പഴയ പൊസ്റ്റുകൾ

2016, ജൂലൈ 15, വെള്ളിയാഴ്‌ച

ജീവിതം സ്വന്തം കാഴ്ച്ചപ്പാടിലൂടെ.


ജീവിതം വളരെ ലഘുവാണ്. കോടാനു കോടി ജനങ്ങളുടെ കൂട്ടമായ ഈ ലോകത്തേക്ക് പിറന്നു വീഴുന്ന ഓരോ ജന്മവും അവരുടെ ജീവിത കാലവും വെള്ളത്തിലെ കുമുളകളോട് ഉപമിക്കാവുന്നത്രയും ലഘുവാണ്.  ഇങ്ങനെ അമൂല്യങ്ങലില്‍ അമൂല്യമായി വീണു കിട്ടുന്ന ജീവിതത്തെ എത്രമാത്രം സന്തോഷപ്രദവും സമാധാനപ്രദവും ആക്കാന്‍ നമ്മെക്കൊണ്ട് ആകുമോ അത്രക്കും ആനന്ദകരമാക്കാന്‍ ശ്രമിക്കുക എന്നതായിരിക്കണം നമ്മുടെ ആദ്യത്തെ ലക്ഷ്യം. ആ ലക്ഷ്യത്തിലെത്തിച്ചേരാന്‍ നല്ല മാര്‍ഗ്ഗം മാത്രമേ സ്വീകരിക്കൂ എന്ന പ്രതിജ്ഞയാണ് അടുത്ത കര്‍മ്മം. പിന്നീട് കിട്ടിയ ജീവിതം എങ്ങിനെ ജീവിക്കണം എന്നൊരു തീരുമാനത്തിലെത്തുകയാണ് വേണ്ടത്. അതിനായി ജീവിതത്തെ നന്നായി രുപപ്പെടുത്തേണ്ടതുണ്ട്. നാം ഉദ്ദേശിക്കുന്ന ജീവിതമായിരിക്കില്ല നമുക്ക് ലഭിക്കുന്നത്. പക്ഷേ കിട്ടിയ ജീവിതം എങ്ങിനെ ജീവിക്കണം എന്ന് ഒന്നു ഭാവന ചെയ്യുന്നതില്‍ തെറ്റില്ലല്ലോ.

ജീവിതം കല്ലും മുള്ളും നിറഞ്ഞ പാതയാണെന്ന്് പലരും പറഞ്ഞുകേട്ടിരിക്കുമല്ലോ. എന്നാല്‍ അതില്‍ അത്രക്കു വാസ്തവമുള്ളതായി എനിക്കു തോന്നുന്നില്ല. നാം എടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും അത്. മനസ്സിലെ പ്രതീക്ഷകളും അടങ്ങാത്ത മോഹങ്ങളും സഫലമാകാതെ വരുമ്പോള്‍ ജീവിത പാതയില്‍ കല്ലും മുള്ളും നിറഞ്ഞതായി തോന്നാം. എന്നാല്‍ നമ്മളെക്കാള്‍ താഴ്ന്ന ജീവിത നിലവാരം പുലര്‍ത്തുന്നവരെക്കുറിച്ച് ആലേചിക്കാന്‍ ശ്രമിച്ചാല്‍, ഉള്ളതുകൊണ്ട് ലളിതമായി ജീവിക്കാനുള്ള ഒരു മനസ്സുണ്ടായാല്‍, ജീവിത പാതയില്‍ മൃദുലമായ റോസാദളങ്ങള്‍ ദര്‍ശിക്കാന്‍ സാധിച്ചേക്കും. അതിനായി മനസ്സില്‍  ശക്തമായി ഒരു ഭക്തി വളര്‍ത്തേണ്ടതുണ്ട്. ആ ഭക്തി നമ്മിലെ ജീവചൈതന്യത്തോടായാല്‍ ഏറെ നന്ന്. കുറേക്കൂടി ആന്തരീകമായി ചിന്തിച്ചു നോക്കിയാല്‍ ആ ജീവചൈതന്യം മറ്റാരുമല്ല, നമ്മുടെ  മനസ്സാക്ഷി തന്നെയാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ആ മനസ്സാക്ഷിയെയാണ് നാം രൂപം കൊടുത്ത് പൂജിക്കേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതും. പൂര്‍വ്വീകര്‍ വഴി കാട്ടിത്തന്ന ആ രൂപങ്ങളെ നമുക്ക് മനസ്സാക്ഷിക്കു നല്‍കാം. അമ്പലങ്ങളില്‍ കുടികൊള്ളുന്നു എന്ന് നാം വിശ്വസിക്കുന്ന ദൈവങ്ങള്‍ വാസ്തവത്തില്‍ അമ്പലങ്ങളില്‍ മാത്രമല്ല, നമ്മുടെ എല്ലാവരുടേയും ഉള്ളിന്റെയുള്ളിലും ഒരു ജീവചൈതന്യമായി പ്രകാശിക്കുന്നുണ്ട്. അത് നമ്മുടെ മനസ്സാക്ഷി തന്നെയാണ് എന്ന് എന്നു നാം മനസ്സുകൊണ്ടുണരുന്നുവോ അന്നു മുതല്‍ ജന്മ ദോഷത്തേയോ വിധിയേയോ പഴിക്കാതെ നമുക്ക് ജീവിക്കാനാകും. സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കാതെ സത്യത്തെ പിന്തുടര്‍ന്ന് ജീവിക്കാന്‍ കഴിഞ്ഞാല്‍ ന്യായങ്ങള്‍ നമ്മുടെ പക്കം തിരിയാന്‍ തുടങ്ങും. പിന്നെ ജീവിതം ലളിതമായി തോന്നാന്‍ തുടങ്ങും.

ഇപ്പോള്‍ നമുക്ക് മനസ്സില്‍ തോന്നുന്ന എല്ലാ വികാരങ്ങളും പങ്കുവക്കാന്‍ ഒരാളായി. നമ്മുടെ മനസ്സാക്ഷി അല്ലെങ്കില്‍ ആത്മാവ്, അതുമല്ലെങ്കില്‍ നമ്മിലെ ജീവചൈതന്യം. അതിനേക്കാള്‍ വലിയൊരു ശക്തി ഈ പ്രപഞ്ചത്തില്‍ വേറേ ഇല്ലെന്നു തന്നെ പറയാം. നിങ്ങള്‍ തന്നെ പറയൂ നമ്മുടെ മനസ്സാക്ഷിയേക്കാള്‍ ഇത്ര കണ്ടു വിശ്വസിക്കാവുന്ന ഒരു വ്യക്തിയോ ശക്തിയോ ഈ ലോകത്തുണ്ടോ..മനസ്സാക്ഷി തന്നെയാണ് പ്രപഞ്ച ശക്തി എന്നും ആ പ്രപഞ്ചശക്തിയെയാണ് നാം ദൈവം എന്നു സംബോധന ചെയ്ത് ആരാധിച്ചു പോരുന്നതെന്നും ഇതിനകം വ്യക്തമായിരിക്കുമല്ലോ. ആ ശക്തിക്ക് ഒരു രൂപം കൊടുക്കണോ പല രൂപം കൊടുക്കണോ എന്ന കാര്യത്തിലും ശങ്ക വേണ്ട. സ്വന്തം മനസ്സില്‍ എങ്ങനെ തോന്നുന്നുവോ അങ്ങനെ ചെയ്യാം. ഇപ്പോള്‍ ഗണപതിയും മുരുകനും രാമനും കൃഷ്ണനും ഹനുമാനും ശിവനും പാര്‍വ്വതിയും കാളിയും ദുര്‍ഗ്ഗയും സരസ്വതിയും ലക്ഷ്മിയും  കണ്ണനും ഗുരുവായൂരപ്പനും യേശുവും അള്ളാവും ഒക്കെ എവിടെയാണ് സ്ഥിതി ചെയ്യുന്നത്. ..നമ്മുടെ മനസ്സില്‍..ആരാണ് ഇവരൊക്കെ.....പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തിയായ നമ്മുടെ മനസാസാക്ഷി. ഇത്രയും വ്യക്തമായല്ലോ അല്ലേ.

ഇനി നന്മ എന്ത്....തിന്മ എന്ത്.....ഈ പ്രപഞ്ചത്തില്‍ നന്മയും തിന്മയും ഉണ്ടോ വാസ്തവത്തില്‍..നമ്മുടെ വീക്ഷണത്തില്‍ അല്ലേ നന്മയും തിന്മയും ഒക്കയുള്ളത്. നമ്മുടെ മനസാസാക്ഷിക്ക് നമ്മെ അറിയുന്നതു പോലെ മറ്റാര്‍ക്കാണ് അറിയാന്‍ കഴിയുക. അറിവിന്റെ വെളിച്ചത്തേക്ക് നമ്മെ നയിക്കണമെങ്കില്‍ നാം പല പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ദൈവം  തരുന്ന സമ്മാനമായ ആ പാഠങ്ങളാണ് നമുക്കു തിന്മയായി തോന്നുന്നത്. എല്ലാം ഒരുതരം മായയാണ്. സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കാതെ ജീവിക്കുമ്പോള്‍ എല്ലാ കര്‍മ്മങ്ങളും നന്മയായി മാത്രമേ വന്നു ചേരുകയുള്ളൂ. തല്‍ക്കാലം തിന്മയായി തോന്നുന്ന പല സംഭവങ്ങളും പില്‍ക്കാലത്തെ നന്മയായി പരിണമിക്കാറുണ്ട്. നേരേ മറിച്ച് മനസ്സാക്ഷിയെ ഒരിക്കലെങ്കിലും നാം വഞ്ചിച്ചു പോയാല്‍ മനസ്സാക്ഷിക്കുഴപ്പം നമ്മുടെ മനസ്സിന്റെ അസ്വസ്ഥതയായി മാറുന്നു. നമ്മുടെ മനസ്സിന്റെ ശാന്തത നഷ്ടപ്പെടുന്നു. അപ്പോഴാണ് സംഭവിക്കുന്നതെല്ലാം തിന്മയായി നമുക്കു തോന്നുന്നത്. ഇന്ന് തിന്മയായി തോന്നുന്ന പല സംഭവങ്ങളും പിന്നീട് എത്ര വലിയ നന്മയായിരുന്നു എന്ന് നമുക്കു മനസ്സിലാക്കുവാന്‍ കഴിയും. ജീവിതത്തെ ഒരു നാടകത്തോട് ഉപമിച്ചു നോക്കാം. അതില്‍ നമുക്ക് എന്തു റോള്‍ ആണെന്നറിഞ്ഞ് ആ റോള്‍ ആത്മാര്‍ത്ഥമായി അഭിനയിച്ചാല്‍ മാത്രം മതി. ഒരു നാടകം നല്ല രീതിയില്‍ പര്യവസാനിക്കുകയും തിരശ്ശീല വീഴുകയും ചെയ്യുന്നതുപോലെ നമ്മുടെ ജീവിതവും വിജയത്തിലെത്തിച്ചേരുകയും നല്ല രീതിയില്‍ തന്നെ തിരശ്ശീല വീഴുകയും (ഭഗവദ്പാദ സ്പര്‍ശനത്തില്‍ എത്തിച്ചേരുകയും) ചെയ്യും എന്നാണ് എന്റെ വിശ്വാസം. (ഇത്രയും കാലത്തെ എന്റെ ജീവിതാനുഭവങ്ങള്‍ എന്നെ പഠിപ്പിച്ച പാഠങ്ങളാണ് ഇത്. പലര്‍ക്കും ജീവിതത്തെപ്പറ്റി വെത്യസ്തമായ കാഴ്ചപ്പാടുകളും നിര്‍വ്വചനങ്ങളും ആയിരിക്കും ഉണ്ടാവുക. എന്റെ  ഈ കാഴ്ചപ്പാട് ശരിയായിക്കൊള്ളണമെന്നില്ല. )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ