പഴയ പൊസ്റ്റുകൾ

2016, ജൂലൈ 15, വെള്ളിയാഴ്‌ച

രാമായണമാസം


ഇന്ന് കര്‍ക്കിടകം ഒന്ന്. പഞ്ഞ മാസം എന്നാണ് മുമ്പൊക്കെ കര്‍ക്കിടകമാസത്തെ പറഞ്ഞിരുന്നത്. കാലക്രമത്തില്‍ ആ പേര് രാമായണ മാസം എന്നായി. സൂര്യൻ കർക്കടക രാശിയിലൂടെ കടന്നു പോകുന്ന നാളുകളാണ് കർക്കടക മാസം. ഏകദേശം ഞണ്ടിന്റെ ആകൃതിയിലുള്ള 5 നക്ഷത്രങ്ങളുടെ കൂട്ടമാണ് കർക്കടകം (cancer). മിഥുനം രാശിയിൽ നിന്നും കർക്കടകം രാശിയിലേക്കുള്ള പ്രവേശനമാണ് കർക്കടക സംക്രമണം. പിതൃബലി അര്‍പ്പിക്കുന്ന പുണ്യ മാസമായി കര്‍ക്കിടകത്തെ കണക്കാക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ ആരോഗ്യ സംരക്ഷണത്തിനായി ഔഷധക്കഞ്ഞി സേവിക്കുന്നതും ഈ മാസത്തിലാണ്. കര്‍ക്കിടകം ഒന്നുമുതല്‍ ഏഴുവരെ മുക്കൂറ്റി ചാലിച്ച് സ്ത്രീകള്‍ പൊട്ടുതൊടുന്ന ഒരു ആചാരവും നിലനിന്നു പോരുന്നുണ്ട്.

രാമ രാമ നമോസ്തുതേ ജയ
രാമഭദ്ര നമോസ്തുതേ

രാമചന്ദ്ര നമോസ്തുതേ ജയ
രാഘവായ നമോസ്തുതേ

ദേവദേവ നമോസ്തുതേ ജയ
ദേവരാജ നമോസ്തുതേ

വാസുദേവ നമോസ്തുതേ ജയ
വീരരാജ നമോസ്തുതേ !!

കേരളീയരുടെയിടയില്‍ കര്‍ക്കിടകമാസത്തിലെ രാമായണപാരായണം പണ്ടുമുതല്‍ക്കേ ഒരു ഐശ്വര്യമായി ആചരിച്ചുപോരുന്നു. വാല്മീകി രാമായണം ഒരുമഹാസമുദ്രമാണ്. അദ്ധ്യാത്മ രാമായണം പരിപാവനമായ ഒരു ഗംഗാനദിയും. അദ്ധ്യാത്മ രാമായണം ആണ് ഈ പാരായണതിനായി ഉപയോഗിച്ചുവരുന്നത്.
കേരളീയരുടെ മനസ്സില്‍ രാമന്‍ എന്ന പേരുതന്നെ ദിവ്യമാണ്. ശ്രീരാമന്‍ ഉത്തമപുരുഷനും രാമഹൃദയം ഒരു മഹാതത്വവും. രാമായണം എന്ന പദത്തിന് അര്‍ത്ഥം (യാത്ര) എന്നാണ്. രാമനിലേക്കുള്ള അയനം രാമഹൃദയംതൊട്ട് പട്ടാഭിഷേകംവരെയാണ് സാധാരണയായി പാരായണംചെയ്യുന്നത്. കര്‍ക്കിടകത്തിലെ രാമായണപാരയണത്തിന് ചില ചിട്ടകളുണ്ട്‌. 7തിരിയിട്ട് നിലവിളക്ക് കൊളുത്തിവെച്ചാണ് ഗ്രന്ഥപൂജയും പാരായണവും തുടങ്ങുന്നത്. സകല ഐശ്വര്യവും കൈവരുത്തണേ എന്നതാണ് ഈ 7 തിരിയുടെ സങ്കല്പം. ആദ്യദിവസം പുഷ്പങ്ങള്‍ കൊണ്ട് ഗ്രന്ഥവും ദീപവും പൂജിക്കുന്നു. അവില്‍, മലര്‍, പഴം, എന്നിവ നിവേദിക്കുന്നു. ഗ്രന്ഥ പ്പലകയില്‍ ഗ്രന്ഥം നിവര്‍ത്തിവെച്ചാണ് പാരായണം ചെയ്യുന്നത്. ഈ വിശിഷ്ഠഗ്രന്ഥം തന്ന് നമ്മെ അനുഗ്രഹിച്ച തുഞ്ചത്താചാര്യനെ സ്തുതിച്ചശേഷം ആണ് പാരായണം തുടങ്ങുന്നത്.

‘സാനന്ദ രൂപം സകല പ്രബോധം
ആനന്ദ ദാനാമൃത പാരിജാതം
മനുഷ്യ പത്മേഷു രവി സ്വരൂപം
നമാമി തുഞ്ചത്തെഴുമാര്യപാദം’
എന്നതാണ് സ്തുതി. പാരായണം എന്നാല്‍ പരയിലേക്കുള്ള അയനം ആണ്.
(പര = പരമമായ/ഉത്കൃഷ്ടത, അയനം = യാത്ര. ഉത്കൃഷ്ടതയിലേക്കുള്ള യാത്ര.)
നമ്മെ ശാരീരികമായും മാനസീകമായും പ്രവര്‍ത്തിപരമായും ഏറ്റവും ഉത്കൃഷ്ടതയിലേക്ക് നയിക്കുന്നു ശ്രീരാമാപദാനങ്ങളും സ്തുതികളും നിറഞ്ഞ ഈ രാമായണ പാരായണം എന്നര്‍ത്ഥം
.
എന്‍റെ അമ്മയും രാമായണമാസവും

എന്‍റെ അമ്മ കര്‍ക്കിടക സംക്രാന്തിയും ആണ്ടുപിറപ്പു സംക്രാന്തിയും വലിയ കേമമായി ആഘോഷിക്കുമായിരുന്നു. തലേന്നുതന്നെ വീടും പരിസരവും വൃത്തിയാക്കി അടുത്തുള്ള ക്ഷേത്രങ്ങളില്‍ പോയി തൊഴുതു വരും. പിറ്റേ ദിവസം രാമായണ മാസാരംഭമല്ലേ. ഒന്നാം തീയതി മുതല്‍ ആരംഭിക്കും രാമായണ വായന. വെളുപ്പിനെ എഴുന്നേറ്റ് കുളിച്ച് മുക്കൂറ്റിക്കുറിയും തൊട്ട് നിലവിളക്കു കൊളുത്തിവെച്ച് നിറഞ്ഞ ഭക്തിയോടെ അക്ഷരപ്പിശകു വരുത്താതെയുള്ള അമ്മയുടെ ആ രാമായണവായന കാണാനും കേള്‍ക്കാനും ഒരു പ്രത്യേകസുഖംതന്നെയായിരുന്നു. ഞങ്ങള്‍ പെണ്‍മക്കളെയും അന്നും തുടര്‍ന്നുള്ള 7 നാളുകളിലും മുക്കൂറ്റി ചാന്തു കൊണ്ട് പൊട്ടു തൊടുവിക്കും. രാമായണം കാലം കൂടുന്ന ദിവസം അതാത് രാമായണം വായിച്ചു തീരുന്ന ദിവസം (കര്‍ക്കിടകം 31) വീട്ടില്‍ സദ്യണ്ടയുാക്കും. അന്ന് ആണ്ടുപിറപ്പു സംക്രാന്തിയല്ലേ. ഓട്, ചെമ്പ്, പിച്ചള തുടങ്ങിയ പാത്രങ്ങളൊക്കെ മച്ചുമ്പുറത്തുനിന്ന് ഇറക്കി തേച്ചുമിനുക്കി കേറ്റും. പിന്നെ അരിയും പലവ്യഞ്ജനങ്ങളും വെയ്ക്കുന്ന എല്ലാ പാത്രങ്ങളും കഴുകി വൃത്തിയാക്കി ബാക്കിയുള്ള സാധനങ്ങളെല്ലാം സര്‍പ്പക്കാവിന് നാഗപ്പാട്ടു പാടുന്ന പുള്ളുവത്തിക്കും ഞങ്ങള്‍ക്കു നാവൂറു പാടുന്ന കൊറത്തിക്കും കൊടുത്തശേഷം വീടിന്‍റെ നാലുപുറത്തുനിന്നും മണ്ണെടുത്ത് ഉപ്പും മുളകും കടുകും കൂട്ടി എല്ലാരേയും ഉഴിഞ്ഞിടും. പഞ്ഞമൊഴിക്കല്‍ എന്നാണ് ഇതിനെ പറയുന്നത്. കര്‍ക്കിടകമാസം പഞ്ഞമാസമാണെന്നാണല്ലോ വയ്പ്പ്.

അടുത്ത ദിവസം ഒന്നാം തീയതിയല്ലേ. കടയില്‍ പോയി പലവ്യഞ്ജനങ്ങളും അരിയും ഒക്കെ വാങ്ങി എല്ലാ പാത്രങ്ങലിലും നിറയ്ക്കും. അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഐശ്വര്യത്തിനു വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. വീടിനെ ഐശ്വര്യമായി കാക്കുന്ന ഒരു എശ്വര്യ ദേവതയാണ് എന്റെ അമ്മ. ഇപ്പോള്‍ 84 വയസ്സായി. ഏടത്തിയമ്മയാണ് ഇപ്പോഴൊക്കെ ഈ ഐശ്വര്യ കര്‍മ്മം നിര്‍വ്വഹിക്കുന്നത്.

ഏകദേശം 34 വര്‍ഷങ്ങളോളം അന്യനാടുകളില്‍ ജീവിക്കേണ്ടതായി വന്ന എനിക്കും ഈ കേരള സംസ്കാരം വലിയിഷ്ടമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ