പഴയ പൊസ്റ്റുകൾ

2016, ജൂലൈ 15, വെള്ളിയാഴ്‌ച

അച്ഛന്റെ തൊരപ്പന്‍


പല്ലു തേക്കാതെയും കുളിക്കാതെയും മുതിര്‍ന്നവരെ പറ്റിച്ച് ചായയും കടിയും അകത്താക്കുക എന്നത് ഒരു ഹരമായിരുന്നു കുഞ്ഞുന്നാളില്‍ എന്നാല്‍ തെക്കെ പറമ്പില്‍ നട്ട കപ്പ പാകമാകാറാകുമ്പോള്‍ എന്റെ കുളിക്കാനുള്ള മടിയൊക്കെ പമ്പ കടക്കും. കപ്പക്കട മാന്തിത്തിന്നാനുള്ള അടവാണ് ആ കുളിയുടെ പിന്നില്‍. കാരണം കുളം തെക്കേപ്പറമ്പിലാണ്. കുളിക്കാനെന്നും പറഞ്ഞ് തെക്കെപ്പറമ്പിലേക്കു പോയാല്‍ പിന്നെ കപ്പക്കട മാന്തി കപ്പയൊടിച്ചെടുത്ത് കുളത്തിലിട്ടു കഴുകി അവിടെയിരുന്നു തിന്ന ശേഷം കുളിച്ചു കുട്ടപ്പിയായി ഞാനൊന്നുമറി ഞ്ഞില്ലേ രാമനാരായണാ എന്നൊരു വരവാ വീട്ടിലേക്ക്. ഏഴെട്ടു കുഞ്ഞുങ്ങള്‍ക്ക് ചോറും കെട്ടി സ്‌കൂളില്‍ അയക്കുന്നത് ഒരു വലിയ ജോലി തന്നെയാണ്. അതിനിടയിലാണ് എന്റെയൊരു മുടിഞ്ഞ കുളി വാശി. എന്തായാലും കപ്പ തീരും വരെ അമ്മക്കൊരാശ്വാസം.

കപ്പ പറിക്കാറായപ്പോള്‍ അച്ഛന്‍ ആളേയും കൊണ്ടു വന്നു. അന്ന് സ്‌കൂളിലേക്കുപോകുമ്പോള്‍ മനസ്സിലൊരു നടുക്കമായിരുന്നു. വഴിയിലും ക്ലാസ്സിലും മിടുക്കിക്കുട്ടിയായിരുന്നു അന്നു മുഴുവന്നും . ക്ലാസ്സില്‍ പഠിപ്പിട്ടതൊന്നും തലയില്‍ കയറിയില്ല. അതെങ്ങിനെയാ വൈകുന്നേരത്തെ പൂരോം ചൂരല്‍ കഷായോം ഒക്കെയല്ലേ മനസ്സില്‍. വൈകുന്നേരം ബെല്‌ലിച്ചപ്പോള്‍ ദേഹമാകെയൊരു ചൂടു പരന്നു. വല്ലാത്തൊരസ്വസ്ഥത. ഇന്ന് എന്റെ കാര്യത്തിനേതാണ്ടൊരു തീരുമാനമാകും. അടിയുറപ്പാ..എന്നൊക്കെ ഓരോന്നു ചിന്തിച്ച് എളുപ്പം വീട്ടിലെത്തിയപോലെ തോന്നി. ആരേയും കാണുന്നില്ല ഉമ്മറത്ത്. മെല്ലെ അകത്തു കടന്ന് ബാഗും ഷെല്‍ഫില്‍ വെച്ച്  കയ്യും മുഖവും കഴുകി വന്ന് പേടിച്ചു പേടിച്ചു നിന്നു. സരൂ ...അമ്മയാണു വിളിച്ചത് . എന്റെ നല്ല ജീനങ്ങു പോയി. എന്നാലും അമ്മേടേ അടുത്തേക്കു ചെന്നു. അടുക്കളയില്‍ ചായയിരിപ്പുണ്ട് എടുത്തു കുടിച്ചേച്ച് വേഗം കടയില്‍ പോകാന്‍ നോക്ക് എന്ന്.കടയില്‍ പോകുന്ന ജോലി എന്റേതാണ്. ഹാവൂ...സമാധാനമായി എനിക്ക്. പ്രശ്‌നങ്ങളൊന്നുമില്ല. ആരും ഒന്നു കണ്ടുപിടിച്ചിട്ടുമില്ല. ഭാഗ്യം.  ദൈവത്തിന് അപ്പോള്‍ തന്നെ ഒരു നൂറു കോടി നന്ദിയും വരവു വച്ച്  ലിസ്റ്റും സഞ്ചിയുമെടുത്ത് കടയിലേക്കു പോയി. അടുത്ത കള്ളത്തരം തേടി മനസ്സും യാത്രയായി.

അടുത്ത വര്‍ഷം കപ്പ നടുന്ന സമയം വന്നപ്പോള്‍ അച്ഛന്‍ അമ്മയോട് പറയുകയാണ് ഈ വര്‍ഷം തെക്കേപ്പറമ്പില്‍ കപ്പ നടണ്ട. അപ്പിടി തൊരപ്പന്റെ ശല്യമാണ്.. പടിഞ്ഞാപ്പുറത്തേക്ക് നീക്കി നടാന്‍ പറയൂ അവരോട്. ഒരു രണ്ടു വര്‍ഷം വിട്ടു നോക്കാം .തൊരപ്പന്റെ ശല്യമൊന്നു കുറയട്ടെ എന്ന്. പാവം അച്ഛനുണ്ടോ അറിയുന്നു മക്കളില്‍ തൊരപ്പനും ഉണ്ടെന്ന കാര്യം. അച്ഛന്റെ 80-ാം പിറന്നാള്‍ ആഘോഷത്തിന്റെ  അന്ന് ഈ കഥ പറഞ്ഞ് ഞങ്ങള്‍ ഒരുപാടു ചിരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ