പഴയ പൊസ്റ്റുകൾ

2016, ജൂലൈ 15, വെള്ളിയാഴ്‌ച

നിറപ്പകിട്ടാര്‍ന്ന ബാല്യംസ്വന്തം ബാല്യത്തിലേക്ക് ഒന്നെത്തി നോക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരും തന്നയുണ്ടാവില്ല. അതും എന്നെപ്പോലെ നീറപ്പകിട്ടാര്‍ന്ന ബാല്യകാലമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.   ഓര്‍മ്മകളുടെ മണിച്ചെപ്പില്‍ ഒട്ടും നിറം മങ്ങാതെ കാത്തു സൂക്ഷിക്കുന്ന ആ അമൂല്യ  നിധി്  ഒന്നു   മനസ്സിലിട്ട് താലോലിക്കയാണിവിടെ. 

 ഒരു സമ്പന്ന കുടുംബത്തില്‍ ജനനം. അമ്മയും അച്ഛനും അമ്മമ്മയും ചേച്ചിമാരും അനിയത്തിമാരും ചേട്ടനും അനിയനും ഒക്കെയായി കുറവേതുമില്ലാത്ത സുവര്‍ണ്ണ കാലം. ഓടിക്കളിക്കാന്‍ വലിയ പറമ്പ്, ആവശ്യത്തിനു ഭക്ഷണം, ഉടുക്കാന്‍ നല്ല വിലയേറിയ വസ്ത്രങങള്‍, കളിക്കാന്‍ കൂട്ടുകാര്‍, കുളിക്കാന്‍ കൊച്ചു പാറക്കുളം, കൂടെയുറങ്ങാന്‍ കൂടപ്പിറപ്പുകള്‍ അങ്ങിനെ ഒന്നിനും ഒരു കുറവ് അനുഭവിച്ചതായി ഓര്‍മ്മയിലില്ല. ഇങ്ങനെയൊരു ബാല്യം നല്‍കിയ മാതാപിതാക്കളോടും അതു കനിഞാഞേകിയ ഈശ്വരനോടും മനസ്സിലെപ്പോഴും സ്തുതി പറയാറുണ്ട്. കാക്കയോടും പൂച്ചയോടും ഇലകളോടും പൂക്കളോടും കാറ്റിനോടും കിളികളോടും കുശലം പറഞ്ഞ് പാറി നടന്ന പൂമ്പാറ്റക്കാലം. ഒരിക്കലും തിരിച്ചു വരാത്ത അടിപൊളി ബാല്യം. 

അച്ഛന്‍ എന്നെ കൂനിക്കുറുമ്പി, വെള്ളപ്പാറ്റ എന്നൊക്കയാണ് വിളിച്ചിരുന്നത്. അച്ഛന്റെ ആ വിളിയിലിരുന്ന് ഞാനൊരു കുറുമ്പിയായിരുന്നു എന്നതില്‍ സംശയമില്ല. അനിയന്റെ ഇങ്കു (കുറുക്ക് ) കട്ടു തിന്ന് അവന്‍ ഇങ്കി എന്ന പേരും ഇട്ടു. അനിയത്തീടെ കയ്യീന്ന് ബിസ്‌കറ്റു തട്ടിച്ചു തിന്നുന്നതില്‍ അതീവ സാമര്‍ത്ഥ്യമായിരുന്നു എനിക്ക്. ഇന്നത്തെ ബ്ലാക്ക് മെയിലിന്റെ ചെറിയൊരു രൂപം. എടുത്തോണ്ടു നടക്കാമെന്നും പറഞ്ഞ് അവളുടെ കയ്യിലിരിക്കുന്ന ബിസ്‌കറ്റെല്ലാം അടിച്ചുമാറ്റും.
സ്‌കൂളില്‍ പോകാന്‍ വലിയ ഇഷ്ടമായിരുന്നു. പഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇഷ്ടം കുട്ടികളോട് അടികൂടാനായിരുന്നു. കെ. വി. എല്‍. പി. എസ്സില്‍ ഒന്നാം ക്ലാസ്സില്‍  പഠിക്കമ്പോള്‍ എന്റെ അച്ഛന്‍ പോലീസാണെന്നും പറഞ്ഞ് കുട്ടികളെയൊക്കെ വെറപ്പിച്ചു നിര്‍ത്തും. എന്റെ പെന്‍സിലും സ്ലേറ്റും ഒക്കെ പിള്ളേരെടുക്കാതിരിക്കാനായിരുന്നു ആ സൂത്രം. ഒരു ദിവസം ക്ലാസ്സില്‍ എല്ലാരും കൂടി ഒച്ചവെച്ചു കളിക്കുകയായിരുന്നു. ഓഫീസ മുറിയുടെ  തൊട്ടടുത്തായിരുന്നു ഞങ്ങളുടെ ക്ലാസ്സ്. . ഒച്ച കേട്ട് ഹെഡ്മാസ്റ്റര്‍ ചൂരലുമായി വരുന്നതു ഞാന്‍ കണ്ടു. മിണ്ടാതെ കളിയൊക്കെ നിറുത്തി മിടുക്കിക്കുട്ടിയായി ബെഞ്ചില്‍ അടങ്ങിയൊതുങ്ങിയിരുന്നു. കുട്ടികള്‍ അപ്പോഴും കളിയുടെ രസത്തിലായിരുന്നു. സാര്‍ വന്ന് നിരത്തി എല്ലാര്‍ക്കും അടികൊടുത്തു. അടികൊണ്ട ദേഷ്യത്തിന് സാര്‍ വരുന്നത് ഞാന്‍ പറഞ്ഞില്ല എന്നും പറഞ്ഞ് എന്നോട് വഴക്കിട്ടു എല്ലാരും. ഇപ്പോള്‍ എനിക്കും തോന്നും അതു ശരിയായില്ലെന്ന്. അന്ന് കുട്ടിയല്ലെ ഞാനും പിന്നെ വീട്ടുകാരുടെ കണ്ണു വെട്ടിച്ച് അച്ചിങ്ങ പുളിയും, കണ്ണിമാങ്ങയും കൊണ്ടു വന്നു കൊടുത്ത് ആ വഴക്കൊന്നു മാറ്റിയെടുക്കാന്‍ ഞാന്‍ പെട്ട പാട് എനിക്കല്ലേ അറിയൂ. 

വേറെ ഒരു ദിവസം ടീച്ചര്‍ വിളിച്ചിട്ട് തനിക്ക് സ്‌കോളര്‍ഷിപ്പുണ്ട് നാളെ വരുമ്പോള്‍ അച്ഛനെ വിളിച്ചിട്ടു വേണം വരാന്‍ എന്നു പറഞ്ഞു. അപ്പോള്‍ മുതല്‍ തുടങ്ങിയതാണ് മനസ്സിലൊരു പേടി. ആ സ്‌കോളര്‍ഷിപ്പെന്നാല്‍ എന്താണെന്നാര്‍ക്കറിയാം. എപ്പോഴും കുറുമ്പു കാണിച്ച് സാറിന്റെ അടിവാങ്ങുന്ന കാര്യം പറയാനായിരിക്കും എന്നു ഞാനങ്ങു തീര്‍ച്ചയാക്കി വീട്ടിലാരോടും പറയാന്‍ പോയില്ല. കുറെ ദിവസങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം ടീച്ചര്‍ അച്ഛനെ വഴിയില്‍ കണ്ടപ്പോള്‍ ചോദിച്ചു. എന്താ സ്‌കൂളില്‍ വന്ന് ആ ഫോം ഒന്നു പൂരിപ്പിച്ചു കൊടുക്കാഞ്ഞേ എന്ന്. അപ്പോഴാണ് അച്ഛന്‍ ആ കാര്യ അറിയുന്നതു തന്നെ. സ്‌കൂളീന്നു പറഞ്ഞയച്ചത് വീട്ടില്‍ വന്നു പറയാഞ്ഞതിനു  അച്ഛന്റെ കയ്യീന്ന് അന്നു കിട്ടി നല്ല ചുട്ട ചൂരല്‍ കഷായം. 

മറ്റൊരിക്കല്‍ എന്റെ അമ്മമ്മ കാരണം ഹെഡ്മാസ്റ്ററുടെ അടി വാങ്ങേണ്ടതായി വന്നിട്ടുണ്ട്. എസ്സ് എന്‍ എച്ച് എസ്സില്‍ അഞ്ചിലായിരുന്നപ്പോഴായിരുന്നു ആ സംഭവം. അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. വൈകി ബെല്ലടിക്കുന്ന ദിവസം. സാറ്റെണ്ണിക്കളിക്കുകയായിരുന്നു. ആരും കണ്ടുപിടിക്കാതിരിക്കാനായി സണ്‍ഷെയ്ഡില്‍ കയറി ഒളിച്ചിരുന്നു. ആ സമയം എണ്ണയും കുഴമ്പും വാങ്ങാനായി ടൗണിലേക്കു പോകുകയായിരുന്ന അമ്മമ്മ എന്നെ കാണാനിടയായി. എടിയേ...കഴുവേറീടെ മോളേ..അവിടുന്നെങ്ങാനും വീണാല്‍ നിന്റെ പൊടിപോലും കിട്ടൂല്ല.എറങ്ങടി അസത്തേ എന്നും പറഞ്ഞ് വിളിച്ചു കൂവി എന്നെ നാറ്റിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ. ഒച്ച കേട്ട് ഹെഡ്മാസ്റ്റര്‍ പുറത്തേക്കു വന്നു. അദ്ദേഹം എന്നെ കാണുകയും മുകളിലേക്കു വരുകയും ചെയ്തു. പിന്നെ പറയേണ്ടതില്ലല്ലോ. നിന്നെക്കൊണ്ടു ഞാന്‍ തോറ്റല്ലോ കുട്ടീ എന്നും പറഞ്ഞോണ്ട് എന്റെ കുഞ്ഞിക്കൈ നീട്ടിപ്പിടിച്ച് നല്ല പെടപെടച്ചു. കുട്ടികള്‍ എന്നെ പൊട്ടച്ചെണ്ട എന്നു വിളിക്കാനും തുടങ്ങി.

ഓണവും വിഷുവും ഒക്കെ വന്നാല്‍ ഉപ്പേരി വറക്കുന്ന ചേച്ചിയെ പറ്റിക്കല്‍ എനിക്കും അനിയത്തിമാര്‍ക്കും ഒരു വിനോദം തന്നയായിരുന്നു. ചേച്ചി ചായ തിളപ്പിക്കുന്ന നേരം ചേട്ടനുമൊത്ത് ഒരു കളിയുണ്ട്. ചേട്ടന്‍ എന്തെങ്കിലും സാധനം ഒളിപ്പിച്ചു വെക്കും. അത് ഞങ്ങള്‍ അനിയത്തിമാര്‍ കണ്ടു പിടിക്കണം.. പറമ്പില്‍ നടുന്ന കപ്പയുടെ അടി മാന്തി കപ്പയെടുത്ത് തിന്നേച്ചും മണ്ണുമൂടിയിട്ട് അച്ഛനെ പറ്റിക്കുന്ന കഥ ബഹു വിശേഷമാണ്. വെട്ടിച്ച കുളത്തിന്റെ ചുറ്റും ഓടി അടി വാങ്ങല്‍, വേലിപ്പയറും പൂച്ചെടിക്കായും തിന്നു നടക്കുന്ന രസകരമായ കാലങ്ങളില്‍ ഇനിയും കുറെയുണ്ട് ഇതുപോലുള്ള സംഭവങ്ങള്‍. കുറുമ്പുകളുടെ ഒരു കലവറ തന്നെയായിരുന്നു എന്റെ കുഞ്ഞു മനസ്സ്. എത്ര അടി വാങ്ങിയാലും രാത്രിയായാല്‍ അച്ഛനെ കണ്ടാലേ ഉറക്കം വരൂ. കാലത്തു വീട്ടീന്നു പോകുന്ന അച്ഛന്‍ വന്നു കണ്ട ശേഷം മാത്രമേ ഞാന്‍ ഉറങ്ങറുള്ളൂ. അച്ഛന്‍ കൊണ്ടുവരുന്ന പലഹാരം കിട്ടാനാണ് ഞാനുണര്‍ന്നിരിക്കുന്നതെന്നാണ് എല്ലാരും പറയുന്നേ. പക്ഷേ സത്യായിട്ടും ഞാന്‍ അച്ഛനെ കാണാന്‍ തന്നെയാണിരിക്കുന്നെ . കയ്യില്‍ പുസ്തകവുമായി എന്നെ കാണുമ്പോള്‍ അവള്‍ നന്നായി വരും എന്ന് പലകുറി എന്റെ അച്ഛന്‍ പറയാറുള്ളത് ഇന്നും കാതില്‍ മുഴങ്ങുന്നതു പോലെയാണ്. അച്ഛനെ കാണാന്‍ കഴിയാത്തതില്‍ ഇപ്പോഴും എന്റെ മനസ്സു നോവാറുണ്ട്. അച്ഛന്‌റേയും അമ്മയുടേയും അടുത്ത് അവരുടെ കുഞ്ഞായി ജീവിക്കുന്ന കാലം, നിഷ്‌കളങ്കമനസ്സുള്ള നമ്മുടെ കുട്ടിക്കാലത്തേക്കാള്‍ രസകരമായാരു അടിപൊളിക്കാലം  വേറെയില്ലെന്നു തന്നെ പറയാം. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ