പഴയ പൊസ്റ്റുകൾ

2014, ഫെബ്രുവരി 22, ശനിയാഴ്‌ച

ദൈവവും മനസ്സാക്ഷിയും


തളരുന്ന മനസ്സിന്റെ ഉന്മേഷം ആണ് അമ്മ, അച്ഛന്‍, ഗുരു എന്നിവര്‍. അതുകൊണ്ട് ഉറക്കമുണര്‍ന്നാല്‍ എഴുന്നേറ്റിരുന്നു മനസ്സില്‍ ആദ്യം അമ്മയെയും പിന്നീട് അച്ഛനെയും ഗുരുവിനെയും നന്നായി ധ്യാനിക്കുകയാണെങ്കില്‍ ഒരു ശക്തിയുടെ സ്പന്ദനം നമുക്ക് ഉണരാന്‍ കഴിയും. പ്രകടിപ്പിക്കുവാനും അനുഭവിക്കുവാനും ഉള്ള ഒരു സമ്പത്തായിട്ടു വേണം ദൈവം അഥവാ ദൈവീക ചൈതന്യമായ നമ്മുടെ മനസ്സാക്ഷിയെ കാണാന്‍. അല്ലാതെ പേടിക്കുകയല്ല വേണ്ടത്..നാം തെറ്റു ചെയ്യാതിരുന്നാല്‍ മാത്രം മതി. അവിടെയാണ് ശ്രദ്ധ വേണ്ടത്. തെറ്റു ചെയ്യാനുള്ള പ്രവണത അല്ലെങ്കില്‍ ഒരു താഴ്ന്ന ചിന്ത നമ്മില്‍ ഏവരിലും ഉണ്ട്. അതിനു കീഴടങ്ങാതെ എപ്പോഴും ഉയര്‍ന്ന ചിന്തയെ വളര്‍ത്തിയെടുക്കാന്‍ ശ്രദ്ധിക്കണം.
കര്‍മ്മം എവിടെ നിന്നു പുറപ്പെടുന്നുവോ അവിടേക്ക് തന്നെ കര്‍മ്മ ഫലവും എത്തിച്ചേരും. അത് നല്ലതായാലും ചീത്തയായാലും. ഇവിടെ ഒരു സംശയം വന്നേക്കാം. എത്രയോ നന്മകള്‍ മനസ്സറിഞ്ഞു ചെയ്തിട്ടും എല്ലാം അനുഭവിച്ച ശേഷം ഇപ്പോള്‍ നമ്മള്‍ സഹായിച്ചവരാല്‍ തന്നെ അവഗണന അനുഭവിക്കുന്നുണ്ടല്ലോ എന്ന്. അതിനുള്ള കാരണം വ്യക്തമാണ്. കൊടുക്കുന്ന കര്‍മ്മവും വാങ്ങുന്ന അല്ലെങ്കില്‍ അനുഭവിക്കുന്ന കര്‍മ്മവും കര്‍മ്മത്തിന്റെ രണ്ടു ഭാവങ്ങള്‍ ആണ് എന്ന് മനസ്സിലാക്കിയാല്‍ സംശയം ദൂരീകരിക്കാം. അതായത് കൊടുക്കുന്നവന്‍ കൊടുത്തുകൊണ്ടെയിരിക്കും.അതുപോലെ തന്നെ വാങ്ങുന്നവന്‍ വാങ്ങിക്കൊണ്ടേയിരിക്കും. അതിനാണ് കര്‍മ്മ വാസന എന്ന് പറയുന്നത്. വാങ്ങുന്ന കര്‍മ്മ വാസനയുള്ളവന്‍ കൊടുക്കുന്നവനാകാന്‍ പ്രയാസമാണ്. അതു കൊണ്ടാണ് ഫലം പ്രതീക്ഷിക്കാതെയാണ് കര്‍മ്മം ചെയ്യേണ്ടതെന്ന് പറയുന്നത്. നാം ഒരിക്കല്‍ ചെയ്യുന്ന കര്‍മ്മത്തിന്‍റെ ഫലം മറ്റെവിടെനിന്നെങ്കിലും മറ്റേതെങ്കിലും വിധത്തിലായി നമ്മില്‍ എതിചെര്‍ന്നിട്ടുണ്ടാവും. അത് തിരിച്ചറിയാനുള്ള സമയം വരുമ്പോള്‍ നാം തിരിച്ചറിയുകയും ചെയ്യും.
ദൈവസൃഷ്ടികളില്‍ ഏറ്റവും ശ്രേഷ്ഠം ആണ് മനുഷ്യ ജന്മം എന്ന് പറയാനുള്ള കാരണം ലോകത്തില്‍ നമ്മുടെതെന്ന് മുഴുവനുമായി അവകാശപ്പെടുവാന്‍ ഉള്ള ദൈവം എന്ന് നാം സംബോധന ചെയ്യുന്ന നമ്മുടെ മനസ്സാക്ഷിയെ നമുക്ക് ഉണരുവാനുള്ള തിരിച്ചറിവ് നമുക്കുള്ളതുകൊണ്ട് തന്നെയായിരിക്കാം. നമ്മുടെതെന്ന് നാം അവകാശപ്പെടുന്ന നമ്മുടെ സ്വന്തം മക്കള്‍ പോലും മറ്റൊരു മനസ്സാക്ഷിയുടെ ഉടമയാണ്. അവര്‍ക്കും അവരുടെതായ പല ചിന്തകളും തത്വങ്ങളും ഉള്‍ക്കൊണ്ട ഒരു ജീവ ചൈതന്യം ഉള്ളതായി നാം കുറെക്കൂടെ ആഴമായി ചിന്തിച്ചാല്‍ നമുക്കറിയാന്‍ കഴിയും. കഴിഞ്ഞില്ലെങ്കില്‍ നമുക്കതിനു കഴിയണം.

ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലും ജീവചൈതന്യം അഥവാ ജീവാത്മാവ് ഉണ്ട്. സകല ചരാചരങ്ങളും പ്രപഞ്ച സൃഷ്ടിയാണെന്നും അവയിലെല്ലാത്തിലും ദൈവീകമായ ഒരു ജീവചൈതന്യം ഉണ്ടെന്നും നാം മനസ്സിലാക്കണം. പ്രപന്ച്ചതോടുള്ള അല്ലെങ്കില്‍ സ്വന്തം മനസ്സാക്ഷിയോടുള്ള മനുഷ്യന്റെ ഭക്തിയില്‍ , അഥവാ സ്നേഹത്തില്‍ തികഞ്ഞ ആത്മാര്‍ത്ഥത ഉണ്ടായാല്‍ മനസ്സാക്ഷി അഥവാ ദൈവം നമ്മില്‍ ത്രുപ്തനാകുന്നു. അങ്ങിനെ വരുമ്പോള്‍ പിന്നെ എല്ലാം നമ്മുടെ നിയന്ത്രണത്തില്‍ വന്നു ചേരുന്നതായി നമുക്ക് അറിയാന്‍ കഴിയും. വെള്ളം താഴേക്കു മാത്രമേ ഒഴുകൂ എന്നതില്‍ എത്രത്തോളം പരമാര്‍ത്ഥം ഉണ്ടോ അത്രയ്ക്കും പരമാര്‍ത്ഥം കാരുണ്യവും ദയയും സ്നേഹവും നിറഞ്ഞ മനസ്സുകളിലേക്ക് ദേവാമൃതം ഒഴുകിയെത്തും എന്നതിലുമുണ്ട്. നമ്മുടെ സ്വന്തം മനസ്സാക്ഷിയാണ് നമ്മെ കടാക്ഷിക്കേണ്ടത് എന്ന് ചുരുക്കം. ഒരിക്കല്‍ അനുഗ്രഹം നമുക്ക് കിട്ടാന്‍ തുടങ്ങിയാല്‍ പിന്നെ നാം ഒന്നിനെയും ഭയപ്പെടെണ്ടതില്ല എന്ന് തന്നെ പറയാം. നിഷ്കളങ്കമായ ഒരു മനസ്സുണ്ടായാല്‍ ഞാനിരിക്കെ ഭയമെന്തിനു എന്ന് നമ്മുടെ മനസ്സ് നമ്മോടു ഉരുവിടുന്നതായി നമുക്ക് തോന്നാന്‍ തുടങ്ങും. സ്വാര്‍ത്ഥ മോഹമില്ലാതെ യാതൊരു പ്രതീക്ഷകളും ഇല്ലാതെ നാം നമ്മുടെ കര്‍മ്മം മാത്രം ചെയ്‌താല്‍ മതി. അതിന്റെ ഫലം നാം അറിയാതെ ഏതു വഴിയിലൂടെയെങ്കിലും നമ്മെ തേടി എത്തിക്കൊള്ളും. ഇത് ഒരു പ്രപഞ്ച സത്യമാണ്.
സല്‍ക്കര്‍മ്മങ്ങളിലൂടെ ദൈവത്തില്‍ എത്തിച്ചേരുക, സ്വമാനസ്സിനെ സാഫല്യതിലെത്തിക്കുക എന്നതാണ് നമ്മുടെ ലക്‌ഷ്യം എങ്കില്‍ ലക്‌ഷ്യം നമ്മള്‍ പ്രാപിചിരിക്കും. നാം ചെയ്യുന്ന ഇതൊരു കാര്‍മ്മത്തിലും ഉദ്ദേശവും ഉദ്ദേശ ശുദ്ധിയും ഉണ്ടായിരിക്കണം. അത് നിറവേറ്റാനുള്ള ശക്തിക്കും നേരായ മാര്‍ഗ്ഗത്തിനും സംരക്ഷണത്തിനും വേണ്ടി മനസ്സില്‍ പ്രാര്‍ത്ഥിക്കുകയും നമ്മുടെ കഴിവുകളില്‍ ശുഭാപ്തി വിശ്വാസം വളര്‍ത്തുകയും ലക്ഷ്യത്തില്‍ എത്തിയാല്‍ എല്ലാം നന്നായി പര്യവസാനിച്ചതിനു മനസ്സാക്ഷിയാകും ദൈവത്തിനു നന്ദി പറയുകയും ചെയ്യണം. നല്ല ഒരുന്നമനത്തിനായി മുന്നിലെക്കെടുത്തു വച്ച കാല്‍ ഒരു കാലവും എക്കാരണത്തേക്കൊണ്ടും പിന്നിലെക്കെടുക്കരുത്. സത്യവും അസത്യവും കലര്‍ന്ന് കിടക്കുന്ന പ്രപഞ്ചത്തില്‍ നിന്ന് മണ്ണില്‍ കലര്‍ന്ന പഞ്ചസാരയെ നുണഞെടുക്കുന്ന ഒരു ഉറുമ്പിനെപ്പോലെ സത്യത്തെ മാത്രം നുണയാന്‍ മനസ്സിനെ പരിശീലിപ്പിക്കുക. നമ്മുടെ മനസ്സിന്‍റെ തെറ്റായ തീരുമാനങ്ങലാല്‍ നമുക്ക് കിട്ടുന്ന അനുഭവങ്ങളെല്ലാം തെറ്റായോ ദൈവ ശിക്ഷയായോ കരുതുന്നതിനെക്കാള്‍ നല്ലത് പലതും പഠിക്കുവാനും അറിയുവാനും ഉള്ള ദൈവാനുഗ്രഹമായി കാണാന്‍ ശ്രമിക്കുക.
ഇത്രയും കാലത്തെ എന്‍റെ ജീവിതാനുഭവങ്ങള്‍ എന്നെ പഠിപ്പിച്ച പാഠം ആണ് ഇത്. പലര്‍ക്കും ജീവിതത്തെപ്പറ്റി വെത്യസ്തമായ നിര്‍വ്വചനങ്ങള്‍ ആയിരിക്കും ഉണ്ടാവുക. ഇത് ശരിയായിക്കൊള്ളണമെന്നില്ല.എന്‍റെ മാത്രം അഭിപ്രായം ആണ്ഇത് നിങ്ങളുടെയേവരുടെയും അഭിപ്രായത്തിലൂടെയും നിര്‍ദ്ദേശങ്ങളിലൂടെയും ഇനിയും ഇനിയും കൂടുതലായി അറിയാനാഗ്രഹിച്ചു കൊണ്ട് എളിയ ലേഖനം നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു.******
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ