ദൈവം അമ്പലങ്ങളിലെ വിഗ്രഹം മാത്രമാണെന്നു കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നൊക്കെ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അമ്പലങ്ങളില്‍ പോകാറ്. എന്താണ് പ്രാര്ത്ഥിക്കേണ്ടതെന്നു പോലും അറിയാത്ത കാലം. പിന്നീട് എന്റെ കല്യാണം കഴിഞ്ഞ് ഞാനും ഭര്‍ത്താവും രണ്ടു കുഞ്ഞു മക്കളും കൂടി ചെന്നൈയിലെ ഒരു വാടകവീട്ടില്‍ ജീവിക്കുകയായിരുന്നു.. പട്ടാളത്തില്‍ നിന്നു വിരമിച്ച എന്റെ ഭര്‍ത്താവിന് സ്ഥിരമായി ഒരുജോലി കിട്ടാതെ വുദ്ധിമുട്ടുന്ന കാലത്താണ് ഞങ്ങള്‍ ഒഴിവിനു നാട്ടില്‍ വന്നത്. അടുത്ത ദിവസം തന്നെ അമ്മയെ കാണാന്‍ ചെല്ലുക പതിവായിരുന്നു. ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ അമ്മ അമ്പലത്തില്‍ പോകാന്‍ തയ്യാറാകുകയായിരുന്നു. പോകാന്‍ നേരം അമ്മ എന്നേക്കൂടി വിളിച്ചു. അമ്മ വീടിനടുത്തുള്ള പാലാരി ഭഗവതി ക്ഷേത്രത്തിലേക്കായിരുന്നു ഞങ്ങള്‍ പോയത്. അവിടെ പ്രദക്ഷിണം വെച്ച് നടയില്‍ വന്നു തൊഴുകുന്നേരം ഭഗവതി വിഗ്രഹത്തിമുഖത്തേക്കു നോക്കിയപ്പോള്‍ എനിക്കു സങ്കടം വന്നു. വളരെ ദയനീയമായി ഹൃദയമുരുകി ഞാനന്നു പ്രാര്‍ത്ഥിച്ചു പോയി. എന്റെ ഭര്‍ത്താവിനൊരു ജോലി കിട്ടാന്‍, പൊന്നു മക്കള്‍ക്കു നല്ല ഭാവിയുണ്ടാകാന്‍, സ്വന്തമായൊരു വീടുണ്ടാവാന്‍ ...രണ്ടു തുള്ളി കണ്ണുനീര് ആ അമ്പലനടയിലെ തറയില്‍ വീഴുകയും ചെയ്തു.
ഒഴിവു തീര്‍ന്ന് ഞങ്ങള്‍ ചെന്നൈയില്‍ തിരിച്ചെത്തി ഒരാഴ്ച്ച പോലും കഴിയും മുമ്പേ എന്റെ ഭര്‍ത്താവിന് സ്ഥിരമായൊരു ജോലി ലഭിക്കുകയും സന്തോഷം ഞങ്ങളുടെ ജീവിതത്തില്‍ വീണ്ടും കൈവരുകയും ചെയ്തു. ഒരുപാടു നന്ദി പറഞ്ഞു അന്നു ഞാന്‍ എന്റെ പാലാരി ഭഗവതിക്ക്. ആദ്യമായി എന്റെ മനസ്സില്‍ ഭക്തിയുടെ വേരൂന്നിയതപ്പോഴാണ്. എന്റെ ഭര്‍ത്താവിന്റെ പെര്‍ഫോമന്‍സ് കണ്ട് തൃപ്തി തോന്നിയ കമ്പനിയുടമയും മോനേജിംഗം ഡയറക്ടറുമായ ശ്രീ വാസുദേവന്‍ സാര്‍ അദ്ദേഹത്തിന്റെ കമ്പനിയുടെ ലേബര്‍ കോണ്ട്രാക്റ്റ് ഞങ്ങളെ ഏല്‍പ്പിച്ചു. ഏകദേശം 10 വര്‍ഷത്തോളം ആ കോണ്‍ട്രാക്ട് നടത്തി ഞങ്ങള്‍. എനിക്കും എന്റെ ഭര്‍ത്താവിനെ സഹായിക്കുവാനുള്ള ഒരു അവസരവും ലഭിച്ചു. കുടുംബത്തിന്റെ ഉയര്‍ച്ചക്കു വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന എന്റെ ഭര്‍ത്താവിനെ ഏതെങ്കിലും വിധത്തില്‍ സഹായിക്കാന്‍ എന്റെ മനസ്സും ഒരുപാട് ആഗ്രഹിച്ചിരുന്നു. ശ്രീ വാസുദേവന്‍ സാര്‍ ഇന്നു ജീവിച്ചിരിപ്പില്ല. ഞങ്ങളുടെ ഗോഡ് ഫാദര്‍...ദൈവം അദ്ദേഹത്തിന്റെ രൂപത്തില്‍ വന്നു ഞങ്ങള്‍ക്കു വഴികാണിച്ചു തന്നു. ഇന്ന് എന്റെ മക്കള്‍ രണ്ടുപേരും ബി.ടെക്. ഐ.ടി കഴിഞ്ഞു നല്ല ജോലിയില്‍ പ്രവേശിച്ചു. രണ്ടാളും വിവാഹിതരായി രണ്ടാള്‍ക്കും ഓരോ കുഞ്ഞുങ്ങളും ആയി. ഞങ്ങള്‍ നാട്ടിലെ മക്കളുണ്ടാക്കിത്തന്ന സകല സൈകര്യങ്ങളും ഉള്ള വീട്ടില്‍ സുഖ സന്തോഷമായി സ്വസ്ഥ ജീവിതം നയിക്കുന്നു.
ദൈവം എന്നാല്‍ ഒരു പ്രപഞ്ച ശക്തിയാണെന്നും അമ്പലത്തില്‍ മാത്രമല്ല എല്ലായിടത്തും നിറഞ്ഞിരിക്കുന്ന ഒരു ചൈതന്യമാണെന്നും തിരിച്ചറിയാന്‍ കഴിയുന്നുണ്ട് ഇപ്പോള്‍. ആ ചൈതന്യം മറ്റെങ്ങു അല്ല നമ്മുടെ ഉള്ളില്‍ തന്നെയുള്ള മനസ്സാക്ഷി തന്നെയാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു. നല്ലതു മാത്രം ചിന്തിക്കാനും നല്ല വാക്ക മാത്രം പറയാനും നല്ല കാര്യങ്ങള്‍ മാത്രം പ്രവര്‍ത്തിക്കാനും ഉള്ള ശക്തി എന്റെ മനസ്സിനു നല്‍കണേ എന്നു മാത്രമാണ് ഇപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കാറുള്ളത്. എന്റെ ചിന്ത കൊണ്ടോ, വാക്കു കൊണ്ടോ, പ്രവര്‍ത്തി കൊണ്ടോ ഒരു ദ്രോഹവും ആര്‍ക്കും ഒരിക്കലും ഉണ്ടാവാതെ നോക്കണേ ഈശ്വരാ എന്നാണെന്റെ നിരന്തരമായ പ്രാര്‍ത്ഥന.
ഒരിക്കലും ഹേ ഭഗവാന് ! മനസ്സില്‍ അസൂയയോ മല്സരമോ വെറുപ്പോ ജഗത്തിലാരോടും എനിക്കു തോന്നാ-തിരിക്കുവാനെന്നെ അനുഗ്രഹിക്കൂ.