തോടെയാണ് പഴമക്കാര്‍ ഇങ്ങനെയൊരു ചൊല്ലുണ്ടാക്കിയത്.
എന്നാല്‍ ഇന്നത്തെ സ്ഥിതി നേരെമറിച്ചല്ലേ. ഇന്ന് വയലേലകളോ വൃക്ഷലതാദികളോ കാണാനുണ്ടോ. ഓണപ്പൂക്കളും ഓണക്കളികളും എവിടെ...എവിടെ നോക്കിയാലും അംബരചുംബികളായ കൂറ്റന്‍ കെട്ടിടങ്ങള്‍ മാത്രം. കൂടാതെ കേരളത്തിലെ മലയാളികളില്‍ ചിലര്‍ക്കെവിടെ ഓണം ആഘോഷിക്കാന്‍ സമയം. ടെലിവിഷന്‍ കാഴ്ചകളിലും വമ്പന്‍ ഹോട്ടലുകള്‍ ഒരുക്കുന്ന ഓണസദ്യകളിലും ഒതുങ്ങുകയല്ലേ വാസ്തവത്തില്‍ കേരളീയരുടെ ഓണാഘോഷം
ആയില്യം മകം
ഓണത്തോടനുബന്ധിച്ച് ആയില്യംമകം എന്നൊരാഘോഷംകൂടിയുണ്ട്. അത് മക്കള്‍ക്കുവേണ്ടിയാണെന്നാണ് വയ്പ്പ്.. ഓണപ്പൂത്തറയില്‍ നിത്യവും മുടങ്ങാതെ സന്ധ്യത്തിരി കത്തിച്ച് പതിനാറാംപക്കം മകംനാളില്‍ പൂത്തറയില്‍ വീണ്ടും ഒരു പൂജ മക്കള്‍ക്കായി. ഉച്ചക്കൊരു ചെറിയ സദ്യകൂടി കഴിഞ്ഞ് അന്നു വൈകുന്നേരമാണ് പൂത്തറപൊളിക്കുക. ഇതൊക്കെയാണ്. എന്റെ ഓര്‍മ്മയിലെ ഓണാഘോഷം.
ഓണം വഞ്ചനയുടെ ആഘോഷമോ ????!!!!!!!
ഓണം വഞ്ചനയുടെ ആഘോഷം ആണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരോട് ഒരു ചോദ്യം... അസുരന്മാര്‍ ധാര്‍മികത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവര്‍ ആണെന്നാണ് പുരാണങ്ങളില്‍നിന്നു നമ്മള്‍ അറിയുന്നത്. അവരില്‍നിന്നു വ്യത്യസ്തസ്വഭാവമുള്ള ഒരു അസുരന്‍ ആയിരുന്നു മഹാബലി. അദ്ദേഹത്തിന്‍റെ പിന്‍തലമുറക്കാരായ എല്ലാ അസുരന്മാരും നല്ലവരായിരിക്കും എന്ന് ആര്‍ക്കെങ്കിലും നിശ്ചയം ഉണ്ടോ? അല്ല എന്ന് നിശ്ചയമുള്ള ഭഗവാൻ മഹാബലിയുടെ കാലശേഷം മറ്റൊരസുരൻ ചക്രവർത്തിയായി വന്നാലുള്ള ഭവിഷ്യത്ത് ഓര്‍ത്ത് മനസ്സില്‍ല് ഉളവായ ആശങ്കയാൽ അങ്ങനെയൊരു കര്‍മ്മം നിര്‍വ്വഹിച്ചു. ഇതിലൂടെ വാസ്തവത്തിൽ കേരളത്തെയും കേരള ജനതയെയും രക്ഷിക്കുകതന്നെയല്ലേ ഭഗവാന്‍ ചെയ്തത്. ഭക്തവത്സലനായ വിഷ്ണുഭഗവാന്‍ താന്‍ ചെയ്ത വലിയ തെറ്റിനു പ്രായശ്ചിത്തമായി ഈ പ്രിയഭക്തനൊപ്പം പാതാളത്തില്‍ ദ്വാരപാലകനായി കഴിഞ്ഞിരുന്നു എന്നും പിന്നീട് ലക്ഷ്മീ ദേവി പാതാളത്തിലെത്തുകയും ഭര്‍ത്താവിനുവേണ്ടി കേണപേക്ഷിക്കുകയും ചെയ്തതിന്‍റെ ഫലമായി മഹാബലി വിഷ്ണുഭഗവാനെ സാഷ്ടാംഗം നമസ്കരിച്ച് ദേവിയോട് മാപ്പപേക്ഷിക്കുകയും പതിയെ മടക്കിക്കൊണ്ടുപോകാന്‍ അനുമതി നല്‍കുകയും ചെയ്തു. അപ്പോള്‍ ഭഗവന്‍ ഇനിയുള്ള ഇന്ദ്രപദം ബലിക്കുതന്നെയായിരിക്കും ലഭിക്കുക എന്ന് ആശീര്‍വദിക്കുകയും ചെയ്തു എന്നും പറയുന്നുണ്ട്.
മുട്ടുകാലിൽ നീന്തുന്ന പ്രായത്തിൽ വിളക്കിലെ തീയ്യ് പൊള്ളും എന്ന സത്യം അറിയാതെയല്ലേ നമ്മൾ ആ തീനാളത്തെ പിടിച്ചു കളിക്കാൻ വെമ്പുന്നത്. അവിടെ അമ്മ തടഞ്ഞില്ലെങ്കിൽ എന്തായിരിക്കും ഫലം? നാമെപ്പോഴും ഈശ്വരന്റെ മുന്നിൽ കുഞ്ഞുങ്ങൾതന്നെ. നമ്മളാൽ ചെയ്യാൻ കഴിയാത്ത പല പൊതു നന്മകളും നമുക്ക് വേണ്ടി ചെയ്യാൻ ഈ പ്രപഞ്ചത്തിൽ ഒരു ശക്തിയുണ്ടെന്ന പ്രപഞ്ചസത്യം ആണ് ഓണം എന്ന മഹോത്സവത്തിന്റെ ഐതിഹ്യത്തിൽ ഒളിഞ്ഞുകിടക്കുന്നത്.
വിമര്ശനം നാടിന്റെ പുരോഗതിക്കു ആവശ്യം തന്നെ. എന്നാൽ തെറ്റായ ഒരു വ്യാഖ്യാനത്തിലൂടെ ശരിയായ പലതും മറഞ്ഞു പോകാനിട വരുത്തും എന്ന കാര്യം നാം വിസ്മരിച്ചു കൂടാ.ആയതിനാൽ പുതിയ തലമുറയ്ക്ക് നിലവിലുള്ള ഐതിഹ്യവും അതിലെ നന്മയും മുഴുവനുമായി ഉൾക്കൊള്ളാൻ ഉതകുംവിധത്തിലുള്ള വ്യാഖ്യാനംതന്നെയാണ് ഉചിതവും പ്രശംസനീയവും എന്നാണു എന്റെ തനതായ അഭിപ്രായം.

വിവാഹശേഷം (1979) ഞാന്‍ എന്‍റെ അമ്മയുടെകൂടെ തറവാട്ടില്‍ ഓണം ഉണ്ണാന്‍ എത്തിയത് 2013 ലാണ്. ഈ വര്‍ഷവും അമ്മയുടെകൂടെ തന്നെയാണ് എന്‍റെ ഓണം. 19 വയസ്സുവരെ ഓണം ആഘോഷിച്ച ഓര്‍മ്മയേയുള്ളൂ....
ബാക്കിയുള്ള കാലങ്ങളില്‍ അന്യനാടുകളില്‍ ആവുംവിധം ഓണം ആഘോഷിച്ചിട്ടുണ്ടെങ്കിലും വല്ലാത്ത കൊതിയായിരുന്നു പൂക്കളമിട്ട് പൂത്തറ കെട്ടി പൂമാറ്റി നാട്ടില്‍ ഓണം ആഘോഷിക്കാന്‍...

എന്നെപ്പോലെ അന്യനാട്ടില്‍ ജീവിക്കേണ്ടി വരുന്ന എല്ലാ മലയാളികള്‍ക്കും ഓണം ഒരു കാത്തിരുപ്പിന്‍റെ ആഘോഷമാണ്; മലയാളരക്തത്തില്‍ കലര്‍ന്നിരിക്കുന്ന ഒരുവികരമാണ്.
അതുകൊണ്ടുതന്നെയായിരിക്കും മറുനാട്ടില്‍ ഓണം ആഘോഷിക്കേണ്ടി വരുമ്പോഴും മലയാളിത്തത്തോടെ ആഘോഷിക്കാന്‍ ഓരോ മലയാളിയും ബദ്ധപ്പെടുന്നതും.
പഴയ ഓണക്കാല സ്മരണകളെ അയവിറക്കിക്കൊണ്ട്.... ഒരു പുതിയ ഓണത്തിനുള്ള കാത്തിരിപ്പോടെ.....

എല്ലാ മലയാളിസുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു..
സസ്നേഹം,
സരോജാദേവി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ