എന്റെ പ്രിയരില്‍ പ്രിയനേ,
ജീവിതത്തിന്റെ പ്രഭാത വേളയില്‍ അച്ഛനമ്മമാരുടെ സംരക്ഷണത്തിലും വാത്സല്യത്തിലും കൂടപ്പിറപ്പുകളുടെ സ്നേഹത്തിലും മുഴുകി പൂക്കളോടും തുമ്പികളോടും കിളികളോടും കൊഞ്ചി കൂട്ടുകാരോടും നാട്ടുകാരോടും സല്ലപിച്ചങ്ങനെ ഒരു ചിത്രശലഭത്തെപ്പോലെ പാറിപ്പറന്നുല്ലസിച്ചു നടന്ന കാലം നിന്നെ ഒരിക്കല്‍ പോലും സ്മരിച്ചില്ല ....മാപ്പ്.....
എന്റെ കൗമാര സ്വപ്നങ്ങള്‍ക്കൊരു കടിഞ്ഞാണ്‍ പോലെ വിവാഹം എന്ന മംഗള ദിനം കടന്നു വന്നു.. കൌമാരത്തിന്റെ ആഹ്ലാദ കാലം ഭയപ്പാടില്ലാതെ മുന്നോട്ടുള്ള ജീവിതത്തിനു ഒരു തുണയായി മനസ്സ് നിറയെ നന്മയും സ്നേഹവും മാത്രം നിറഞ്ഞ ഒരു ശുദ്ധ ഹൃദയനേയും രണ്ട്മാ അനിയത്തിമാരെയും ഒരു അച്ഛനെയും അമ്മയെയും കൂടി സ്വന്തമായി സമ്മാനിച്ച നിന്നോട് എനിക്ക് ആദ്യമായി എന്തെന്നില്ലാത്ത സ്നേഹം തോന്നി.
പിന്നെ വിലമതിക്കാനാകാത്ത സ്വത്തായി രണ്ടു പിഞ്ചു ഓമനകളെ നല്കി എന്റെ ജീവിതത്തിന്റെ യൗവനം വസന്ത പൂരിതമാക്കി മാറിയപ്പോള്‍ എനിക്ക് നിന്നോടുള്ള സ്നേഹം പ്രേമമായി മാറി. മക്കളുടെ ഓരോ ഉയര് ച്ചകളിലും അവരെ ഈ നിലയില്‍ എത്തിക്കാന്‍ ഒരിക്കലും വിസ്മരിക്കാനാകാത്ത വിധം നീ നല്കിയ തുണയും അനുഗ്രഹവും ആ പ്രേമത്തിന്റെ ആഴം അതിര്‍വരമ്പ് കടന്നു.
കഴിഞ്ഞ കാല സ്മരണകളെ മനസ്സില്‍ താലോലിച്ചു രസിക്കുന്ന ജീവിത മദ്ധ്യാഹ്നത്തില്‍ ഒരു പൊന്നോമനയെ ചെറു മകളായി നല്കി എന്റെ ജീവിതം ആനന്ത സാഗരത്തില്‍ ആറാടിച്ച നിന്നോടെനിക്കിപ്പോള്‍ പ്രണയമാണോ ...അതോ...ആരാധനയാണോ... എന്റെ കുടുംബതിലെല്ലാവരുടെയും ചിന്തകളില്‍ , വാക്കുകളില്‍, പ്രവര്‍ത്തികളില്‍ നന്മ നിറക്കണേ എന്നല്ലാതെ മറ്റൊന്നും ഇതുവരെ നിന്നോടാവശ്യപ്പെടാഞ്ഞിട്ടുംഇത്രയൊക്കെ നല്കി എന്റെ ജീവിതം ധന്യമാക്കിയ നിന്നോട് ഇപ്പോള്‍ എനിക്ക് പ്രണയം തന്നെയാണ്...കടുത്ത പ്രണയം. ഇത്രയും ഒക്കെ തന്ന സ്ഥിതിക്ക് ഇനിയൊരു പൊന്നുണ്ണിയായി എന്റെ മോളുടെ മടിയിലും നിന്നെ പ്രതീക്ഷിച്ചു പോകുന്നു ഞാന്‍.. . കഴിഞ്ഞ കാല സ്മരണകളെയും അയവിറക്കി സന്തോഷമായി കഴിയുന്ന കാലത്തില്‍ തന്നെ ഈ ഭൂമിയില ആര്‍ക്കും ഒരു ഭാരമായിടാതെ നിന്റെ കരവലയത്തിലൊതുങ്ങുവാന് എന്റെ തിരു നെറ്റിയില്‍ പതിയും നിന്റെ ചുടു ചുംബനങ്ങളാല്‍ നിര് വൃതിയടയാന്‍ ആ പാദാരവിന്ദങ്ങളില്‍ അലിഞ്ഞലിഞ്ഞില്ലാതായി ഞാന്‍ ധന്യയാവും ആ അമൂല്യ നിമിഷത്തെ കാത്തു കൊതിച്ചു തഴുകി താലോലിച്ചു ജീവിക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യം മാത്രമല്ല ...സുഖ സുഷുപ്തിയും കൂടിയാണ്. ഒന്നു മാത്രം ഇപ്പോഴും സ്പഷ്ടമല്ല.......പാശം കൊണ്ടാന്തകന് എന്നെ കെട്ടി വലിച്ചു നിന്റെ പാദങ്ങളില്‍ ചേര് ക്കുമോ.....അതോ വര് ണ്ണ പ്പൂക്കള്‍ കൊണ്ടലങ്കരിച്ച മനോഹര പേടക ത്തില്‍ ഏറ്റി മാലാഖമാരുടെ അകമ്പടിയോടെ എന്റെ ആത്മാവിനെ നിന്റെ പൊന്‍ പാദങ്ങളില്‍ ചേര്‍ക്കുമോ.....ആവോ.......
നിറഞ്ഞ ആകാംക്ഷയോടെ ,
എന്നെന്നും നിന്റെ മാത്രം സ്വന്തം
ലക്ഷ്മിക്കുട്ടി.