പഴയ പൊസ്റ്റുകൾ

2016, ജൂലൈ 15, വെള്ളിയാഴ്‌ച

നിറപ്പകിട്ടാര്‍ന്ന ബാല്യംസ്വന്തം ബാല്യത്തിലേക്ക് ഒന്നെത്തി നോക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരും തന്നയുണ്ടാവില്ല. അതും എന്നെപ്പോലെ നീറപ്പകിട്ടാര്‍ന്ന ബാല്യകാലമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.   ഓര്‍മ്മകളുടെ മണിച്ചെപ്പില്‍ ഒട്ടും നിറം മങ്ങാതെ കാത്തു സൂക്ഷിക്കുന്ന ആ അമൂല്യ  നിധി്  ഒന്നു   മനസ്സിലിട്ട് താലോലിക്കയാണിവിടെ. 

 ഒരു സമ്പന്ന കുടുംബത്തില്‍ ജനനം. അമ്മയും അച്ഛനും അമ്മമ്മയും ചേച്ചിമാരും അനിയത്തിമാരും ചേട്ടനും അനിയനും ഒക്കെയായി കുറവേതുമില്ലാത്ത സുവര്‍ണ്ണ കാലം. ഓടിക്കളിക്കാന്‍ വലിയ പറമ്പ്, ആവശ്യത്തിനു ഭക്ഷണം, ഉടുക്കാന്‍ നല്ല വിലയേറിയ വസ്ത്രങങള്‍, കളിക്കാന്‍ കൂട്ടുകാര്‍, കുളിക്കാന്‍ കൊച്ചു പാറക്കുളം, കൂടെയുറങ്ങാന്‍ കൂടപ്പിറപ്പുകള്‍ അങ്ങിനെ ഒന്നിനും ഒരു കുറവ് അനുഭവിച്ചതായി ഓര്‍മ്മയിലില്ല. ഇങ്ങനെയൊരു ബാല്യം നല്‍കിയ മാതാപിതാക്കളോടും അതു കനിഞാഞേകിയ ഈശ്വരനോടും മനസ്സിലെപ്പോഴും സ്തുതി പറയാറുണ്ട്. കാക്കയോടും പൂച്ചയോടും ഇലകളോടും പൂക്കളോടും കാറ്റിനോടും കിളികളോടും കുശലം പറഞ്ഞ് പാറി നടന്ന പൂമ്പാറ്റക്കാലം. ഒരിക്കലും തിരിച്ചു വരാത്ത അടിപൊളി ബാല്യം. 

അച്ഛന്‍ എന്നെ കൂനിക്കുറുമ്പി, വെള്ളപ്പാറ്റ എന്നൊക്കയാണ് വിളിച്ചിരുന്നത്. അച്ഛന്റെ ആ വിളിയിലിരുന്ന് ഞാനൊരു കുറുമ്പിയായിരുന്നു എന്നതില്‍ സംശയമില്ല. അനിയന്റെ ഇങ്കു (കുറുക്ക് ) കട്ടു തിന്ന് അവന്‍ ഇങ്കി എന്ന പേരും ഇട്ടു. അനിയത്തീടെ കയ്യീന്ന് ബിസ്‌കറ്റു തട്ടിച്ചു തിന്നുന്നതില്‍ അതീവ സാമര്‍ത്ഥ്യമായിരുന്നു എനിക്ക്. ഇന്നത്തെ ബ്ലാക്ക് മെയിലിന്റെ ചെറിയൊരു രൂപം. എടുത്തോണ്ടു നടക്കാമെന്നും പറഞ്ഞ് അവളുടെ കയ്യിലിരിക്കുന്ന ബിസ്‌കറ്റെല്ലാം അടിച്ചുമാറ്റും.
സ്‌കൂളില്‍ പോകാന്‍ വലിയ ഇഷ്ടമായിരുന്നു. പഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇഷ്ടം കുട്ടികളോട് അടികൂടാനായിരുന്നു. കെ. വി. എല്‍. പി. എസ്സില്‍ ഒന്നാം ക്ലാസ്സില്‍  പഠിക്കമ്പോള്‍ എന്റെ അച്ഛന്‍ പോലീസാണെന്നും പറഞ്ഞ് കുട്ടികളെയൊക്കെ വെറപ്പിച്ചു നിര്‍ത്തും. എന്റെ പെന്‍സിലും സ്ലേറ്റും ഒക്കെ പിള്ളേരെടുക്കാതിരിക്കാനായിരുന്നു ആ സൂത്രം. ഒരു ദിവസം ക്ലാസ്സില്‍ എല്ലാരും കൂടി ഒച്ചവെച്ചു കളിക്കുകയായിരുന്നു. ഓഫീസ മുറിയുടെ  തൊട്ടടുത്തായിരുന്നു ഞങ്ങളുടെ ക്ലാസ്സ്. . ഒച്ച കേട്ട് ഹെഡ്മാസ്റ്റര്‍ ചൂരലുമായി വരുന്നതു ഞാന്‍ കണ്ടു. മിണ്ടാതെ കളിയൊക്കെ നിറുത്തി മിടുക്കിക്കുട്ടിയായി ബെഞ്ചില്‍ അടങ്ങിയൊതുങ്ങിയിരുന്നു. കുട്ടികള്‍ അപ്പോഴും കളിയുടെ രസത്തിലായിരുന്നു. സാര്‍ വന്ന് നിരത്തി എല്ലാര്‍ക്കും അടികൊടുത്തു. അടികൊണ്ട ദേഷ്യത്തിന് സാര്‍ വരുന്നത് ഞാന്‍ പറഞ്ഞില്ല എന്നും പറഞ്ഞ് എന്നോട് വഴക്കിട്ടു എല്ലാരും. ഇപ്പോള്‍ എനിക്കും തോന്നും അതു ശരിയായില്ലെന്ന്. അന്ന് കുട്ടിയല്ലെ ഞാനും പിന്നെ വീട്ടുകാരുടെ കണ്ണു വെട്ടിച്ച് അച്ചിങ്ങ പുളിയും, കണ്ണിമാങ്ങയും കൊണ്ടു വന്നു കൊടുത്ത് ആ വഴക്കൊന്നു മാറ്റിയെടുക്കാന്‍ ഞാന്‍ പെട്ട പാട് എനിക്കല്ലേ അറിയൂ. 

വേറെ ഒരു ദിവസം ടീച്ചര്‍ വിളിച്ചിട്ട് തനിക്ക് സ്‌കോളര്‍ഷിപ്പുണ്ട് നാളെ വരുമ്പോള്‍ അച്ഛനെ വിളിച്ചിട്ടു വേണം വരാന്‍ എന്നു പറഞ്ഞു. അപ്പോള്‍ മുതല്‍ തുടങ്ങിയതാണ് മനസ്സിലൊരു പേടി. ആ സ്‌കോളര്‍ഷിപ്പെന്നാല്‍ എന്താണെന്നാര്‍ക്കറിയാം. എപ്പോഴും കുറുമ്പു കാണിച്ച് സാറിന്റെ അടിവാങ്ങുന്ന കാര്യം പറയാനായിരിക്കും എന്നു ഞാനങ്ങു തീര്‍ച്ചയാക്കി വീട്ടിലാരോടും പറയാന്‍ പോയില്ല. കുറെ ദിവസങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം ടീച്ചര്‍ അച്ഛനെ വഴിയില്‍ കണ്ടപ്പോള്‍ ചോദിച്ചു. എന്താ സ്‌കൂളില്‍ വന്ന് ആ ഫോം ഒന്നു പൂരിപ്പിച്ചു കൊടുക്കാഞ്ഞേ എന്ന്. അപ്പോഴാണ് അച്ഛന്‍ ആ കാര്യ അറിയുന്നതു തന്നെ. സ്‌കൂളീന്നു പറഞ്ഞയച്ചത് വീട്ടില്‍ വന്നു പറയാഞ്ഞതിനു  അച്ഛന്റെ കയ്യീന്ന് അന്നു കിട്ടി നല്ല ചുട്ട ചൂരല്‍ കഷായം. 

മറ്റൊരിക്കല്‍ എന്റെ അമ്മമ്മ കാരണം ഹെഡ്മാസ്റ്ററുടെ അടി വാങ്ങേണ്ടതായി വന്നിട്ടുണ്ട്. എസ്സ് എന്‍ എച്ച് എസ്സില്‍ അഞ്ചിലായിരുന്നപ്പോഴായിരുന്നു ആ സംഭവം. അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. വൈകി ബെല്ലടിക്കുന്ന ദിവസം. സാറ്റെണ്ണിക്കളിക്കുകയായിരുന്നു. ആരും കണ്ടുപിടിക്കാതിരിക്കാനായി സണ്‍ഷെയ്ഡില്‍ കയറി ഒളിച്ചിരുന്നു. ആ സമയം എണ്ണയും കുഴമ്പും വാങ്ങാനായി ടൗണിലേക്കു പോകുകയായിരുന്ന അമ്മമ്മ എന്നെ കാണാനിടയായി. എടിയേ...കഴുവേറീടെ മോളേ..അവിടുന്നെങ്ങാനും വീണാല്‍ നിന്റെ പൊടിപോലും കിട്ടൂല്ല.എറങ്ങടി അസത്തേ എന്നും പറഞ്ഞ് വിളിച്ചു കൂവി എന്നെ നാറ്റിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ. ഒച്ച കേട്ട് ഹെഡ്മാസ്റ്റര്‍ പുറത്തേക്കു വന്നു. അദ്ദേഹം എന്നെ കാണുകയും മുകളിലേക്കു വരുകയും ചെയ്തു. പിന്നെ പറയേണ്ടതില്ലല്ലോ. നിന്നെക്കൊണ്ടു ഞാന്‍ തോറ്റല്ലോ കുട്ടീ എന്നും പറഞ്ഞോണ്ട് എന്റെ കുഞ്ഞിക്കൈ നീട്ടിപ്പിടിച്ച് നല്ല പെടപെടച്ചു. കുട്ടികള്‍ എന്നെ പൊട്ടച്ചെണ്ട എന്നു വിളിക്കാനും തുടങ്ങി.

ഓണവും വിഷുവും ഒക്കെ വന്നാല്‍ ഉപ്പേരി വറക്കുന്ന ചേച്ചിയെ പറ്റിക്കല്‍ എനിക്കും അനിയത്തിമാര്‍ക്കും ഒരു വിനോദം തന്നയായിരുന്നു. ചേച്ചി ചായ തിളപ്പിക്കുന്ന നേരം ചേട്ടനുമൊത്ത് ഒരു കളിയുണ്ട്. ചേട്ടന്‍ എന്തെങ്കിലും സാധനം ഒളിപ്പിച്ചു വെക്കും. അത് ഞങ്ങള്‍ അനിയത്തിമാര്‍ കണ്ടു പിടിക്കണം.. പറമ്പില്‍ നടുന്ന കപ്പയുടെ അടി മാന്തി കപ്പയെടുത്ത് തിന്നേച്ചും മണ്ണുമൂടിയിട്ട് അച്ഛനെ പറ്റിക്കുന്ന കഥ ബഹു വിശേഷമാണ്. വെട്ടിച്ച കുളത്തിന്റെ ചുറ്റും ഓടി അടി വാങ്ങല്‍, വേലിപ്പയറും പൂച്ചെടിക്കായും തിന്നു നടക്കുന്ന രസകരമായ കാലങ്ങളില്‍ ഇനിയും കുറെയുണ്ട് ഇതുപോലുള്ള സംഭവങ്ങള്‍. കുറുമ്പുകളുടെ ഒരു കലവറ തന്നെയായിരുന്നു എന്റെ കുഞ്ഞു മനസ്സ്. എത്ര അടി വാങ്ങിയാലും രാത്രിയായാല്‍ അച്ഛനെ കണ്ടാലേ ഉറക്കം വരൂ. കാലത്തു വീട്ടീന്നു പോകുന്ന അച്ഛന്‍ വന്നു കണ്ട ശേഷം മാത്രമേ ഞാന്‍ ഉറങ്ങറുള്ളൂ. അച്ഛന്‍ കൊണ്ടുവരുന്ന പലഹാരം കിട്ടാനാണ് ഞാനുണര്‍ന്നിരിക്കുന്നതെന്നാണ് എല്ലാരും പറയുന്നേ. പക്ഷേ സത്യായിട്ടും ഞാന്‍ അച്ഛനെ കാണാന്‍ തന്നെയാണിരിക്കുന്നെ . കയ്യില്‍ പുസ്തകവുമായി എന്നെ കാണുമ്പോള്‍ അവള്‍ നന്നായി വരും എന്ന് പലകുറി എന്റെ അച്ഛന്‍ പറയാറുള്ളത് ഇന്നും കാതില്‍ മുഴങ്ങുന്നതു പോലെയാണ്. അച്ഛനെ കാണാന്‍ കഴിയാത്തതില്‍ ഇപ്പോഴും എന്റെ മനസ്സു നോവാറുണ്ട്. അച്ഛന്‌റേയും അമ്മയുടേയും അടുത്ത് അവരുടെ കുഞ്ഞായി ജീവിക്കുന്ന കാലം, നിഷ്‌കളങ്കമനസ്സുള്ള നമ്മുടെ കുട്ടിക്കാലത്തേക്കാള്‍ രസകരമായാരു അടിപൊളിക്കാലം  വേറെയില്ലെന്നു തന്നെ പറയാം. 


ഒരു വാതില്‍ അടഞ്ഞാല്‍ 9 വാതിലുകള്‍ തുറക്കുംമറ്റൊരു വലിയ സമ്മാനം തരുവാനാണ് നമ്മുടെ കയ്യ് തല്‍ക്കാലം ഒഴിവാക്കുന്നത് എന്ന് പഴമക്കാര്‍ പറയാറുള്ളത് എത്ര സത്യമാണെന്നതിന് ഒരു ഉദാഹരണം പറയാം. 

ഒരിക്കല്‍ മോനേജര്‍ക്കെതിരെ സത്യം വിളിച്ചു പറഞ്ഞതിന് സേഫ്റ്റി ഓഫീസറായ എന്റെ ഹസ്ബന്റിന്റെ  ജോലി പോയി. എങ്ങിനെയെന്നോ....വിലപിടിപ്പുള്ള സാധനം കാണാതെ പോയിരുന്നു. ആ കുറ്റം ഒരു കീഴ്ജീവനക്കാരന്റെ തലയില്‍ കെട്ടിവച്ചു. അയാള്‍ക്ക് ചീത്തപ്പേരും പിഴയും എല്ലാം. പക്ഷേ ആ മനുഷ്യനെക്കുറിച്ച് നന്നായി അറിയാവുന്ന അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഒടുവില്‍ ആരാണ് ഇതിന്റെ പിന്നില്‍ എന്ന് മനസ്സിലാക്കി കൂടെ ജോലി ചെയ്യുന്ന ഒന്നുരണ്ടു പേരോട് പറഞ്ഞു. അവരെല്ലാം അദ്ദേഹത്തെ താക്കീതു ചെയ്തു. സാര്‍ ഇതൊന്നും വെളിച്ചത്തു കൊണ്ടുവരണ്ട, വെറുതെ ജോലി തെറിക്കും എന്ന അവരുടെ അ‘ിപ്രായത്തില്‍ അദ്ദേഹം അസ്വസ്ഥനായി. എന്നോടും ഇക്കാര്യം ഇടക്കിടെ പറയുമായിരുന്നു. കുറച്ചു മാസങ്ങള്ക്കു ശേഷം പിന്നീടൊരിക്കല്‍ കൂടി അങ്ങനെയൊരു സം‘വം ഉണ്ടായി. ഇത്തവണ അയാളുടെ അസിസ്റ്റന്റിനെയാണ് കരുവാക്കിയത്. സേഫ്‌റിറി ഓഫീസര്‍ ആയ അദദേഹം ഒരു ഓര്‍ഡര്‍ ഇട്ടു. ഇന്ന് ഓഫീസ് സമയം കഴിഞ്ഞ് ആരും പോകരുത്. ഒരു സ്‌പെ.ഷ്യല്‍ ചെക്കിങ്ങ ഉണ്ട് , അതു കഴിഞ്ഞിട്ടേ എല്ലാരും പോകാവൂ. എന്ന്. എല്ലാരു#ം അനുസരിച്ചു. പക്ഷേ ജി. എം. പോകാനൊരുങ്ങി. ഉടനെ അദ്ദേഹം വിലക്കി. മാനേജര്‍ ലെവലില്‍ ഒന്നും ചെക്കിങ്ങ് ആവശ്യമില്ല എന്നും പറഞ്ഞ് കാര്‍ മുന്നോട്ടെടുത്ത ജി. എമ്മിനെ പോകാനനുവദിക്കാതെ വീണ്ടും  തടഞ്ഞു. രണ്ടാളും തര്‍ക്കമായി. (അവിടെ നിന്നും ഇതേ ജി. എം കാരണം ജോലി വിട്ടു പോയ#ിരുന്ന ഒരു ഓഫീസര്‍ അദ്ദേഹത്തിന് ഈ ജി. എമ്മിനെ കുറിച്ച് ഒരു സൂചന കൊടുത്തിരുന്നു കുറച്ചു നാള്‍ മുമ്പ്.) ഒടുവില്‍ മറ്റൊരു കാറും കൊടുത്ത് ജി. എമ്മിനെ വീട്ടിലേക്കയച്ചു. നിന്നെ പിന്നെ കണ്ടോളാമെന്നും പറഞ്ഞ് ജി. എം. പോയി. ജി. എമ്മിന്റെ കാറില്‍ നിന്നും കളവുപോയ സാധനം കിട്ടുകയും ചെയ്തു. പിറ്റേന്നു രാവിലെ ജോലിയും പോയി.. വേണമെങ്കില്‍ കേസിടാമായിരുന്നു. മിക്കവാറും കംമ്പനികളില്‍ മാനേജുമെന്റ് ശരിയല്ലാതെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. രാത്രിയായപ്പോള്‍ കംമ്പനി ഓണര്‍(കംമ്പനി ഓണര്‍ ഒരു മലയാളിയായിരുന്നു. ) വിളിച്ചു. പിള്ളേ ഇയാള്‍ ഇനി ആ കമ്പനിയിലേക്കു പോകണ്ടാ. നാളെ പോയി റസൈന്‍ ലെറ്റര്‍ കൊടുത്തിട്ട് എന്റെ വീടുവരെ ഒന്നു വരൂ എന്നു പറഞ്ഞു. മക്കള്‍ പഠിച്ചു കഴിഞ്ഞതേയുള്ളു. ജോലിയൊന്നുമായില്ല എന്നും പറഞ്ഞ്  അദ്ദേഹം ഒരു പാട് പ്രയാസപ്പെട്ടു. മക്കളുടെ പഠിത്തം കഴിഞ്ഞുവല്ലോ. പിന്നെയെന്തിനാ പേടിക്കുന്നേ. ചെന്നൈയിലല്ലേ എങ്ങിനെയെങ്കിലും ഒരു ജോലി കരസ്ഥമാക്കാന്‍ കഴിയും എന്ന് എനിക്കു ധൈര്യ ഉണ്ട് , നിങ്ങള്‍ പോയി ഓണറെ കണ്ടു സംസാരിച്ചിട്ടു വരൂ...ബാക്കിയെല്ലാം പിന്നീടാലോചിക്കാം എന്നൊക്കെ പറഞ്ഞ് ഞാന്‍ ധൈര്യം കൊയുത്തു.ശ്ശൊ..ഈ എന്റെയൊരു കാര്യം....! മനസ്സാക്ഷിയെ വഞ്ചിക്കാതെ ജീവിക്കുന്ന നിങ്ങള്‍ക്ക് ഈശ്വരന്‍ കൂട്ടിനുണ്ടാകും ഇ.#്ടാ..ധൈര്യമായിരിക്കൂ...എന്നൊക്കെ ഞാനങ്ങു കാച്ചിവിട്ടു. എങ്കിലും ഉള്ളിന്റെയുള്ളില്‍ ഒരങ്കലാപ്പില്ലാതിരുന്നില്ല. കാരണം ഒന്നും ചെയ്തില്ലെങ്കിലും വീടിന്റെ വാടക കൊടക്കാനില്ലെങ്കില്‍ വലിയ പ്രശ്‌നം തന്നെയല്ലേ. എന്തായാലും ഓരോന്നാലോചിച്ച് നേരം വെളുത്തതറിഞ്ഞില്ല. രാവിലേ ഓഫീസില്‍ പോയി റിസൈന്‍ ലെറ്റര്‍ കൊടുത്തിട്ട് ഓണറുടെ വീട്ടിലും പോയി വന്നു പറഞ്ഞു അദ്ദേഹം വേറെ കുറെ കമ്പനിയുടെ അഡ്രസ്സ് തന്നിട്ട്, അതിലേക്കൊക്കെ ലേബര്‍ കോണ്‍ട്രാക്ടിന് ക്വട്ടേഷന്‍ അയക്കാന്‍ പറഞ്ഞു. ഒരു ടൈപ്‌റൈറ്ററും ഒരു ലക്ഷം രൂപയുടെ ചെക്കും തന്നിട്ട് ഇന്‍വെസ്റ്റു ചെയ്ത്് ഒരു ഫേം രെജിസ്റ്റര്‍ ചെയ്ത് ഐശ്വര്യമായി ഒരു ഓഫാസ് അങ്ങോട്ടു തുടങ്ങിക്കോളൂ. എല്ലാം നല്ലതിനു വേണ്ടായാ..പിള്ളക്കു നല്ലതേ വരൂ എന്ന് വാഴ്ത്തുകയും ചെയ്തു. അങ്ങിനെ ഞങ്ങള്‍ ചെറുതായിട്ടൊരു സ്ഥാപനം ആരംഭിച്ചു. വെറുമൊരു അടുക്കളക്കാരി യായിരുന്ന ഞാന്‍ അങ്ങിനെ പ്രൊപ്രൈറ്ററിക്‌സ് ആയി. അദ്ദേഹത്തിന് വേറൊരു കമ്പനിയില്‍ ജോലിയും കിട്ടി. അങ്ങിനെ നല്ല വരുമാനവുമായി. ദൈവം നമ്മുടെ കയ്യിലിരിക്കുന്നത് കളയിക്കുന്നത് അതിനേക്കാള്‍ വലുത് നമ്മളെ ഏല്‍പിക്കാനാണ് എന്നു പറയുന്നത് എത്ര ശരിയാണെന്ന് ആ അനുഭവം എന്നെ പഠിപ്പിച്ചു. അല്‍പം ദൈവ വിശ്വാസവും സത്യവും മനസ്സാക്ഷിയും ജോലി ചെയ്യാനുള്ള ഒരു മനസ്സും ഉണ്ടെങ്കില്‍ ഒരു വാതില്‍ അടഞ്ഞാല്‍ 9 വാതിലുകള്‍ നമ്മുടെ മുന്നില്‍ തുറക്കും എന്നതിനു വലിയൊരുദാഹരണമാണ് ഞങ്ങളുടെ ഈ അനുഭവം. 

നന്ദി എല്ലാം കനിഞ്ഞനുഗ്രഹിച്ച ദൈവത്തിനും പിന്നെ ആ വലിയ മനുഷ്യനും.

പ്രണയം വിവാഹത്തിലേക്ക് എപ്പോള്‍


ഹൃദയങ്ങളുടെ പ്രായ ചപലതയില്‍ നിന്നും  ഉടലെടുക്കുന്ന ഒരു തരം വികാരം മൂലം ഒരാള്‍ക്ക് മറ്റോരാളില്‍ അല്ലെങ്കില്‍ മറ്റൊന്നില്‍ തോന്നുന്ന അനുരാഗം ആണ്  പ്രണയം. മൃഗങ്ങളേയും  പക്ഷികളേയും പൂവിനേയും കാറ്റിനേയും പ്രകൃതിയേയും ഒക്കെ പ്രണയിക്കുന്നവരുണ്ട് ഇവിടെ. എന്നാല്‍ ലോക നിലനില്‍പ്പിനായി ദൈവം നല്‍കിയ ഒരു വരദാനമാണ് പുരുഷന്‍ സ്ത്രീയിലും സ്ത്രീ പുരുഷനിലും സുഖം കണ്ടെത്തുക എന്ന പുണ്യമായ വികാരപ്രക്രിയ. ഈ പ്രക്രിയ വളരെ സുരക്ഷതയോടെ പ്രാഗല്‍ഭ്യമാക്കാന്‍ കാലം കാലമായി ആചരിച്ചുപോരുന്ന ഒരു മംഗള കര്‍മ്മമാണ് വിവാഹം. വിവാഹ ജീവിതത്തിന്റെ ആണിക്കല്ലാണ് പ്രണയം. പ്രണയം വിവാഹത്തിനു മുമ്പോ ശേഷമോ ആകാം. അതില്‍ തെറ്റൊന്നും ഉള്ളതായിതോന്നുന്നില്ല. 

സ്വാര്‍ത്ഥതയോ, സ്വന്തം മാതാപിതാക്കളിലുള്ള വിശ്വാസക്കുറവോ, പ്രായത്തിന്റെ ചപലതയോ മറ്റേതെങ്കിലും സാഹചര്യങ്ങളോ ഒക്കെയാവാം ഈ പ്രണയവിവാഹം ഉടലെടുക്കുവാനുള്ള കാരണങ്ങള്‍. അതെന്തും ആയിക്കൊള്ളട്ടെ.  ഈപ്രണയത്തെ എപ്പോഴാന് വിവാഹത്തിലേക്ക് എത്തിക്കേണ്ടതെന്ന് വളരെ ആഴമായി ചിന്തിച്ചു തന്നെ വേണം തീരുമാനമെടുക്കാന്‍. സ്‌നേഹം എന്ന ദൈവീക ചൈതന്യം (ആത്മാര്‍ത്ഥത) കുടിയിരിക്കുന്ന ഹൃദയങ്ങളില്‍ മാത്രമേ ശരിയായ പ്രണയം ഉടലെടുക്കൂ എന്നത് നഗ്നമായ ഒരു സത്യമാണ്. പ്രണയിതാക്കളേ നിങ്ങള്‍ പ്രണയിക്കൂ...പ്രണയിക്കൂ....പ്രണയിച്ചു കൊണ്ടേയിരിക്കൂ...പക്ഷേ അത് വിവാഹം എന്ന മംഗള കര്‍മ്മത്തിലേക്ക് എത്തിക്കുന്നതിനു മുമ്പ് താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തൂ. അതിനു ശേഷം മാത്രം തീരുമാനമെടുക്കൂ. കാരണം വിവാഹം എന്നത് കുറച്ചു നാളത്തേക്കു മാത്രമുള്ള ഒരു നേരമ്പോക്കല്ല, അത് ന്ങ്ങളുടെ ജീവിതത്തിലുടനാളം ആരുമിച്ചു യാത്ര ചെയ്യാനുള്ള തുണയെ തിരഞ്ഞെടുക്കുവാനുള്ള വലിയ ഉത്തരവാദിത്വമാണ്. ജീവിതം എന്നത് വെള്ളത്തിലെ കുമിള പോലെ വീണു കിട്ടുന്ന ഒരു അസുലഭ സ്വര്‍ഗ്ഗീയ കാലം ആണ്. ഈ കാലത്തിന് എത്ര ദൈര്‍ഘ്യം ഉണ്ടാകുമെന്ന് ആര്‍ക്കും നിര്‍വ്വചിക്കാനാവില്ല. അതുകൊണ്ടു തന്നെ ആ ചുരുങ്ങിയ കാലഘട്ടത്തെ ഒരു പരീക്ഷണകാലമായി കാണാന്‍ ഒരിക്കലും ശ്രമിക്കരുത്.  
പ്രണയിച്ചു നടക്കുന്ന കാലങ്ങളില്‍ കുറഞ്ഞത് ് ഇത്രയെങ്കിലും ശ്രദ്ധിക്കൂ. 

1. നിങ്ങളുടെയിടയില്‍ ആത്മ പ്രശംസയോ അഹങ്കാരമോ വരു ന്നുണ്ടോ.ഉണ്ടെങ്കില്‍ അത് പൂര്‍ണ്ണമായും രണ്ടാളും മനസ്സില്‍ നിന്നും  എന്നെന്നേക്കുമായി നീക്കി പരസ്പരം ആത്മാര്‍ത്ഥ മായി സ്‌നേഹിക്കുന്ന രണ്ടു വ്യക്തികള്‍ ആണെന്ന് നിങ്ങള്‍ ഉറപ്പു വരുത്തുക.
2. അന്യോന്യം തമ്മില്‍ കുറ്റം ചുമത്തി കലഹിക്കാറുണ്ടോ...ഉ ണ്ടെങ്കില്‍ പരസ്പരം തെറ്റുകുറ്റങ്ങളെ പൊറുക്കാനും സഹി ക്കാനും ക്ഷമിച്ചു വിട്ടുകൊടുക്കാനും മനസ്സിനെ പരിശീലി പ്പിക്കുക. 
3. അന്യോന്യം ഇഷ്ടാനിഷ്ടങ്ങളില്‍ വാഗ്വാദം ഉണ്ടോ....എങ്കില്‍ ഇഷ്ടങ്ങള്‍ പരസ്പരം അടിച്ചേല്‍പ്പിക്കാതെ വിട്ടുകൊടുക്കാന്‍ ശ്രമിക്കുക. കണ്ടാല്‍ ആഹിതം തോന്നാത്ത വിധം മനസ്സിനി ണങ്ങിയ      വസ്ത്രം ധരിക്കാനും ആരോഗ്യത്തിനു ഹാനി സംഭ വിക്കാത്ത           രീതിയിലുള്ള ഭക്ഷണം കഴിക്കാനും മറ്റുമുള്ള നിങ്ങളുടെ    രണ്ടാളുടേയും സ്വാതന്ത്ര്യത്തില്‍ വിട്ടുവീഴ്ച്ച വന്നാല്‍ അതു സഹിക്കാനുള്ള മനപ്പക്വത നിങ്ങളില്‍ ഉണ്ടോ എന്ന് ഉറപ്പു വരുത്തുക. 
4. ജാതി, മതം, നിങ്ങള്‍ വളര്‍ന്ന ചുറ്റുപാട്, മാതാപിതാക്കള്‍, കൂടപ്പിറപ്പുകള്‍, കുടുംബം മറ്റു വേണ്ടപ്പെട്ടവര്‍ ഇവയോക്കെ വേണ്ടിവന്നാല്‍ ത്യജിക്കാന്‍ നിങ്ങള്‍ തയ്യാറാണോ...
 ഇതൊന്നും വേണ്ടിവന്നില്ലെങ്കില്‍ നല്ലത്. ഒരു പക്ഷേ വേണ്ടിവന്നാല്‍...അതു സഹിക്കുവാന്‍ നിങ്ങളെക്കൊണ്ട് കഴി യുമോ എന്ന് നന്നായി ഉറപ്പു വരുത്തുക. 
5.     നിങ്ങള്‍ അന്യോന്യം ത്യാഗം സഹിക്കാന്‍ തയ്യാറാണോ..
അതായത്  വിവാഹത്തിനു ശേഷം എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നാല്‍ പരസ്പരം ത്യാഗം സഹിക്കാന്‍ തയ്യാ റാണോ എന്ന് മനസ്സിനോട് പലവുരു ചോദിച്ച് ഉറപ്പു വരു ത്തുക. കാരണം അതേച്ചൊല്ലിയും ജീവിതത്തിലുടനീളം നിങ്ങളുടെയിടയില്‍ ഒരു പ്രശ്‌നം വന്നുചേരാന്‍ ഇടയായേ ക്കാം.                 ത്യാഗമനോഭാവം വിവാഹിതരാവാന്‍ പോകുന്നവര്‍ക്ക് ഉണ്ടാവേണ്ട ഒരു മുഖ്യ ഗുണവിശേഷം ആണ്. 

കുറഞ്ഞത് ഇത്രയും കാര്യങ്ങളെക്കുറിച്ചെങ്കിലും മനസ്സില്‍ നന്നായി ഒരു വിശകലനം നടത്തിയ ശേഷം മാത്രമേ തീരുമാനത്തിലെത്താവൂ.ഇനിയും ഇതുപോലെ കുറെ കുറെ ചെറിയ ചെറിയ വളരെ നിസ്സാരമെന്നു തോന്നിക്കുന്ന കാര്യങ്ങള്‍ പോലും പരസ്പരം വിശകലനം ചെയ്തു നോക്കേണ്ടതുണ്ട്. എല്ലാം ഒത്തു പോകുന്നു എങ്കില്‍ മാത്രം ആ പ്രണയം വിവാഹത്തിലേക്കെത്തിക്കുക. അല്ലാത്ത പക്ഷം മുഴു മനസ്സോടെ രണ്ടാളും പരസ്പരം കൈകൊടുത്ത് നല്ല സുഹൃത്തുക്കളായി തുടരുക. ഒരിക്കലും ആ പ്രണയം തുടര്‍ന്നുകൊണ്ടു പോകരുത്.

ഓര്‍മ്മിക്കുക. നിങ്ങളുടെ വിവാഹ ജീവിതം ഐക്യതയും സന്തോഷവും കൊണ്ടു സമൃദ്ധമാകുമ്പോള്‍ മാത്രമാണ് വിവാഹം ചെയ്തയച്ച നിങ്ങളുടെ മാതാപിതാക്കള്‍ക്കും വേണ്ടപ്പെട്ടോര്‍ക്കും സമാധാനപരമായ ഒരു ജീവിതം നയിക്കാന്‍ ആകുന്നത്. മറിച്ച് നിങ്ങളുടെ ബന്ധം തകര്‍ന്നു പോയാല്‍ മറ്റു ബന്ധങ്ങളെയും പഴക്കവഴക്കങ്ങളെയും ആചാര മര്യാദകളേയും വേണ്ടപ്പെട്ടോരുടെ ഉപദേശങ്ങളേയും അതുവരെ ജീവിച്ചു പോന്ന എല്ലാം എല്ലാം അവഗണിച്ചുകൊണ്ട് സ്വന്തം മക്കളുടെ ആഗ്രഹ സഫലീകരണത്തിനു വേണ്ടി മാത്രം നിങ്ങളെ ചേര്‍ത്തു വെച്ച നിങ്ങളുടെ സ്വന്തം മാതാപിതാക്കളും വേണ്ടപ്പെട്ടോരും സ്വന്തബന്ധങ്ങളുടെ മാത്രമല്ല ഈ ലോകത്തിന്റെ മുന്നില്‍ തന്നെ അപഹാസ്യരായിത്തീരും നിങ്ങളെ സ്‌നേഹിച്ചും നിങ്ങള്‍ക്കു വേണ്ടി എല്ലാം സഹിച്ചും ത്യജിച്ചും വലിയ സ്വപ്നങ്ങള്‍ കണ്ടു വളര്‍ത്തയെടുത്ത മാതാപിതാക്കള്‍ക്ക് ഇങ്ങനെയൊരവസ്ഥ ഉണ്ടാക്കി വെക്കുന്നതില്‍ നിന്നും മോചിതരായിക്കൂടെ. എല്ലാ കുഞ്ഞുങ്ങള്‍ക്കും ദൈവം നേര്‍ വഴി കാണിച്ചു തരട്ടെ.

ജീവിതം സ്വന്തം കാഴ്ച്ചപ്പാടിലൂടെ.


ജീവിതം വളരെ ലഘുവാണ്. കോടാനു കോടി ജനങ്ങളുടെ കൂട്ടമായ ഈ ലോകത്തേക്ക് പിറന്നു വീഴുന്ന ഓരോ ജന്മവും അവരുടെ ജീവിത കാലവും വെള്ളത്തിലെ കുമുളകളോട് ഉപമിക്കാവുന്നത്രയും ലഘുവാണ്.  ഇങ്ങനെ അമൂല്യങ്ങലില്‍ അമൂല്യമായി വീണു കിട്ടുന്ന ജീവിതത്തെ എത്രമാത്രം സന്തോഷപ്രദവും സമാധാനപ്രദവും ആക്കാന്‍ നമ്മെക്കൊണ്ട് ആകുമോ അത്രക്കും ആനന്ദകരമാക്കാന്‍ ശ്രമിക്കുക എന്നതായിരിക്കണം നമ്മുടെ ആദ്യത്തെ ലക്ഷ്യം. ആ ലക്ഷ്യത്തിലെത്തിച്ചേരാന്‍ നല്ല മാര്‍ഗ്ഗം മാത്രമേ സ്വീകരിക്കൂ എന്ന പ്രതിജ്ഞയാണ് അടുത്ത കര്‍മ്മം. പിന്നീട് കിട്ടിയ ജീവിതം എങ്ങിനെ ജീവിക്കണം എന്നൊരു തീരുമാനത്തിലെത്തുകയാണ് വേണ്ടത്. അതിനായി ജീവിതത്തെ നന്നായി രുപപ്പെടുത്തേണ്ടതുണ്ട്. നാം ഉദ്ദേശിക്കുന്ന ജീവിതമായിരിക്കില്ല നമുക്ക് ലഭിക്കുന്നത്. പക്ഷേ കിട്ടിയ ജീവിതം എങ്ങിനെ ജീവിക്കണം എന്ന് ഒന്നു ഭാവന ചെയ്യുന്നതില്‍ തെറ്റില്ലല്ലോ.

ജീവിതം കല്ലും മുള്ളും നിറഞ്ഞ പാതയാണെന്ന്് പലരും പറഞ്ഞുകേട്ടിരിക്കുമല്ലോ. എന്നാല്‍ അതില്‍ അത്രക്കു വാസ്തവമുള്ളതായി എനിക്കു തോന്നുന്നില്ല. നാം എടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും അത്. മനസ്സിലെ പ്രതീക്ഷകളും അടങ്ങാത്ത മോഹങ്ങളും സഫലമാകാതെ വരുമ്പോള്‍ ജീവിത പാതയില്‍ കല്ലും മുള്ളും നിറഞ്ഞതായി തോന്നാം. എന്നാല്‍ നമ്മളെക്കാള്‍ താഴ്ന്ന ജീവിത നിലവാരം പുലര്‍ത്തുന്നവരെക്കുറിച്ച് ആലേചിക്കാന്‍ ശ്രമിച്ചാല്‍, ഉള്ളതുകൊണ്ട് ലളിതമായി ജീവിക്കാനുള്ള ഒരു മനസ്സുണ്ടായാല്‍, ജീവിത പാതയില്‍ മൃദുലമായ റോസാദളങ്ങള്‍ ദര്‍ശിക്കാന്‍ സാധിച്ചേക്കും. അതിനായി മനസ്സില്‍  ശക്തമായി ഒരു ഭക്തി വളര്‍ത്തേണ്ടതുണ്ട്. ആ ഭക്തി നമ്മിലെ ജീവചൈതന്യത്തോടായാല്‍ ഏറെ നന്ന്. കുറേക്കൂടി ആന്തരീകമായി ചിന്തിച്ചു നോക്കിയാല്‍ ആ ജീവചൈതന്യം മറ്റാരുമല്ല, നമ്മുടെ  മനസ്സാക്ഷി തന്നെയാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ആ മനസ്സാക്ഷിയെയാണ് നാം രൂപം കൊടുത്ത് പൂജിക്കേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതും. പൂര്‍വ്വീകര്‍ വഴി കാട്ടിത്തന്ന ആ രൂപങ്ങളെ നമുക്ക് മനസ്സാക്ഷിക്കു നല്‍കാം. അമ്പലങ്ങളില്‍ കുടികൊള്ളുന്നു എന്ന് നാം വിശ്വസിക്കുന്ന ദൈവങ്ങള്‍ വാസ്തവത്തില്‍ അമ്പലങ്ങളില്‍ മാത്രമല്ല, നമ്മുടെ എല്ലാവരുടേയും ഉള്ളിന്റെയുള്ളിലും ഒരു ജീവചൈതന്യമായി പ്രകാശിക്കുന്നുണ്ട്. അത് നമ്മുടെ മനസ്സാക്ഷി തന്നെയാണ് എന്ന് എന്നു നാം മനസ്സുകൊണ്ടുണരുന്നുവോ അന്നു മുതല്‍ ജന്മ ദോഷത്തേയോ വിധിയേയോ പഴിക്കാതെ നമുക്ക് ജീവിക്കാനാകും. സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കാതെ സത്യത്തെ പിന്തുടര്‍ന്ന് ജീവിക്കാന്‍ കഴിഞ്ഞാല്‍ ന്യായങ്ങള്‍ നമ്മുടെ പക്കം തിരിയാന്‍ തുടങ്ങും. പിന്നെ ജീവിതം ലളിതമായി തോന്നാന്‍ തുടങ്ങും.

ഇപ്പോള്‍ നമുക്ക് മനസ്സില്‍ തോന്നുന്ന എല്ലാ വികാരങ്ങളും പങ്കുവക്കാന്‍ ഒരാളായി. നമ്മുടെ മനസ്സാക്ഷി അല്ലെങ്കില്‍ ആത്മാവ്, അതുമല്ലെങ്കില്‍ നമ്മിലെ ജീവചൈതന്യം. അതിനേക്കാള്‍ വലിയൊരു ശക്തി ഈ പ്രപഞ്ചത്തില്‍ വേറേ ഇല്ലെന്നു തന്നെ പറയാം. നിങ്ങള്‍ തന്നെ പറയൂ നമ്മുടെ മനസ്സാക്ഷിയേക്കാള്‍ ഇത്ര കണ്ടു വിശ്വസിക്കാവുന്ന ഒരു വ്യക്തിയോ ശക്തിയോ ഈ ലോകത്തുണ്ടോ..മനസ്സാക്ഷി തന്നെയാണ് പ്രപഞ്ച ശക്തി എന്നും ആ പ്രപഞ്ചശക്തിയെയാണ് നാം ദൈവം എന്നു സംബോധന ചെയ്ത് ആരാധിച്ചു പോരുന്നതെന്നും ഇതിനകം വ്യക്തമായിരിക്കുമല്ലോ. ആ ശക്തിക്ക് ഒരു രൂപം കൊടുക്കണോ പല രൂപം കൊടുക്കണോ എന്ന കാര്യത്തിലും ശങ്ക വേണ്ട. സ്വന്തം മനസ്സില്‍ എങ്ങനെ തോന്നുന്നുവോ അങ്ങനെ ചെയ്യാം. ഇപ്പോള്‍ ഗണപതിയും മുരുകനും രാമനും കൃഷ്ണനും ഹനുമാനും ശിവനും പാര്‍വ്വതിയും കാളിയും ദുര്‍ഗ്ഗയും സരസ്വതിയും ലക്ഷ്മിയും  കണ്ണനും ഗുരുവായൂരപ്പനും യേശുവും അള്ളാവും ഒക്കെ എവിടെയാണ് സ്ഥിതി ചെയ്യുന്നത്. ..നമ്മുടെ മനസ്സില്‍..ആരാണ് ഇവരൊക്കെ.....പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തിയായ നമ്മുടെ മനസാസാക്ഷി. ഇത്രയും വ്യക്തമായല്ലോ അല്ലേ.

ഇനി നന്മ എന്ത്....തിന്മ എന്ത്.....ഈ പ്രപഞ്ചത്തില്‍ നന്മയും തിന്മയും ഉണ്ടോ വാസ്തവത്തില്‍..നമ്മുടെ വീക്ഷണത്തില്‍ അല്ലേ നന്മയും തിന്മയും ഒക്കയുള്ളത്. നമ്മുടെ മനസാസാക്ഷിക്ക് നമ്മെ അറിയുന്നതു പോലെ മറ്റാര്‍ക്കാണ് അറിയാന്‍ കഴിയുക. അറിവിന്റെ വെളിച്ചത്തേക്ക് നമ്മെ നയിക്കണമെങ്കില്‍ നാം പല പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ദൈവം  തരുന്ന സമ്മാനമായ ആ പാഠങ്ങളാണ് നമുക്കു തിന്മയായി തോന്നുന്നത്. എല്ലാം ഒരുതരം മായയാണ്. സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കാതെ ജീവിക്കുമ്പോള്‍ എല്ലാ കര്‍മ്മങ്ങളും നന്മയായി മാത്രമേ വന്നു ചേരുകയുള്ളൂ. തല്‍ക്കാലം തിന്മയായി തോന്നുന്ന പല സംഭവങ്ങളും പില്‍ക്കാലത്തെ നന്മയായി പരിണമിക്കാറുണ്ട്. നേരേ മറിച്ച് മനസ്സാക്ഷിയെ ഒരിക്കലെങ്കിലും നാം വഞ്ചിച്ചു പോയാല്‍ മനസ്സാക്ഷിക്കുഴപ്പം നമ്മുടെ മനസ്സിന്റെ അസ്വസ്ഥതയായി മാറുന്നു. നമ്മുടെ മനസ്സിന്റെ ശാന്തത നഷ്ടപ്പെടുന്നു. അപ്പോഴാണ് സംഭവിക്കുന്നതെല്ലാം തിന്മയായി നമുക്കു തോന്നുന്നത്. ഇന്ന് തിന്മയായി തോന്നുന്ന പല സംഭവങ്ങളും പിന്നീട് എത്ര വലിയ നന്മയായിരുന്നു എന്ന് നമുക്കു മനസ്സിലാക്കുവാന്‍ കഴിയും. ജീവിതത്തെ ഒരു നാടകത്തോട് ഉപമിച്ചു നോക്കാം. അതില്‍ നമുക്ക് എന്തു റോള്‍ ആണെന്നറിഞ്ഞ് ആ റോള്‍ ആത്മാര്‍ത്ഥമായി അഭിനയിച്ചാല്‍ മാത്രം മതി. ഒരു നാടകം നല്ല രീതിയില്‍ പര്യവസാനിക്കുകയും തിരശ്ശീല വീഴുകയും ചെയ്യുന്നതുപോലെ നമ്മുടെ ജീവിതവും വിജയത്തിലെത്തിച്ചേരുകയും നല്ല രീതിയില്‍ തന്നെ തിരശ്ശീല വീഴുകയും (ഭഗവദ്പാദ സ്പര്‍ശനത്തില്‍ എത്തിച്ചേരുകയും) ചെയ്യും എന്നാണ് എന്റെ വിശ്വാസം. (ഇത്രയും കാലത്തെ എന്റെ ജീവിതാനുഭവങ്ങള്‍ എന്നെ പഠിപ്പിച്ച പാഠങ്ങളാണ് ഇത്. പലര്‍ക്കും ജീവിതത്തെപ്പറ്റി വെത്യസ്തമായ കാഴ്ചപ്പാടുകളും നിര്‍വ്വചനങ്ങളും ആയിരിക്കും ഉണ്ടാവുക. എന്റെ  ഈ കാഴ്ചപ്പാട് ശരിയായിക്കൊള്ളണമെന്നില്ല. )

അച്ഛനും ഉണ്ടൊരു ഹൃദയം


നമ്മള്‍ ആദ്യം കാണുന്നത് അമ്മയേയോ അച്ഛനേയോ അല്ലെങ്കിലും ആദ്യം നമ്മില്‍ പതിയുന്നത് അമ്മയുടെ മുഖമാണ്. എന്നതില്‍ യാത രു സംശയവുമില്ല. കുറച്ചു വൈകിയാണെങ്കിലും അമ്മ ചൂണ്ടിക്കാണിക്കുന്ന അച്ഛന്റെ രൂപവും നമ്മില്‍ പതിയുന്നില്ലേ. എന്നിട്ടും അമ്മയേയും അമ്മയുടെ സ്‌നേഹത്തേയും കുറിച്ച് വായ്‌തോരാതെ വാഴ്ത്തുന്ന നമ്മളില്‍ പലരും അച്ഛനു വേണ്ടി എഴുതാനോ, പിതൃത്വം മഹനീയമായി അവതരിപ്പിക്കുവാനോ മെനക്കെടാറില്ല എന്നതു വേദനാജനകമല്ലേ. ആദ്യത്തെ കണ്മണിയുടെ ജനനത്തോടെ ഒരു അമ്മയോടൊപ്പം ഒരു അച്ഛനും കൂടി ഉല്‍ഭവിക്കുന്നുണ്ട് ഈ ഭൂമിയില്‍ എന്ന വാസ്തവം പലപ്പോഴും നാം  വിസ്മരിക്കുകയല്ലേ. നീണ്ട 9 മാസങ്ങള്‍ ത്യാഗമനഹഭവിച്ച് ക്ഷമയോടെ കാത്തിരുന്ന് ഒരു സ്ത്രീ അമ്മയാകുന്നതോടൊപ്പം തന്നെ തന്റെ സമ്പാദ്യത്തില്‍ വലിയൊരു പങ്ക് ഭാര്യയുടേയും ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റേയും ആരോഗ്യ സംരക്ഷണത്തിനു വേണ്ടി ചിലവാക്കി അവളുടെ ഭര്‍ത്താവെന്ന പുരുഷന്‍ അച്ഛനുമാകുന്നുണ്ട്.  സ്ത്രീ ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ മാത്രം ഓര്‍ത്ത് വ്യാകുലപ്പെടമ്പോള്‍ പുരുഷന്‍ ഭാര്യയേയും കുഞ്ഞിനേയും ഓര്‍ത്ത് വ്യാകുലപ്പെടുന്നുണ്ട്. ഭാര്യയെ ലേബര്‍ റൂമിലേക്കു കയറ്റിയാല്‍ പിന്നെ ആ മുറിയുടെ വാതില്‍ക്കല്‍ അങ്ങോട്ടുമിങ്ങോട്ടും അക്ഷമനായി നടക്കുന്ന ഭര്‍ത്താവിനെ കണ്ടിരിക്കുമല്ലോ ഒരുതരം വരണ്ട നടത്തം.. ചിരിക്കാതെ ചിരിച്ചും  ഇരിക്കാതെ ഇരുന്നും പറയാതെ പറഞ്ഞും ഒരു കുഞ്ഞിക്കരച്ചില്‍ തേടുന്നൊരു നോട്ടം ..ഒരു തേടല്‍ ആ മുഖത്തു കാണാം.  ഒടുവില്‍ അകത്ത് കുഞ്ഞിന്റെ കരച്ചിലിനൊപ്പം ദൈവമേ എന്നു പിടയുന്നൊരു ഹൃദയം  അവനിലുമുണ്ട്. ആ ചുരുങ്ങിയ നേരം കൊണ്ട് ഒരു ഗര്‍ഭകാലം പേറിയ കണ്‍കോണിലെ നനവ്  .... അതാണ് അച്ഛന്‍.

അച്ഛന്‍ പലപ്പോഴും പലയിടത്തും നിശബ്ദത പാലിച്ച് വികാരങ്ങള്‍ മനസ്സിലൊതുക്കി ഗൗരവം നടിച്ച് മാറി നടക്കുന്നത് മക്കളുടെ സ്‌നേഹവും വാല്‍സല്യവും അമ്മക്കു ലഭിച്ചോട്ടെ എന്നു കരുതിയാണ്.  പുറത്തെവിടെയെങ്കിലും യാത്ര പോകുമ്പോള്‍ മിക്കവാറും കുഞ്ഞ് അച്ഛന്റെ കയ്യിലായിരിക്കില്ലേ. ഉല്‍സവങ്ങളും ആഘോഷങ്ങളും അച്ഛന്റെ തോളിലിരുന്നല്ലേ കുഞ്ഞ് ആസ്വദിക്കുന്നത്. കുഞ്ഞിനോടൊപ്പം ഓടിക്കളിക്കുന്നതും, നെഞ്ചില്‍ കിടത്തിയുറക്കുന്നതും, ആനയാകുന്നതും അച്ഛന്‍ തന്നെ.   അമ്മ പത്തു മാസം വയറ്റില്‍ ചുമന്നതിനു പകരമായി പത്തു വയസ്സുവരെ അച്ഛന്‍ തോളില്‍ ചുമക്കുന്നുണ്ട്. പകല്‍ കുഞ്ഞിനെ ഒന്നടിക്കേണ്ടി വന്നാല്‍ രാത്രിയില്‍ ഉറക്കം വരാതെ കുഞ്ഞിനെ തലോടി നേരം വെളുപ്പിക്കുന്ന ഒരച്ഛന്‍ എനിക്കുമുണ്ടായിരുന്നു.

വിവാഹ ശേഷം ഭര്‍ത്തൃഗൃഹത്തിലേക്കു പോകുന്ന മകളുടെ ഒപ്പം പറിച്ചെറിയുന്ന ഹൃദയം അമ്മയെപ്പോലെ അച്ഛനുമുണ്ട്. ജോലി തേടിപ്പോകുന്ന മകന്റെ പൊതിച്ചോറിനൊപ്പം അമ്മയുടേതു പോലെ തന്നെ അച്ഛന്റേയും ഉറക്കവും ശാന്തിയും സമാധാനവും ചേര്‍ത്തു കെട്ടുന്നുണ്ട്.  എന്നാല്‍ ഈ  യാഥാര്‍ത്ഥ്യങ്ങള്‍ ആരും ഓര്‍ക്കാതെ പോകുമ്പോള്‍ ആ നെഞ്ചില്‍ ഉണ്ടാകുന്ന വിങ്ങല്‍ ഒരു ചെറു പുഞിരിയില്‍ ഒതുങ്ങുകയാണ് പലപ്പോഴും.  ചുരുക്കത്തില്‍ അമ്മയെപ്പോലെ മക്കളെ സ്‌നേഹിക്കുന്ന, അവരെപ്പറ്റി വ്യാകുലപ്പെടുന്ന സ്‌നേഹ നിര്‍ഭരമായ ഒരു ഹൃദയം ചില അച്ഛന്മാരിലെങ്കിലും ഉണ്ടെന്ന വസ്തുത വിസ്മരിക്കാതിരിക്കുക.

അച്ഛന്റെ തൊരപ്പന്‍


പല്ലു തേക്കാതെയും കുളിക്കാതെയും മുതിര്‍ന്നവരെ പറ്റിച്ച് ചായയും കടിയും അകത്താക്കുക എന്നത് ഒരു ഹരമായിരുന്നു കുഞ്ഞുന്നാളില്‍ എന്നാല്‍ തെക്കെ പറമ്പില്‍ നട്ട കപ്പ പാകമാകാറാകുമ്പോള്‍ എന്റെ കുളിക്കാനുള്ള മടിയൊക്കെ പമ്പ കടക്കും. കപ്പക്കട മാന്തിത്തിന്നാനുള്ള അടവാണ് ആ കുളിയുടെ പിന്നില്‍. കാരണം കുളം തെക്കേപ്പറമ്പിലാണ്. കുളിക്കാനെന്നും പറഞ്ഞ് തെക്കെപ്പറമ്പിലേക്കു പോയാല്‍ പിന്നെ കപ്പക്കട മാന്തി കപ്പയൊടിച്ചെടുത്ത് കുളത്തിലിട്ടു കഴുകി അവിടെയിരുന്നു തിന്ന ശേഷം കുളിച്ചു കുട്ടപ്പിയായി ഞാനൊന്നുമറി ഞ്ഞില്ലേ രാമനാരായണാ എന്നൊരു വരവാ വീട്ടിലേക്ക്. ഏഴെട്ടു കുഞ്ഞുങ്ങള്‍ക്ക് ചോറും കെട്ടി സ്‌കൂളില്‍ അയക്കുന്നത് ഒരു വലിയ ജോലി തന്നെയാണ്. അതിനിടയിലാണ് എന്റെയൊരു മുടിഞ്ഞ കുളി വാശി. എന്തായാലും കപ്പ തീരും വരെ അമ്മക്കൊരാശ്വാസം.

കപ്പ പറിക്കാറായപ്പോള്‍ അച്ഛന്‍ ആളേയും കൊണ്ടു വന്നു. അന്ന് സ്‌കൂളിലേക്കുപോകുമ്പോള്‍ മനസ്സിലൊരു നടുക്കമായിരുന്നു. വഴിയിലും ക്ലാസ്സിലും മിടുക്കിക്കുട്ടിയായിരുന്നു അന്നു മുഴുവന്നും . ക്ലാസ്സില്‍ പഠിപ്പിട്ടതൊന്നും തലയില്‍ കയറിയില്ല. അതെങ്ങിനെയാ വൈകുന്നേരത്തെ പൂരോം ചൂരല്‍ കഷായോം ഒക്കെയല്ലേ മനസ്സില്‍. വൈകുന്നേരം ബെല്‌ലിച്ചപ്പോള്‍ ദേഹമാകെയൊരു ചൂടു പരന്നു. വല്ലാത്തൊരസ്വസ്ഥത. ഇന്ന് എന്റെ കാര്യത്തിനേതാണ്ടൊരു തീരുമാനമാകും. അടിയുറപ്പാ..എന്നൊക്കെ ഓരോന്നു ചിന്തിച്ച് എളുപ്പം വീട്ടിലെത്തിയപോലെ തോന്നി. ആരേയും കാണുന്നില്ല ഉമ്മറത്ത്. മെല്ലെ അകത്തു കടന്ന് ബാഗും ഷെല്‍ഫില്‍ വെച്ച്  കയ്യും മുഖവും കഴുകി വന്ന് പേടിച്ചു പേടിച്ചു നിന്നു. സരൂ ...അമ്മയാണു വിളിച്ചത് . എന്റെ നല്ല ജീനങ്ങു പോയി. എന്നാലും അമ്മേടേ അടുത്തേക്കു ചെന്നു. അടുക്കളയില്‍ ചായയിരിപ്പുണ്ട് എടുത്തു കുടിച്ചേച്ച് വേഗം കടയില്‍ പോകാന്‍ നോക്ക് എന്ന്.കടയില്‍ പോകുന്ന ജോലി എന്റേതാണ്. ഹാവൂ...സമാധാനമായി എനിക്ക്. പ്രശ്‌നങ്ങളൊന്നുമില്ല. ആരും ഒന്നു കണ്ടുപിടിച്ചിട്ടുമില്ല. ഭാഗ്യം.  ദൈവത്തിന് അപ്പോള്‍ തന്നെ ഒരു നൂറു കോടി നന്ദിയും വരവു വച്ച്  ലിസ്റ്റും സഞ്ചിയുമെടുത്ത് കടയിലേക്കു പോയി. അടുത്ത കള്ളത്തരം തേടി മനസ്സും യാത്രയായി.

അടുത്ത വര്‍ഷം കപ്പ നടുന്ന സമയം വന്നപ്പോള്‍ അച്ഛന്‍ അമ്മയോട് പറയുകയാണ് ഈ വര്‍ഷം തെക്കേപ്പറമ്പില്‍ കപ്പ നടണ്ട. അപ്പിടി തൊരപ്പന്റെ ശല്യമാണ്.. പടിഞ്ഞാപ്പുറത്തേക്ക് നീക്കി നടാന്‍ പറയൂ അവരോട്. ഒരു രണ്ടു വര്‍ഷം വിട്ടു നോക്കാം .തൊരപ്പന്റെ ശല്യമൊന്നു കുറയട്ടെ എന്ന്. പാവം അച്ഛനുണ്ടോ അറിയുന്നു മക്കളില്‍ തൊരപ്പനും ഉണ്ടെന്ന കാര്യം. അച്ഛന്റെ 80-ാം പിറന്നാള്‍ ആഘോഷത്തിന്റെ  അന്ന് ഈ കഥ പറഞ്ഞ് ഞങ്ങള്‍ ഒരുപാടു ചിരിച്ചു.

ഓര്‍മ്മയിലെ ഓണാഘോഷം


കുട്ടിക്കാലത്തെ ഓണമെന്നുപറഞ്ഞാല്‍ കൂട്ടുകാരും കൂടപ്പിറപ്പുകളും ഒത്തുകൂടി പറമ്പായപറമ്പൊക്കെ ചവുട്ടിപ്പൊട്ടിച്ച് പൂപറിക്കാന്‍ നടക്കുന്നതും കോടിയുടുത്തു വിലസുന്നതും കുറേവിഭവങ്ങള്‍ കൂട്ടിയുള്ള ഗംഭീരമായ സദ്യയൂണ്ണുന്നതും  പുലികളിയും തിരുവാതിരക്കളിയും ഒക്കെയാണ് ഓര്‍മ്മയില്‍വരുന്നത്. എന്നാല്‍ സ്‌കൂളില്‍ പഠിക്കുന്നകാലംമുതല്‍ക്കാണ് ഓണം എന്താണെന്നും എങ്ങനെയാണ് അത് നമ്മുടേതു മാത്രമായതെന്നും ഒക്കെ മനസ്സിലാകാന്‍തുടങ്ങിയത്.

കേരളത്തിന്‍റെ ദേശീയോല്‍സവമാണല്ലോ ഓണം.  ചിങ്ങ മാസത്തിലെ അത്തംനാള്‍ മുതല്‍ ആരംഭിക്കും ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍. വീടുംപരിസരവും വൃത്തിയാക്കി,  വേലികെട്ടി, വെള്ളപൂശി, കോടിവാങ്ങി ഉല്‍സാഹത്തോടെ മാവേലി മന്നനെ എതിരേല്‍ക്കാന്‍ ഉള്ള ഒരുക്കങ്ങളില്‍ വ്യാപൃതരാകും മലയാളമനസ്സുകള്‍.
ഐതിഹ്യം.
ഒരുപാട് ഐതിഹ്യങ്ങളുണ്ട് ഓണത്തെ പറ്റി. അതില്‍ പ്രധാനമാത് മഹാബലിയുടെതു തന്നെ. അസുര രാജാവും വിഷ്ണു ഭക്തനും ആയിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടിയായിരുന്നു മഹാബലി. ദേവന്മാര്‍ക്കു പോലും അസൂയ തോന്നുന്നതായിരുന്നു മഹാബലിയുടെ ഭരണകാലം.  അദ്ദേഹത്തിന്റെ ഭരണകാലത്ത് നാട്ടിലെമ്പാടും ഐക്യതയും സത്യസന്ധതയും ദയയും ഒക്കെ നിലനിന്നിരുന്നു. പ്രജകള്‍ ഐശ്വര്യത്തലാറാടി ആനന്ദഭരിതരായി ദൈവങ്ങളെപ്പോലുംമറന്ന് സസന്തോഷം ജീവിച്ചുപോന്നു.
അക്കാലത്ത് ഐക്യതയും സമത്വവും സത്യസന്ധതയും നിലനിന്നിരുന്നു. എങ്ങും എല്ലാര്‍ക്കും സമൃദ്ധിയായിരുന്നു.  മഹാബലിയുടെ ഐശ്വര്യത്തില്‍ അസൂയാലുക്കളായ ദേവന്മാര്‍ വിഷ്ണുവിനെ ചെന്നുകണ്ട് സഹായമഭ്യര്‍ത്ഥിച്ചു. ഉടന്‍തന്നെ വിഷ്ണു വാമനനായി അവതാരമെടുത്ത് വിശ്വജിത്ത് യാഗം ചെയ്തു കൊണ്ടിരുന്ന മഹാബലിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട്  ഭിക്ഷയായി മൂന്നടിമണ്ണ് ആവശ്യപ്പെട്ടു. ദാനധര്‍മ്മിഷ്ടനായ മഹാബലി മൂന്നടിമണ്ണ് അളന്നെടുക്കുവാന്‍ വാമനന് അനുവാദംനല്കി. ഞൊടിയിടയില്‍ ആകാശം മുട്ടെ വളര്‍ന്ന വാമനന്‍  തന്‍റെ കാല്‍പാദം അളവുകോലാക്കി ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടി എവിടെ അളക്കണം എന്നു ചോദിച്ചപ്പോള്‍ ആ മഹാമനസ്‌കന്‍ തന്‍റെ ശിരസ്സു കാണിച്ചുകൊടുത്തു. വാമനന്‍ തന്‍റെ പാദസ്പര്‍ശത്താല്‍ ധാര്‍മ്മീകതയില്‍ വല്ലാതെ അഹങ്കരിച്ചിരുന്ന ദുരഭിമാനിയായ മഹാബലിയെ അഹങ്കാരത്തില്‍ നിന്ന് മോചിതനാക്കി സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തി.  തല്‍സമയം മഹാബലി തനിക്ക് പ്രജകളോടുള്ള അനുകമ്പയും പ്രിയവും അവതരിപ്പിച്ചപ്പോള്‍  ഭഗവാന്‍ ആണ്ടിലൊരിക്കല്‍ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളില്‍ കേരളത്തില്‍വന്ന് പ്രജകളെ സന്ദര്‍ശിക്കുന്നതിന് അനുവാദവും നല്‍കി. അങ്ങിനെ  ഓരോവര്‍ഷവും  മഹാബലി തന്‍റെ  പ്രജകളെ അദൃശ്യനായി സന്ദര്‍ശിക്കാന്‍ വരുന്നു എന്നാണ് കേരളീയരുടെ ഇടയിലുള്ള വിശ്വാസം. സിദ്ധാര്‍ത്ഥ രാജകുമാരന്‍ ബോധോദയത്തിനുശേഷം ശ്രവണപദത്തിലേക്കുപ്രവേശിച്ചത് ശ്രാവണമാസത്തിലെ തിരുവാണനാളിലായിരുന്നു എന്നാണ് പറയപ്പെതുന്നത്. ശ്രാവണപദസ്വീകാരം ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണം എന്ന ഒരു ഐതിഹ്യവും കേട്ടിട്ടുണ്ട്. ശ്രാവണം  എന്നപദം ലോപിച്ചുണ്ടായതാണ് ഓണം എന്നും പറയപ്പെടുന്നു. ചിങ്ങമാസത്തെ പൊന്നിന്‍ ചിങ്ങം എന്നാണ് പറയുന്നത്. ചിങ്ങം പിറന്നാല്‍ ചിണുങ്ങിചിണുങ്ങി എന്നു പറയാറില്ലേ. മഴ മാറി വാണിജ്യം പുനരാരംഭിക്കുന്നത് ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ്. മഴകാരണം വാണിജ്യത്തിന്റെ ആദ്യനാള്‍ മുതല്‍ അതുവരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകള്‍ സ്വര്‍ണ്ണവുമായി എത്തുന്നു. അതുകൊണ്ടാണ് ചിങ്ങമാസത്തിനെ പൊന്നിന്‍ ചിങ്ങം എന്നും ഓണം നാളിനെ പൊന്നോണം എന്നും പറയുന്നത്.
തൃക്കാക്കരെയപ്പന്‍
തൃക്കാക്കരയപ്പന്‍റെ പ്രാധാന്യം പരശുരാമനുമായി ബന്ധപ്പെട്ടുള്ള ഓണത്തിന്‍റെ ഐതിഹ്യത്തിലാണ്. . വരുണനില്‍നിന്നും  കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണര്‍ക്ക് ദാനംനല്കിയ പരശുരാമന്‍ അവരുമായി പിണങ്ങിപ്പിരിയുകയും തല്‍സമയം  മാപ്പപോക്ഷിച്ച ബ്രാഹ്മണരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് വര്‍ഷത്തിലൊരിക്കല്‍ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളില്‍ വിഷ്ണുവിന്‍റെ ഒരവതാരമായ പരശുരാമന്‍ തൃക്കാക്കരയില്‍  അവതരിച്ചോളാം എന്ന് വാഗ്ദാനംചെയ്യുകയും ചെയ്തു. ഇതാണ് ഓണംനാളില്‍ തൃക്കാക്കരയപ്പനെ പൂജിക്കുന്നതിന്റെ പൊരുള്‍.
മുറ്റത്തു ചാണകം മെഴുകി പൂക്കളം ഉണ്ടാക്കുകയാണ് ആദ്യഒരുക്കം. അത്തം, ചിത്തിര, ചോതി എന്നീ ആദ്യമൂന്നു നാളുകളില്‍ തുമ്പപ്പൂവും തുളസിക്കതിരും മാത്രം കൊണ്ടായിരിക്കും പൂക്കളം ഒരുക്കുക.. വിശാഘം നാളില്‍ മുള്ളുകമ്പുകൊണ്ട് താമരവരച്ച് വര്‍ണ്ണപ്പൂക്കള്‍കൊണ്ട് താമരപ്പൂക്കളം ഉണ്ടാക്കും. തൃക്കേട്ടനാളില്‍ നാഴികമണി ആകൃതിയിലും മൂലത്തുന്നാള്‍ മുറംപോലെയും പൂരാടം ഉത്രാടം നാളുകളില്‍ ഇഷ്ടാനുസരണം വലുപ്പമുള്ള പൂക്കളങ്ങളും ഉണ്ടാക്കും.
ഉത്രാടപ്പാച്ചില്‍

ഉത്രാടപ്പാച്ചില്‍ എന്നുകേട്ടിട്ടില്ലേ. ഉത്രാടംനാള്‍ ഓണച്ചന്തയില്‍ പോയി ഓണസാമഗ്രികള്‍  അടുപ്പിക്കുവാനുള്ള തിരക്കിലായിരിക്കും വീട്ടിലെ മുതിര്‍ന്നവര്‍. അന്നുവൈകുന്നേരം പൂമാറ്റി പൂത്തറയുണ്ടാക്കി കുരുത്തോലപ്പന്തലിട്ട് പൂത്തറയേയും കളിമണ്ണുകൊണ്ടു മെനഞ്ഞെടുത്ത തൃക്കാക്കരയപ്പനേയും ഇഷ്ടിക അരച്ചുപുരട്ടി അരിമാവണിയിച്ച് ആലങ്കരിക്കും. ഒരു വലിയ കുട്ടനിറയെ തുമ്പക്കുടവും ചെത്തിപ്പൂവും തുളസിക്കതിരും കുരുത്തോല കഷ്ണങ്ങളാക്കിയതും മറ്റുപൂക്കളും ചേര്‍ത്ത് നല്ലപോലെ ഇളക്കി തയ്യാറാക്കി എടുത്തുവയ്ക്കും. പിന്നെ ഉപ്പേരികള്‍ തുടങ്ങിയ പലഹാരങ്ങളും ഓണസദ്യക്കുള്ള ഇഞ്ചി, നാരങ്ങ, മാങ്ങ തുടങ്ങിയ അച്ചാറുകളും അരികൊണ്ടുള്ള അടയും ഒക്കെ ഉണ്ടാക്കിവെച്ചശേഷമേ ഉറങ്ങാറുള്ളൂ. ചിലപ്പോള്‍ ഉറങ്ങാന്‍ സമയംകിട്ടിയെന്നുംവരില്ല. ഇതിനെയാണ് ഉത്രാടപ്പാച്ചില്‍ എന്ന് പഴമക്കാര്‍പറയുന്നത്.
ഓണം കൊള്ളല്‍
തിരുവോണം നാളില്‍ വെളുപ്പിനെതന്നെ എഴുന്നേറ്റ് കുളിച്ച് കോടിയണിയും. പടിവാതില്‍ക്കല്‍ ചാണകംകൊണ്ട് മെഴുകിയ ചെറിയൊരുകളത്തില്‍ നാക്കിലയില്‍ അവിലും മലരും ശര്‍ക്കരയും അടയും വെച്ച് ഒരാള്‍ കാത്തുനില്‍ക്കും. അല്ലെങ്കില്‍ അടയുംകൊണ്ട് അടക്കള്ളന്മാര്‍ പോകും. പിന്നീട് വീട്ടിലെ മൂത്തകാരണവരെ അനുഗമിച്ച്  തേങ്ങയും പൂക്കൊട്ടയും കൊളുത്തിയവിളക്കുമായി പടിയ്ക്കലേക്ക് പോകും. അവിടെ വിളക്കുവെച്ച് തേങ്ങഉടച്ച്  മാവേലിത്തമ്പുരാനെ മനസ്സില്‍ സങ്കല്‍പിച്ച് നടപ്പാതതോറും പുഷ്പങ്ങള്‍വിതറി നിറമനസ്സോടെ  തൃക്കാക്കരപ്പോ പടിക്കേലും വായോ.....ഞാനിട്ട പൂക്കളം കാണാനും വായോ......ആര്‍പ്പേയ്....ഇര്‍റോ.... ....ഇര്‍റോ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ഭക്തിപുരസ്സരം മാവേലിയെ വീട്ടിലേക്കാനയിച്ച് പൂത്തറയിലിരുത്തി പൂജിക്കും.
ഓണസദ്യ
പിന്നെ സദ്യക്കുള്ള ഒരുക്കങ്ങളാണ്. പരിപ്പ്, നെയ്യ്, ഉപ്പ്, സാമ്പാര്‍, അവിയല്‍,  തോരന്‍, പച്ചടി,  കിച്ചടി,  ഓലന്‍, തീയല്‍, കാളന്‍, എരിശ്ശേരി,  പുളിശ്ശേരി,  കൂട്ടുകറി,  രസം,  പച്ചമോര്,  ഇഞ്ചി,  നാരങ്ങ,  മാങ്ങ,  ഉപ്പേരികള്‍, പപ്പടം, പഴം, പായസം,  അപ്പം,  വട,  എള്ളുണ്ട എന്നീ വിഭവങ്ങള്‍ ഉണ്ടാകും എന്റെ അമ്മയുടെ ഓണസദ്യയില്‍. അന്ന് എന്‍റെ അച്ഛനും ഉണ്ടാവും അടുക്കളയില്‍ സഹായത്തിന്. നിലവിളക്കുകൊളുത്തി നാക്കില നാക്ക് ഇടതുവശം വരുന്നരീതിയില്‍വെച്ച്  എല്ലാ വിഭവങ്ങളും ആദ്യം ഗണപതിക്ക് വിളമ്പും. അതുകഴിഞ്ഞേ എല്ലാര്‍ക്കും വിളമ്പാറുള്ളൂ. വിളമ്പുന്നതിനുമുണ്ട് പ്രത്യേകത..  ഇടതു മുകളില്‍ ഉപ്പേരി,  വലതു താഴെ ശര്‍ക്കരയുപ്പേരി,  ഇടത്ത് പപ്പടം,  വലത്ത് കാളന്‍, ഓലന്‍, എരിശ്ശേരി, നടുക്കു ചോറ്നിരന്ന്ഉപ്പിലിട്ടത്. വിഭവങ്ങളുടെ രുചികള്‍ വിവരിച്ചുകൊണ്ടുള്ള ആ സദ്യയൂണ് ഇന്നും മനസ്സില്‍ മങ്ങാതെതന്നെയുണ്ട്. ഊണു കഴിഞ്ഞാല്‍ മാറ്റിനിക്കു പോകുന്നപതിവും ഉണ്ടായിരുന്നു.  
ഓണക്കളികള്‍
വള്ളംകളി, സുന്ദരിയ്ക്കു പൊട്ടുകുത്ത്,  ഓണക്കളി,  കൈകൊട്ടിക്കളി,  പുലികളി,  കുമ്മാട്ടിക്കളി, പകിടകളി തുടങ്ങിയ കളികള്‍ ഓണനാളില്‍ പതിവാണ്. വീട്ടിലെ മുതിര്‍ന്നവരും കൂടും കളിക്ക്. പിന്നെ കളിച്ചു ക്ഷീണിച്ച ഉറക്കം. അതാണ്‌ പതിവ്.
ഓണതോടനുബന്ധിച്ചുള്ള വള്ളംകളിയുണ്ടായതും രസകരമായ ഒരു കഥയാണ്‌. ദിവസേന ഒരു തീര്‍ത്ഥാടകന് തന്‍റെവീട്ടില്‍ ഭക്ഷണംനല്‍കുക അദ്ദേഹത്തിന്‍റെ പതിവായിരുന്നു. ഒരു ദിവസം തീര്‍ത്ഥാടകരാരും വന്നു കണ്ടില്ല. അവസാനം ഒരാള്‍ വരികയും ഭക്ഷണത്തിനുശേഷം വീണ്ടും വരണമെന്നു പറഞ്ഞപ്പോള്‍ അതു സാദ്ധ്യമല്ല എന്ന് അയാള്‍ പറയുകയും ചെയ്തു. പോകാന്‍നേരം ആറന്മുള ക്ഷേത്രത്തില്‍ തന്നെ കാണാമെന്നുപറഞ്ഞ് അയാള്‍ മറഞ്ഞു. അപ്പോഴാണ് തീര്‍ത്ഥാടകന്‍ മറ്റാരുമല്ല സാക്ഷാല്‍ ശ്രീകൃഷ്ണനാണ് എന്ന് ഭക്തനുമനസ്സിലായത്.  അതിനുശേഷം എല്ലാ തിരുവോണനാളിലും അയാള്‍ അരിയും മറ്റുസാധനങ്ങളും സദ്യക്കായി വള്ളത്തില്‍ കൊണ്ടുവന്നിരുന്നു. ഒരുക്കല്‍ ഈവള്ളത്തിനുനേര്‍ക്ക് ഒരാക്രമണം  ഉണ്ടാവുകയും പിന്നീട് ഇത്തരത്തിലുള്ള സംഭവങ്ങള്‍ തടയാന്‍ ചുണ്ടന്‍വള്ളങ്ങളെ അകമ്പടിയായി കൊണ്ടുവരികയുംചെയ്തു. ഇതാണ് പിന്നീട് വള്ളംകളിയായി മാറിയത്. മുപ്പതടിയോളം നീളമുള്ള ചുണ്ടന്‍വള്ളങ്ങളില്‍ 4 അമരക്കാരും നൂറോളം തുഴക്കാരും ഇരുപത്തഞ്ചോളം പാട്ടുകാരും ഉണ്ടാകും. ആറന്മുളയില്‍ മാത്രമല്ല,  പായിപ്പാട്,  കരുവാറ്റ എന്നിവിടങ്ങളിലും വള്ളംകളി നടക്കാറുണ്ട്.
ഓണപ്പാട്ട്.
മാവേലി നാടു വാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
ആധികള്‍ വ്യാധികളൊന്നുമില്ലാ
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല
ദുഷ്ടരെ കണ്‍കൊണ്ടു കാണ്‍മാനില്ല
നല്ലവരല്ലാതെയില്ല പാരില്‍
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
വെള്ളിക്കോലാദികള്‍ നാഴികളും
എല്ലാം കണക്കിനു തുല്യമായി
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ

ഓണത്തല്ല്
ഓണക്കലയിനങ്ങളില്‍ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്. ഓണപ്പട, കയ്യാങ്കളി എന്നും ഇതിനുപേരുണ്ട്. കൈപരത്തിയുള്ള അടിയും തടവും മാത്രമേ പാടുള്ളൂ ഓണത്തല്ലില്‍. മുഷ്ടിചുരുട്ടി ഇടിയ്ക്കുകയോ ചവിട്ടുകയോ അരുത്. വ്യവസ്ഥ തെറ്റുമ്പോള്‍ പിടിച്ചുമാറ്റാന്‍ ചാതിക്കാരന്മാര്‍ (റെഫറി) ഉണ്ട്. നിരന്നു നില്‍ക്കുന്ന രണ്ടു ചേരിക്കാര്‍ക്കും നടുവില്‍  14 മീറ്റര്‍ വ്യാസത്തില്‍ ചാണകം മെഴുകിയ കളത്തിലാണ് തല്ലുനടക്കുക. ഇതിന് ആട്ടക്കളം എന്നുപറയുന്നു. തല്ലു തുടങ്ങംമുമ്പ് രണ്ടുചേരിക്കാരും പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കന്മാരെ വണങ്ങുകയും ചെയ്യുന്നു. ഇതിന് ചേരികുമ്പിടുക എന്നുപറയും. ഏതെങ്കിലും ഒരു ചേരിയില്‍ നിന്ന് പോര്‍വിളിമുഴക്കി ഒരാള്‍ ആട്ടക്കളത്തിലിറങ്ങുന്നു. തുല്യശക്തിയുള്ള ഒരാള്‍ എതിര്‍ചേരിയില്‍ നിന്നും ഇറങ്ങും. തറ്റുടുത്ത് ചേലമുറുക്കി ഹയ്യത്തട എന്നൊരാര്‍പ്പോടെ നിലംവിട്ടുയര്‍ന്ന് കളംതൊട്ടുവന്ദിച്ച് ഒറ്റക്കുതിപ്പില്‍ രണ്ടുതല്ലുകാരും മുഖതേതോടുമുഖംനോക്കിനിന്ന് ഇരുകൈകളും കോര്‍ക്കും. പിന്നെ കൈകള്‍രണ്ടും ആകാവുന്നത്ര ബലത്തില്‍ കോര്‍ത്ത് മുകളിലേക്കുയര്‍ത്തി താഴേയ്ക്ക് ശക്തിയായി വലിച്ചുവിടുവിക്കും. അതോടെ തല്ലു തുടങ്ങുകയായി. ഒപ്പം ആര്‍പ്പുവിളികളും. തല്ലുതുടങ്ങിയാല്‍ ഏതെങ്കിലും ഒരു പക്ഷത്തിന് വിജയം കിട്ടാതെ കളംവിട്ടു പോകരുതെന്ന് നിയമമുണ്ട് 
ഓണക്കാഴ്ച
ജന്മിയുമായുള്ള ഉടമ്പടിപ്രകാരം പാട്ടക്കാരനായ കുടിയാന്‍ നല്‍കേണ്ടിയിരുന്ന നിര്‍ബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ചസമര്‍പ്പണം. കാഴ്ചയര്‍പ്പിക്കുന്ന കുടിയാന്മാര്‍ക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാര്‍ നല്‍കിയിരുന്നു. വീട്ടിലെ പെണ്‍കുട്ടികളുടെ കല്യാണംകഴിഞ്ഞാല്‍ ആദ്യ വര്‍ഷത്തെ ഓണത്തിന് പെണ്‍വീട്ടുകാര്‍ ആണ്‍വീട്ടിലേക്ക് ഓണക്കാഴ്ച (വാഴക്കുലയും ഓണപ്പലഹാരങ്ങളും )കൊണ്ടുപോകുന്ന  ചടങ്ങുണ്ട്. ഈ ഓണക്കാഴ്ചയില്‍ വീട്ടുകാര്‍ക്കു മാത്രമല്ല, അയല്‍ക്കാര്‍ക്കും വേലക്കാര്‍ക്കും വരെ അവകാശമുണ്ടായിരിക്കും.
കാണം വിറ്റും ഓണം ഉണ്ണണം
ഓണത്തോടനുബന്ധിച്ചുള്ള ഒരു ചൊല്ലാണിത്. മാവേലിത്തമ്പുരാന്‍ തന്‍റെ ഇഷ്ടപ്രജകളെ സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ അവര്‍ ഇല്ലവല്ലായ്മകളില്‍ ജീവിക്കുന്നതു കണ്ടാല്‍ അദ്ദേഹം മനസ്സുസങ്കടപ്പെട്ട് അസംതൃപ്തിയോടെ മടങ്ങേണ്ടതായിവരും എന്നതിനാലാണ് തിരുവോണനാളില്‍ എത്ര ഇല്ലാത്തവരും കടംവാങ്ങിയെങ്കിലും കോടിയണിഞ്ഞ്,  സുഭിക്ഷമായി ഉണുകഴിച്ച് സസന്തോഷം ആടിപ്പാടി തമ്മില്‍ ഐക്യതയോടെ ജീവിച്ച് മന്നന് സന്തോഷവും സംതൃപ്തിയും നല്‍കണം എന്ന സദുദ്ദേശത്തോടെയാണ് പഴമക്കാര്‍ ഇങ്ങനെയൊരു ചൊല്ലുണ്ടാക്കിയത്.

എന്നാല്‍, ഇന്നത്തെസ്ഥിതി നേരെമറിച്ചല്ലേ. ഇന്ന് വയലേലകളോ വൃക്ഷലതാദികളോ കാണാനുണ്ടോ..?. ഓണപ്പൂക്കളും ഓണക്കളികളും എവിടെ..?  .എവിടെനോക്കിയാലും അംബരചുംബികളായ കൂറ്റന്‍കെട്ടിടങ്ങള്‍. കൂടാതെ കേരളത്തിലെ മലയാളികളില്‍ ചിലര്‍ക്കെവിടെ ഓണം ആഘോഷിക്കാന്‍ സമയം..?. ടെലിവിഷന്‍ കാഴ്ചകളിലും വമ്പന്‍ ഹോട്ടലുകള്‍ ഒരുക്കുന്ന ഓണസദ്യകളിലും ഒതുങ്ങുകയല്ലേ വാസ്തവത്തില്‍ കേരളീയരുടെ ഓണാഘോഷം
ആയില്യം മകം
ഓണത്തോടനുബന്ധിച്ച് ആയില്യം മകം എന്നൊരാഘോഷം കൂടിയുണ്ട്. അത് മക്കള്‍ക്കു വേണ്ടിയാണെന്നാണ് വയ്പ്പ്.. ഓണപ്പൂത്തറയില്‍ നിത്യവും  മുടങ്ങാതെ സന്ധ്യത്തിരി കൊളുത്തി പതിനാറാം പക്കം മകം നാളില്‍ പൂത്തറയില്‍ വീണ്ടും ഒരു പൂജ മക്കള്‍ക്കായി. ഉച്ചക്കൊരു ചെറിയ സദ്യകൂടി കഴിഞ്ഞ് അന്നുവൈകുന്നേരമാണ് പൂത്തറ പൊളിക്കുക.
കൊയ്ത്തു കഴിഞ്ഞ സന്തോഷത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും സംസ്കാരസമ്പന്നമായ ആഘോഷത്തിന്‍റെ ആ നല്ല നാളുകള്‍ മറക്കാനാകുമോ മലയാളികള്‍ക്ക്.


രാമായണമാസം


ഇന്ന് കര്‍ക്കിടകം ഒന്ന്. പഞ്ഞ മാസം എന്നാണ് മുമ്പൊക്കെ കര്‍ക്കിടകമാസത്തെ പറഞ്ഞിരുന്നത്. കാലക്രമത്തില്‍ ആ പേര് രാമായണ മാസം എന്നായി. സൂര്യൻ കർക്കടക രാശിയിലൂടെ കടന്നു പോകുന്ന നാളുകളാണ് കർക്കടക മാസം. ഏകദേശം ഞണ്ടിന്റെ ആകൃതിയിലുള്ള 5 നക്ഷത്രങ്ങളുടെ കൂട്ടമാണ് കർക്കടകം (cancer). മിഥുനം രാശിയിൽ നിന്നും കർക്കടകം രാശിയിലേക്കുള്ള പ്രവേശനമാണ് കർക്കടക സംക്രമണം. പിതൃബലി അര്‍പ്പിക്കുന്ന പുണ്യ മാസമായി കര്‍ക്കിടകത്തെ കണക്കാക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ ആരോഗ്യ സംരക്ഷണത്തിനായി ഔഷധക്കഞ്ഞി സേവിക്കുന്നതും ഈ മാസത്തിലാണ്. കര്‍ക്കിടകം ഒന്നുമുതല്‍ ഏഴുവരെ മുക്കൂറ്റി ചാലിച്ച് സ്ത്രീകള്‍ പൊട്ടുതൊടുന്ന ഒരു ആചാരവും നിലനിന്നു പോരുന്നുണ്ട്.

രാമ രാമ നമോസ്തുതേ ജയ
രാമഭദ്ര നമോസ്തുതേ

രാമചന്ദ്ര നമോസ്തുതേ ജയ
രാഘവായ നമോസ്തുതേ

ദേവദേവ നമോസ്തുതേ ജയ
ദേവരാജ നമോസ്തുതേ

വാസുദേവ നമോസ്തുതേ ജയ
വീരരാജ നമോസ്തുതേ !!

കേരളീയരുടെയിടയില്‍ കര്‍ക്കിടകമാസത്തിലെ രാമായണപാരായണം പണ്ടുമുതല്‍ക്കേ ഒരു ഐശ്വര്യമായി ആചരിച്ചുപോരുന്നു. വാല്മീകി രാമായണം ഒരുമഹാസമുദ്രമാണ്. അദ്ധ്യാത്മ രാമായണം പരിപാവനമായ ഒരു ഗംഗാനദിയും. അദ്ധ്യാത്മ രാമായണം ആണ് ഈ പാരായണതിനായി ഉപയോഗിച്ചുവരുന്നത്.
കേരളീയരുടെ മനസ്സില്‍ രാമന്‍ എന്ന പേരുതന്നെ ദിവ്യമാണ്. ശ്രീരാമന്‍ ഉത്തമപുരുഷനും രാമഹൃദയം ഒരു മഹാതത്വവും. രാമായണം എന്ന പദത്തിന് അര്‍ത്ഥം (യാത്ര) എന്നാണ്. രാമനിലേക്കുള്ള അയനം രാമഹൃദയംതൊട്ട് പട്ടാഭിഷേകംവരെയാണ് സാധാരണയായി പാരായണംചെയ്യുന്നത്. കര്‍ക്കിടകത്തിലെ രാമായണപാരയണത്തിന് ചില ചിട്ടകളുണ്ട്‌. 7തിരിയിട്ട് നിലവിളക്ക് കൊളുത്തിവെച്ചാണ് ഗ്രന്ഥപൂജയും പാരായണവും തുടങ്ങുന്നത്. സകല ഐശ്വര്യവും കൈവരുത്തണേ എന്നതാണ് ഈ 7 തിരിയുടെ സങ്കല്പം. ആദ്യദിവസം പുഷ്പങ്ങള്‍ കൊണ്ട് ഗ്രന്ഥവും ദീപവും പൂജിക്കുന്നു. അവില്‍, മലര്‍, പഴം, എന്നിവ നിവേദിക്കുന്നു. ഗ്രന്ഥ പ്പലകയില്‍ ഗ്രന്ഥം നിവര്‍ത്തിവെച്ചാണ് പാരായണം ചെയ്യുന്നത്. ഈ വിശിഷ്ഠഗ്രന്ഥം തന്ന് നമ്മെ അനുഗ്രഹിച്ച തുഞ്ചത്താചാര്യനെ സ്തുതിച്ചശേഷം ആണ് പാരായണം തുടങ്ങുന്നത്.

‘സാനന്ദ രൂപം സകല പ്രബോധം
ആനന്ദ ദാനാമൃത പാരിജാതം
മനുഷ്യ പത്മേഷു രവി സ്വരൂപം
നമാമി തുഞ്ചത്തെഴുമാര്യപാദം’
എന്നതാണ് സ്തുതി. പാരായണം എന്നാല്‍ പരയിലേക്കുള്ള അയനം ആണ്.
(പര = പരമമായ/ഉത്കൃഷ്ടത, അയനം = യാത്ര. ഉത്കൃഷ്ടതയിലേക്കുള്ള യാത്ര.)
നമ്മെ ശാരീരികമായും മാനസീകമായും പ്രവര്‍ത്തിപരമായും ഏറ്റവും ഉത്കൃഷ്ടതയിലേക്ക് നയിക്കുന്നു ശ്രീരാമാപദാനങ്ങളും സ്തുതികളും നിറഞ്ഞ ഈ രാമായണ പാരായണം എന്നര്‍ത്ഥം
.
എന്‍റെ അമ്മയും രാമായണമാസവും

എന്‍റെ അമ്മ കര്‍ക്കിടക സംക്രാന്തിയും ആണ്ടുപിറപ്പു സംക്രാന്തിയും വലിയ കേമമായി ആഘോഷിക്കുമായിരുന്നു. തലേന്നുതന്നെ വീടും പരിസരവും വൃത്തിയാക്കി അടുത്തുള്ള ക്ഷേത്രങ്ങളില്‍ പോയി തൊഴുതു വരും. പിറ്റേ ദിവസം രാമായണ മാസാരംഭമല്ലേ. ഒന്നാം തീയതി മുതല്‍ ആരംഭിക്കും രാമായണ വായന. വെളുപ്പിനെ എഴുന്നേറ്റ് കുളിച്ച് മുക്കൂറ്റിക്കുറിയും തൊട്ട് നിലവിളക്കു കൊളുത്തിവെച്ച് നിറഞ്ഞ ഭക്തിയോടെ അക്ഷരപ്പിശകു വരുത്താതെയുള്ള അമ്മയുടെ ആ രാമായണവായന കാണാനും കേള്‍ക്കാനും ഒരു പ്രത്യേകസുഖംതന്നെയായിരുന്നു. ഞങ്ങള്‍ പെണ്‍മക്കളെയും അന്നും തുടര്‍ന്നുള്ള 7 നാളുകളിലും മുക്കൂറ്റി ചാന്തു കൊണ്ട് പൊട്ടു തൊടുവിക്കും. രാമായണം കാലം കൂടുന്ന ദിവസം അതാത് രാമായണം വായിച്ചു തീരുന്ന ദിവസം (കര്‍ക്കിടകം 31) വീട്ടില്‍ സദ്യണ്ടയുാക്കും. അന്ന് ആണ്ടുപിറപ്പു സംക്രാന്തിയല്ലേ. ഓട്, ചെമ്പ്, പിച്ചള തുടങ്ങിയ പാത്രങ്ങളൊക്കെ മച്ചുമ്പുറത്തുനിന്ന് ഇറക്കി തേച്ചുമിനുക്കി കേറ്റും. പിന്നെ അരിയും പലവ്യഞ്ജനങ്ങളും വെയ്ക്കുന്ന എല്ലാ പാത്രങ്ങളും കഴുകി വൃത്തിയാക്കി ബാക്കിയുള്ള സാധനങ്ങളെല്ലാം സര്‍പ്പക്കാവിന് നാഗപ്പാട്ടു പാടുന്ന പുള്ളുവത്തിക്കും ഞങ്ങള്‍ക്കു നാവൂറു പാടുന്ന കൊറത്തിക്കും കൊടുത്തശേഷം വീടിന്‍റെ നാലുപുറത്തുനിന്നും മണ്ണെടുത്ത് ഉപ്പും മുളകും കടുകും കൂട്ടി എല്ലാരേയും ഉഴിഞ്ഞിടും. പഞ്ഞമൊഴിക്കല്‍ എന്നാണ് ഇതിനെ പറയുന്നത്. കര്‍ക്കിടകമാസം പഞ്ഞമാസമാണെന്നാണല്ലോ വയ്പ്പ്.

അടുത്ത ദിവസം ഒന്നാം തീയതിയല്ലേ. കടയില്‍ പോയി പലവ്യഞ്ജനങ്ങളും അരിയും ഒക്കെ വാങ്ങി എല്ലാ പാത്രങ്ങലിലും നിറയ്ക്കും. അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഐശ്വര്യത്തിനു വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. വീടിനെ ഐശ്വര്യമായി കാക്കുന്ന ഒരു എശ്വര്യ ദേവതയാണ് എന്റെ അമ്മ. ഇപ്പോള്‍ 84 വയസ്സായി. ഏടത്തിയമ്മയാണ് ഇപ്പോഴൊക്കെ ഈ ഐശ്വര്യ കര്‍മ്മം നിര്‍വ്വഹിക്കുന്നത്.

ഏകദേശം 34 വര്‍ഷങ്ങളോളം അന്യനാടുകളില്‍ ജീവിക്കേണ്ടതായി വന്ന എനിക്കും ഈ കേരള സംസ്കാരം വലിയിഷ്ടമാണ്.