പഴയ പൊസ്റ്റുകൾ

2016, ജൂലൈ 15, വെള്ളിയാഴ്‌ച

അച്ഛനും ഉണ്ടൊരു ഹൃദയം


നമ്മള്‍ ആദ്യം കാണുന്നത് അമ്മയേയോ അച്ഛനേയോ അല്ലെങ്കിലും ആദ്യം നമ്മില്‍ പതിയുന്നത് അമ്മയുടെ മുഖമാണ്. എന്നതില്‍ യാത രു സംശയവുമില്ല. കുറച്ചു വൈകിയാണെങ്കിലും അമ്മ ചൂണ്ടിക്കാണിക്കുന്ന അച്ഛന്റെ രൂപവും നമ്മില്‍ പതിയുന്നില്ലേ. എന്നിട്ടും അമ്മയേയും അമ്മയുടെ സ്‌നേഹത്തേയും കുറിച്ച് വായ്‌തോരാതെ വാഴ്ത്തുന്ന നമ്മളില്‍ പലരും അച്ഛനു വേണ്ടി എഴുതാനോ, പിതൃത്വം മഹനീയമായി അവതരിപ്പിക്കുവാനോ മെനക്കെടാറില്ല എന്നതു വേദനാജനകമല്ലേ. ആദ്യത്തെ കണ്മണിയുടെ ജനനത്തോടെ ഒരു അമ്മയോടൊപ്പം ഒരു അച്ഛനും കൂടി ഉല്‍ഭവിക്കുന്നുണ്ട് ഈ ഭൂമിയില്‍ എന്ന വാസ്തവം പലപ്പോഴും നാം  വിസ്മരിക്കുകയല്ലേ. നീണ്ട 9 മാസങ്ങള്‍ ത്യാഗമനഹഭവിച്ച് ക്ഷമയോടെ കാത്തിരുന്ന് ഒരു സ്ത്രീ അമ്മയാകുന്നതോടൊപ്പം തന്നെ തന്റെ സമ്പാദ്യത്തില്‍ വലിയൊരു പങ്ക് ഭാര്യയുടേയും ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റേയും ആരോഗ്യ സംരക്ഷണത്തിനു വേണ്ടി ചിലവാക്കി അവളുടെ ഭര്‍ത്താവെന്ന പുരുഷന്‍ അച്ഛനുമാകുന്നുണ്ട്.  സ്ത്രീ ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ മാത്രം ഓര്‍ത്ത് വ്യാകുലപ്പെടമ്പോള്‍ പുരുഷന്‍ ഭാര്യയേയും കുഞ്ഞിനേയും ഓര്‍ത്ത് വ്യാകുലപ്പെടുന്നുണ്ട്. ഭാര്യയെ ലേബര്‍ റൂമിലേക്കു കയറ്റിയാല്‍ പിന്നെ ആ മുറിയുടെ വാതില്‍ക്കല്‍ അങ്ങോട്ടുമിങ്ങോട്ടും അക്ഷമനായി നടക്കുന്ന ഭര്‍ത്താവിനെ കണ്ടിരിക്കുമല്ലോ ഒരുതരം വരണ്ട നടത്തം.. ചിരിക്കാതെ ചിരിച്ചും  ഇരിക്കാതെ ഇരുന്നും പറയാതെ പറഞ്ഞും ഒരു കുഞ്ഞിക്കരച്ചില്‍ തേടുന്നൊരു നോട്ടം ..ഒരു തേടല്‍ ആ മുഖത്തു കാണാം.  ഒടുവില്‍ അകത്ത് കുഞ്ഞിന്റെ കരച്ചിലിനൊപ്പം ദൈവമേ എന്നു പിടയുന്നൊരു ഹൃദയം  അവനിലുമുണ്ട്. ആ ചുരുങ്ങിയ നേരം കൊണ്ട് ഒരു ഗര്‍ഭകാലം പേറിയ കണ്‍കോണിലെ നനവ്  .... അതാണ് അച്ഛന്‍.

അച്ഛന്‍ പലപ്പോഴും പലയിടത്തും നിശബ്ദത പാലിച്ച് വികാരങ്ങള്‍ മനസ്സിലൊതുക്കി ഗൗരവം നടിച്ച് മാറി നടക്കുന്നത് മക്കളുടെ സ്‌നേഹവും വാല്‍സല്യവും അമ്മക്കു ലഭിച്ചോട്ടെ എന്നു കരുതിയാണ്.  പുറത്തെവിടെയെങ്കിലും യാത്ര പോകുമ്പോള്‍ മിക്കവാറും കുഞ്ഞ് അച്ഛന്റെ കയ്യിലായിരിക്കില്ലേ. ഉല്‍സവങ്ങളും ആഘോഷങ്ങളും അച്ഛന്റെ തോളിലിരുന്നല്ലേ കുഞ്ഞ് ആസ്വദിക്കുന്നത്. കുഞ്ഞിനോടൊപ്പം ഓടിക്കളിക്കുന്നതും, നെഞ്ചില്‍ കിടത്തിയുറക്കുന്നതും, ആനയാകുന്നതും അച്ഛന്‍ തന്നെ.   അമ്മ പത്തു മാസം വയറ്റില്‍ ചുമന്നതിനു പകരമായി പത്തു വയസ്സുവരെ അച്ഛന്‍ തോളില്‍ ചുമക്കുന്നുണ്ട്. പകല്‍ കുഞ്ഞിനെ ഒന്നടിക്കേണ്ടി വന്നാല്‍ രാത്രിയില്‍ ഉറക്കം വരാതെ കുഞ്ഞിനെ തലോടി നേരം വെളുപ്പിക്കുന്ന ഒരച്ഛന്‍ എനിക്കുമുണ്ടായിരുന്നു.

വിവാഹ ശേഷം ഭര്‍ത്തൃഗൃഹത്തിലേക്കു പോകുന്ന മകളുടെ ഒപ്പം പറിച്ചെറിയുന്ന ഹൃദയം അമ്മയെപ്പോലെ അച്ഛനുമുണ്ട്. ജോലി തേടിപ്പോകുന്ന മകന്റെ പൊതിച്ചോറിനൊപ്പം അമ്മയുടേതു പോലെ തന്നെ അച്ഛന്റേയും ഉറക്കവും ശാന്തിയും സമാധാനവും ചേര്‍ത്തു കെട്ടുന്നുണ്ട്.  എന്നാല്‍ ഈ  യാഥാര്‍ത്ഥ്യങ്ങള്‍ ആരും ഓര്‍ക്കാതെ പോകുമ്പോള്‍ ആ നെഞ്ചില്‍ ഉണ്ടാകുന്ന വിങ്ങല്‍ ഒരു ചെറു പുഞിരിയില്‍ ഒതുങ്ങുകയാണ് പലപ്പോഴും.  ചുരുക്കത്തില്‍ അമ്മയെപ്പോലെ മക്കളെ സ്‌നേഹിക്കുന്ന, അവരെപ്പറ്റി വ്യാകുലപ്പെടുന്ന സ്‌നേഹ നിര്‍ഭരമായ ഒരു ഹൃദയം ചില അച്ഛന്മാരിലെങ്കിലും ഉണ്ടെന്ന വസ്തുത വിസ്മരിക്കാതിരിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ