പഴയ പൊസ്റ്റുകൾ

2019, ഫെബ്രുവരി 20, ബുധനാഴ്‌ച

സുപ്രഭാതം പ്രിയരേ ......ഒരു മകളായി  ജനിച്ചാൽ, ബാലികയായിരിക്കുമ്പോൾ പൂമ്പാറ്റയെപ്പോലെങ്ങും പാറിനടക്കുന്ന വീടിന്റെ പൊന്നോമനക്കാലം.  കൗമാരത്തിലേക്കു കടക്കുമ്പോൾ ഋതുമതിയായി, കവിളിൽ വിരിയുന്ന നാണം ഒരു കുമാരിക്കെന്നും അലങ്കാരം. അതു  നിദ്രകളിൽമാത്രമല്ല  ഉണർന്നിരിക്കുമ്പോഴും   ഭാവനയിൽ സ്വപ്‌നങ്ങൾ വിരിയുന്ന കാലം . പിന്നെ  യൗവനത്തിലേക്കു കടക്കുമ്പോൾ കണ്ണിൽ നാണം കലർന്ന ശൃംഗാരഭാവങ്ങൾ ഇണയെ ആകർഷിക്കുന്നു...ഭാര്യാപദം അലങ്കരിച്ചാൽ പ്രിയതമയായി, കുടുംബിനിയായി, പ്രിയന്റെ   പ്രണയത്തിൽ പുഷ്പിണിയായി, അമ്മയായി,  സ്വയം മറന്ന്  നാടിനു മാതൃകയായിമാറുന്നു. പിന്നെ അമ്മാവിയമ്മ, അമ്മമ്മ, മുത്തശ്ശി, മുതുമുത്തശ്ശി.... അങ്ങനെ എത്രയെത്ര മനോഹരരൂപങ്ങൾ..! പെണ്ണായിപ്പിറന്നതിൽ അഭിമാനം തോന്നുന്നത് ബാലിക, കുമാരി, യുവതി, മദ്ധ്യവയസ്ക്ക എന്നീ ഘട്ടങ്ങൾ കഴിഞ്ഞ്  ശരിക്കും വൃദ്ധയാകുമ്പോഴാണ്.
‌വനിത വിനീതയായിരിക്കണം, വിനയമുള്ളവളായിരിക്കണം, കണ്ണിൽ നാണം ഉള്ളവളാണ്  പെണ്ണ്.. അതാണ് പെണ്ണിനെ പെണ്ണാക്കുന്നതും... സാഹചര്യങ്ങൾ  അവളെ  മറ്റു പലതും ആക്കിത്തീർക്കുകയാണ്. അമ്മയായി പെങ്ങളായി മകളായി ഒരു നല്ല സുഹൃത്തായി ഭാര്യയായി ഒരു പുരുഷന്  ദൈവം നൽകിയിരിക്കുന്ന അമൂല്യ സമ്മാനം ആണ് സ്ത്രീ..  ഒരു ആണിന്റെ ഉയർച്ചയ്ക്കു പിന്നിൽ ഒരു  പെണ്ണ്  എന്നപോലെ പെണ്ണുങ്ങളുടെ ഇന്നത്തെ എല്ലാ ഉയർച്ചകളുടെയും പിന്നിൽ വിശാലഹൃദയരായ പല  ആണുങ്ങളും ഉണ്ടെന്ന വസ്തുതയെ സ്മരിച്ചുകൊണ്ട്... പെണ്മയുള്ള പെണ്ണായി ജീവിക്കുവാൻ ഓരോ വനിതയ്ക്കും കഴിയുമാറാകട്ടെ എന്ന്  മനസ്സാലെ വാഴ്ത്തിക്കൊണ്ട്  ഉലകത്തിലെ ഓരോരോ വനിതകൾക്കും  വനിതാദിനാശംസകൾ നേരുന്നു...
പ്രണയം.

ഹൃദിതന്‍ മോഹപ്പൂങ്കനികള്‍
മഴവില്‍ വര്‍ണ്ണത്തേരഴകായ്
കനവില്‍ നല്‍കാന്‍ വന്നവനായ്
കരുതും പൂച്ചെണ്ടു പ്രണയം.

വിരഹം

കാണാന്‍ ആഗ്രഹിക്കുന്നവരെ
കാണാതാകുമ്പോള്‍, പറയാനാവാതെയും
സഹിക്കാനാവാതെയും ഉണ്ടാകുന്ന പിടച്ചിലില്‍ 
നെഞ്ചിലൂറുന്ന സങ്കടമാണു വിരഹം.

കാമം

പരിസരബോധം നശിച്ച് സ്ത്രീയുടലിലാകൃഷ്ടനായി
അടക്കാനാകാത്ത വികാരചേഷ്ടകള്‍ക്കടിമയായി,
വിവേകം വഴിമാറുമ്പോള്‍ ഉണ്ടാകുന്ന
മാനസിക വൈകല്യമാണ് കാമം.
ഏവര്‍ക്കും ശുഭദിനാശംസകള്‍ !

എന്‍റെ മരണമോഹം (വെറുതേ  കാടുകയറിയ ഒരു ചിന്ത)

ധരിത്രിയില്‍ ജനിച്ചു നല്ല തൃപ്തമായ ജീവിതം
ലഭിച്ചതില്‍ സ്തുതിച്ചു തന്നെ പിന്നിടുന്നു ഞാന്‍ ദിനം
പിറന്ന വീടുമെന്‍റെയച്ഛനമ്മമാരെയും സദാ
സ്തുതിച്ചിടുന്നു, സോദരങ്ങളേയുമെന്‍റെ നാഥനേം
ജനിച്ച രണ്ടു മക്കളിന്‍ തുണയ്ക്കു വന്ന മക്കളും
ഇഹത്തിലെന്‍റെ ജന്മപുണ്യമായ കൊച്ചുമക്കളും
നലത്തെ മാത്രമായെനിക്കു നല്കിവന്നതാല്‍     
വിഹംഗമായ് പറന്നു ഞാന്‍ സ്വതന്ത്രമായ് നടന്നതും
പ്രമോദവും പ്രദീപ്തിയും രുചിച്ചു ഞാന്‍ വസിച്ചതും
അടുത്തവര്‍ മനസ്സു ഞാനടുത്തറിഞ്ഞിരുന്നതും
ദിനം വരും സുഹൃത്തുമെന്‍ മനസ്സറിഞ്ഞിരുന്നതും
സുഖങ്ങളില്‍ സുഖങ്ങളായ് മലര്‍ക്കെ ഞാന്‍ ചിരിച്ചതും
വയസ്സിനേറ്റപോലെയായ് രസിച്ചുതന്നെ വാഴ്ന്നതിന്‍
നനുത്തയെന്‍റെയോര്‍മ്മകള്‍ നിലച്ചുതന്നെ നില്ക്കവേ,
മരിക്കുവാന്‍ കിടക്കയില്‍ കൊതിച്ചു ഞാന്‍ കിടക്കണം.
മരുന്നുമാശുപത്രിവസമായ സൂചികുത്തലും
സഹിച്ചു ഞാന്‍ മടുത്തതാലെ വേണ്ടെനിക്കു നാഥനേ
മരിക്കുമെന്ന വാര്‍ത്ത കേട്ടു മക്കളൊക്കെയെത്തിടാന്‍
നിലച്ചിടാതെയെന്‍റെ നേര്‍ത്ത ശ്വസമൊന്നു കാക്കണേ
മുതിര്‍ന്ന നാലു മക്കളും വളര്‍ന്ന കൊച്ചുമക്കളും
അടുത്തിരുന്നിതന്നന്ത്യയാത്ര മംഗളങ്ങള്‍ നേരണം
കരുത്തു നല്കി കൂടെനിന്ന മിത്രമായവര്‍ പലര്‍
സഹോദരങ്ങളോടുചേര്‍ന്ന’ടുത്തുവന്നിരിക്കണം
വിളിച്ചടുത്ത കാലനെ പുണര്‍ന്നു ഞാന്‍ ഗമിക്കവേ,
പിരിച്ചെടുത്തനൊമ്പരം സഹിച്ചുകൊണ്ടുതന്നെ നീ
തലയ്ക്കലെന്‍റെ നാഥനങ്ങിരുന്നെനിക്കു നല്കണം
തണുത്തയെന്‍റെ നെറ്റിയൊന്നമര്‍ത്തിയന്ത്യചുംബനം.
വെളുത്ത വസ്ത്രമൊന്നതില്‍ പുതച്ചു ഞാന്‍ കിടക്കവേ.
തളര്‍ന്നിടാതെ മക്കളെന്നടുത്തുവന്നിരിക്കണം.
പതുക്കെ ഞാന്‍ മരിച്ചതായുണര്‍വ്വവര്‍ക്കു നല്കണം
കരഞ്ഞിടാതെ ധൈര്യമായ് തുണയ്ക്കു വന്നിതെത്തണേ
ഭയത്തിനാലെയുള്ളവും നടുങ്ങിടാതെ നോക്കണേ
മരിച്ചു ഞാന്‍ ഗമിച്ചടുത്തനാള്‍മുതല്‍ക്കു ദൈവമേ
മനക്കരുത്തു നല്കിയെന്‍ പ്രിയന്‍റെ കൂടെ നില്ക്കണേ
മരിച്ചു പിന്നെ മുക്തി നേടി ദൈവപാദം പൂകിയാല്‍
നഭസ്സിലേറെ ശോഭയോടെ മിന്നി നിര്‍ത്തുവാന്‍ തഥാ
ഇഹത്തിലുള്ള സങ്കടങ്ങള്‍ ഒക്കെയങ്ങൊഴിച്ചിടാന്‍
മനം നിറഞ്ഞു കണ്ണനോടിരന്നിടാം നിരന്തരം.
ലിനിയെന്ന ദീപം അണഞ്ഞു........വേദനയുടെ യാതനകളില്‍ സ്നേഹം കൊണ്ടു തഴുകി ആശ്വാസമേകുന്ന വെള്ളരിപ്രാവുകളെക്കുറിച്ച് ചിന്തിപ്പിക്കുവാന്‍ ..ഈ മാലാഖയ്ക്കു പ്രണാമം..

കൈയിലേന്തിയ വിളക്കു കെടുത്താന്‍
കാരണം തിരയുമെന്‍റെ മനസ്സില്‍
ശൂന്യതയ്ക്കിടമതേകി, പതുക്കേ
ദൈവവും പടിയിറങ്ങി നടന്നൂ.

ജീവരക്ഷദിനസേവകരെന്നാല്‍
പ്രാണനോടു പൊരുതുന്ന ജനത്തിന്‍
ജീവിതം കരുണകൊണ്ടു നിറയ്ക്കും   
ദൈവദൂതയവതാരമതല്ലേ!

ദീപമേന്തിയ കരങ്ങളതിവേഗം
നിപ്പയാല്‍ പിഴുതു മാറ്റിയതെന്തേ?
വന്നുപെട്ടതൊരബദ്ധമോ, നന്നായ് 
കുഞ്ഞുമക്കളെ വളര്‍ത്തുവതാരോ?

വന്ന ചോദ്യമൊരു കല്ലു കടിച്ചെന്‍
പല്ലിനേറ്റൊരു പുളിപ്പിലൊതുങ്ങി
കാറിയൊന്നു കരയാന്‍, മമ കണ്ഠം 
മുള്ളുകൊണ്ട തടപോലെ നിശബ്ദം.
സുപ്രഭാതം പ്രിയരേ.........

2018 - ഒരു തിരിഞ്ഞുനോട്ടം

2018നെ പലരും വിലയിരുത്തിയിരിക്കുന്നതുകണ്ട് ഞാനും ഒന്നു തിരിഞ്ഞുനോക്കുകയാണ്... ചുമ്മാ പറയരുതല്ലോ....വലിയ മോശമില്ലാതെ കടന്നുപോയി ട്ടോ.

ഏറ്റവും സന്തോഷം നല്കിയത് യാതൊരു പ്രതീക്ഷകളുമില്ലാതെ 2007 മുതല്‍ മനസ്സില്‍ തോന്നുന്നതും കണ്ടതും കേട്ടതും അനുഭവിച്ചതും ഒക്കെയായി അപ്പപ്പോള്‍ കുത്തിക്കുറിച്ചതില്‍ പലതും കൂട്ടിത്തുന്നി നന്മ, കനല്‍പ്പൂക്കള്‍ എന്നീ പേരുകളില്‍ രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച്  സാഹിത്യരംഗത്ത് വളരെ ചെറിയൊരടയാളമാകാന്‍ കഴിഞ്ഞു എന്നതുതന്നെയാണ്. ഈ സന്തോഷത്തില്‍ അതിനു വഴിയൊരുക്കിയ പ്രിയകുടംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കും സര്‍വ്വോപരി  എന്റെ പ്രിയതൂലികയ്ക്കും കെട്ടിപ്പിടിച്ചോരോ മുത്തം നല്കുന്നു.

ആ മഹാഭിലാഷത്തിനുവേണ്ട എല്ലാ അനുഗ്രഹങ്ങളുമേകിയാശ്ലേഷിച്ച് നക്ഷത്രക്കൂട്ടങ്ങളില്‍ ഏറെ പ്രകാശത്തോടെ നിര്‍വൃതിയടഞ്ഞുനിന്നിരുന്ന എന്റെ മാതാപിതാക്കളോടും, സര്‍വ്വ സഹായസഹകരണങ്ങളും നല്കി കൂടെനിന്ന സംഘമിത്രബുക്‌സിന്റെ ഉടമയായ പ്രിയസുഹൃത്ത് ശ്രീ. ഷാജിനായരമ്പലത്തിനോടും, കാവ്യലോകത്തേയ്ക്കു കടക്കാന്‍ തുടക്കം കുറിപ്പിച്ച ജോയ്, രാജേഷ്, അകാലത്തില്‍ വിടപറഞ്ഞ പുണ്യന്‍ എന്നീ സഹോദരന്മാരോടും, വൃത്തവും പ്രാസവും പഠിപ്പിച്ച് കവിതയ്ക്ക് ഉടയാടയും തുന്നി കനകാഭരണങ്ങളണിയിച്ച് മേടമേലേറ്റി രസാവഹമാക്കാന്‍ മാര്‍ഗ്ഗദര്‍ശിയായി ധൈര്യമേകി സദാ കൂടെനടന്ന പ്രിയഗുരു ശ്രീ ശ്രീലകം വേണുഗോപാല്‍സാറിനോടും, ഞാന്‍ കുറിക്കുന്ന വാക്കുകളില്‍ തെറ്റുപറ്റുന്ന വ്യാകരണങ്ങള്‍ അപ്പപ്പോള്‍ത്തന്നെ ചൂരലുമായി പുറകെനടന്ന് തിരുത്തി നല്ലമലയാളത്തെ കൊലചെയ്യാതെ ഇത്രയെങ്കിലും തെളിവോടെ കൈകാര്യംചെയ്യാന്‍ സഹായിച്ച പ്രിയസഹോദരന്‍ ശ്രീ. ബോബിച്ചായനോടും, അവരെ ആദ്യമായി പരിചയപ്പെടുത്തിത്തന്ന കെക്കെ, കിച്ചു എന്നൊക്കെയുള്ള ഓമനപ്പേരില്‍ ഈ മുഖപുസ്തകത്തിലറിയപ്പെടുന്ന എന്റെ സ്വന്തം അനിയന്‍  കൃഷ്ണകുമാറിനോടും, എന്റെ എഴുത്തുകള്‍ നെഞ്ചിലേറ്റി, പ്രോത്സാഹിപ്പിച്ച എല്ലാ പ്രിയകൂട്ടുകാരോടും, സാമ്പത്തികസഹായവും സര്‍വ്വസൗകര്യങ്ങളും ഒരുക്കിത്തന്ന് പ്രോത്സാഹനങ്ങളും നല്കിയ എല്ലാമെല്ലാമായ പ്രിയനാഥനോടും മക്കളോടും  എന്റെ ഹൃദയത്തിലുള്ള സ്‌നേഹവും നന്ദിയും ആദരവും നിറഞ്ഞവിനയത്തോടെ ഇവിടെ ഞാന്‍ കുറിക്കട്ടേ.

പുസ്തകപ്രകാശനത്തിനുശേഷം സാഹിത്യരംഗത്ത് ഉന്നതരായ പലരേയും പരിചയപ്പെടാനും അവരില്‍പ്പലരുടേയും ഉപദേശപ്രകാരം അതുവരെ ഒട്ടും തീണ്ടിയിട്ടില്ലായിരുന്ന വായന എന്ന മഹാഗുണം എന്നിലുണ്ടാക്കുവാനും അങ്ങനെ കുറച്ചു പുസ്തകങ്ങള്‍ വായിക്കാനും സാധിച്ചു എന്നത് ഒരു വലിയ സന്തോഷം. മനസ്സിലെ കാടുതെളിക്കാന്‍ വായനയോളം നല്ലൊരൗഷധം ഈ ലോകം മുഴുവന്‍ തേടിയാലും വേറെ കിട്ടൂല്ലാ ട്ടോ.  മനസ്സിന്റെ ഇരുളകലുന്നതോടൊപ്പം നമ്മില്‍ വിനയവും വിവേകവുംകൂടെ ബോണസ്സായി വന്നുനിറയും വായനയില്‍ക്കൂടെ എന്നത് ഒരു നഗ്നസത്യംതന്നെ.

ഹൈദ്രാബാദ്, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയസ്ഥങ്ങളിലേയക്കുള്ള ആവര്‍ത്തനയാത്രകള്‍, മക്കളോടും മരുമക്കളോടും കൊച്ചുമക്കളോടുമൊപ്പമുള്ള വിനോദയാത്രകള്‍ സിനിമകാണലുകള്‍ എല്ലാംതന്നെ ഏറെ സന്തോഷംനല്കിയവയാണ് ഈവര്‍ഷത്തില്‍.

ബാല്യകാലസുഹൃത്തുക്കളോടൊപ്പം സുവര്‍ണ്ണകാലസമൃതികള്‍ അയവിറക്കാന്‍ ഒരു വാട്‌സാപ്പ്ഗ്രപ്പുണ്ടാക്കിയതും ഈ വര്‍ഷത്തിന്റെ മുതല്‍ക്കൂട്ടില്‍പ്പെടുന്നു.

ജനിച്ചനാട്ടില്‍ വിമുക്തഭടസംഘടനയുടെ  പേരിലുള്ള സാഹിത്യപരമായ അംഗീകാരത്തിന്റെ ആദരവും ഗുണകരങ്ങളായ രണ്ടു മൂന്ന് സൗഹൃദസംഗമങ്ങളും സാഹിത്യസംഗമങ്ങളും  പങ്കെടുക്കാനായതിലെ സന്തോഷാനുഭവങ്ങളും പുതിയ കുറെ സുഹൃത്തുക്കളെ ലഭിച്ചതും എല്ലാം  2018 ലെ മുതല്‍ക്കൂട്ടുകള്‍തന്നെ.

മുടക്കംകൂടാതെ പിറന്നാളും, വിവാഹവാര്‍ഷികവും ആഘോഷമാക്കാനായി. വിവാഹാദിച്ചടങ്ങുകളില്‍ പങ്കെടുക്കാനും എന്നും കൊതിക്കുന്ന കേരളത്തിന്റെ തനതായ രിചിവൈഭവമൂറും ഗംഭീരസദ്യകളും വിസ്മരിക്കാനാവാത്തവതന്നെ.

കൂട്ടുകാരും ഉന്നതവ്യക്തികളും ബന്ധുക്കളുമായി കുറച്ചുപേര്‍ വിടപറഞ്ഞതൊഴിച്ചാല്‍ ബാക്കിയാല്ലാം മംഗളകരമായിരുന്നു എന്നുതന്നെ പറയാം.

ലോകംകണ്ടതില്‍വച്ച് ഏറ്റവും വലിയ പ്രളയദുരന്തത്തിനു ദൃക്‌സാക്ഷിയാകേണ്ടിവന്നു എങ്കിലും ഇതുപോലൊരു സംഭവം നടന്നാല്‍ തകരാവുന്നതേയുള്ളൂ കേവലം സ്വാര്‍ത്ഥമനോഭാവത്തോടെ നാം കെട്ടിപ്പടുക്കുന്ന ആകാശക്കോട്ടകളെല്ലാം എന്ന ബോധം എന്നിലുണ്ടായിരുന്ന കുറെ പൊട്ടസ്വഭാവങ്ങളും അഹങ്കാരങ്ങളും പടിയിറക്കി മനസ്സു കുറെക്കൂടെ പരിശുദ്ധമാക്കാന്‍ സാധിച്ചതില്‍ സംതൃപ്തതിയുണ്ടെനിക്ക്. ജാതിമതഭേദമന്യേ മനുഷ്യരില്‍ മനുഷ്യത്വം എന്ന മഹാഗുണം നിറഞ്ഞുതുളുമ്പിനിന്ന ആ ദിനങ്ങള്‍ അന്നും ഇന്നും എന്നും ഓര്‍മ്മയില്‍ ഒരു കുളിരുതന്നെ. അങ്ങനെ ആ മഹാപ്രളയദുരന്തംപോലും 2018 ന്റെ മുതല്‍ക്കൂട്ടായിട്ടാണ് എന്റെ മനസ്സില്‍ ഇടംപിടിച്ചിരിക്കുന്നത്.

മണ്ണില്‍ക്കലര്‍ന്ന പഞ്ചസാരയെ മണ്ണുപറ്റാതെ ഒപ്പിയെടുക്കുന്ന ഉറുമ്പുകളെപ്പോലെ, ലോകയാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ട് അവയില്‍ നന്മയായിത്തോന്നുന്ന ഗുണവിശേഷതകളെ യാതൊരു മടിയുംകൂടാതെ ഒപ്പിയെടുത്ത് നെഞ്ചോടുചേര്‍ക്കാനും നേരിടുന്ന സുഖദുഃഖങ്ങളെ ഒന്നുപോലെ ഉള്‍ക്കൊണ്ട് ഭഗവത്പ്രസാദമായി കരുതി സസന്തോഷം ജീവിക്കുവാനുമുള്ള കരുത്തും ഊര്‍ജ്ജവും സര്‍വ്വേശ്വരന്‍ ഏവര്‍ക്കും പ്രദാനം ചെയ്യുമാറാകട്ടെ എന്ന് ഹൃദ്യമായി പ്രാര്ത്ഥിച്ചുകൊണ്ട് 2019 നെ നമുക്കു വരവേല്ക്കാം.

2018 നേക്കാള്‍  ശാന്തിയും സമാധാനവുംകൊണ്ടു സമൃദ്ധമായിരിക്കട്ടെ 2019 എന്ന പ്രത്യാശയോടെ  എല്ലാ പ്രിയകൂട്ടുകാര്‍ക്കും എന്റെ ഹൃദയംനിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു....

നിങ്ങളുടെ സ്ന്തം,
ദേവി കെ. പിള്ള,
ചേന്ദമംഗലം.
28-12-2018

2019, ജനുവരി 7, തിങ്കളാഴ്‌ച

എഴുത്തും ഉറക്കവും

Image result for writing

നമ്മളില്‍ എഴുത്തുകാരായി ധാരാളം പേരുണ്ടല്ലോ. അവരുടെയെല്ലാം തുലികയില്‍നിന്നുതിരുന്ന അക്ഷരങ്ങള്‍ കോര്‍ത്തിണക്കി ആശയസമ്പുഷ്ടവും ആസ്വാദ്യവുമായ രചനകള്‍ പിറവിയെടുക്കണമെങ്കില്‍ ശാരിരികവും മാനസികവുമായ ആരോഗ്യം അത്യന്താപേക്ഷിതമാണ്. പോഷകഗുണമുള്ള ഭക്ഷണവും, വെള്ളവും, വ്യായാമവുംപോലെതന്നെ നമ്മുടെ ആരോഗ്യത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ഉറക്കവും.

നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഉറക്കം കിട്ടാതെവരുന്ന അവസ്ഥ ശരീരത്തെമാത്രമല്ല, മനസ്സിനെയും സാരമായി ബാധിക്കും. ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഏന്തെങ്കിലും സാഹചര്യത്തിനാല്‍ ഒരു ദിവസം ഉറക്കം കുറഞ്ഞുപോയാല്‍  തുടര്‍ന്നുവരുന്ന രണ്ടുമൂന്നു ദിവസങ്ങളില്‍ ഒന്നിനും ഒരു ഉഷാറില്ലാതെ കടന്നുപോകാറുള്ളതില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയ സത്യമാണ് അത്. അതുകൊണ്ടുതന്നെ ദിവസവും 7 മണിക്കൂറെങ്കിലും ഉറങ്ങുവാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

ഞാന്‍ രാവിലെ 10 മണിമുതല്‍ വൈകിട്ട് 5 മണി വരെ ടൈപ്പിംഗ് ജോലി ചെയ്യുന്ന ഒരു വ്യക്തിയാണ്. ലേഖനങ്ങളും ഓര്‍മ്മക്കുറിപ്പുകളും കഥയും ഒക്കെ എഴുതുമെങ്കിലും എനിക്ക് ഏറ്റവും കൂടുതല്‍ താല്‍പ്പര്യമുള്ളത് കവിതയെഴുതുവാനാണ്. ആശയം എപ്പള്‍ മനസ്സില്‍ ഉരുവായാലും ആതിനുള്ള നല്ല വരികള്‍ രൂപപ്പെടാറുള്ളത് അധികവും നിശ്ശബ്ദതയിലായിരിക്കും. ഉറക്കത്തിനിടയില്‍പ്പോലും എനിക്ക് കവിതയ്ക്കുവേണ്ട വരികള്‍ കുറിക്കേണ്ടിവന്നിട്ടുണ്ട്. കാരണം മനസ്സില്‍ തോന്നുമ്പോള്‍ത്തന്നെ അത് കുറിച്ചുവച്ചില്ലെങ്കില്‍ പിന്നീട് എത്ര ആലോചിച്ചാലും ആ വരികള്‍ ഓര്‍മ്മയിലേയ്ക്കു വരുത്താന്‍ എനിക്കു സാധിക്കാറില്ല എന്നതാണ്.

ഭര്‍ത്താവ് ജോലിക്കുപോകുകയും കുട്ടികള്‍ പഠിക്കുകയും  ചെയ്യുന്ന കാലത്ത രാവിലെ 5 മണിക്കണര്‍ന്ന് രാത്രി 10 മണിക്കുറങ്ങുമായിരുന്നു.  എന്നാല്‍ ഇപ്പോള്‍ ഇതു രണ്ടുമില്ലാത്തതിനാലും ബി ടെക് പഠിച്ച എന്‍ കുട്ടികള്‍ ഐ ടി ഫീല്‍ഡില്‍ ജോലിനോക്കുന്നതിനാലും (അവരുടെ ഫോണ്‍കോളിനുള്ള കാത്തിരുപ്പ്)  മണി 11 ആയിപ്പോകുന്നു കിടക്കാന്‍. രാവിയെ 6 മണിക്കേ ഉണരുന്നുള്ളൂ...പറയത്തക്ക രോഗങ്ങളോ അസ്വസ്ഥതകളോ ഒന്നുതന്നെ എനിക്കില്ല. ഈ പ്രായത്തിലും വളരെ ഉന്മേഷവതിയാണ് ഞാന്‍.

ഒന്നുകില്‍ ജോലി തുടങ്ങുന്നതിനുമുന്നെയോ അല്ലെങ്കില്‍ ജോലിസമയം കഴിഞ്ഞതിനുശേഷമോ ആണ് ഞാന്‍ സാധാരണയായി എഴുതാനിരിക്കുന്നത്. അപ്പോഴാണ് എനിക്ക് കൂടുതല്‍ നന്നായി എഴുതാന്‍ ഉന്മേഷം ലഭിക്കുന്നതും.

തലച്ചോറിന് ആവശ്യമുള്ള വിശ്രമം കൊടുക്കുമ്പോഴാണ് നാം ചെയ്യുന്ന പ്രവൃത്തികള്‍ അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നത്. വരുംകാലങ്ങളില്‍ നിറഞ്ഞ ആരോഗ്യകരമായ ജീവിതത്തിലൂടെ  തിരക്കേറിയ എന്റെ മക്കളുടെ ജീവിതത്തില്‍ എന്നക്കുറിച്ചുള്ള ആവലാതികള്‍ വരുത്താതെ  അവരുടെ  സമാധാനവും സന്തോഷവുമായിരിക്കാന്‍ പുതിയവര്‍ത്തില്‍ 8 മണിക്കൂര്‍ ഉറങ്ങും എന്ന പ്രതിജ്ഞയാണ് ഞാന്‍ പുതിയതായി എടുക്കാന്‍ ആഗ്രഹിക്കുന്നത്. മക്കളുടെ സന്തോഷകരമായ ജീവിതമല്ലേ നമ്മള്‍ അമ്മമാരുടെ സമാധാനം.

2017, ജൂൺ 27, ചൊവ്വാഴ്ച
വായനവാരം
കുഞ്ഞുന്നാളുമുതല്‍ വായനയില്‍ വലിയ കമ്പമായിരുന്നു; ആനയായിരുന്നു, ചേനയായിരുന്നു എന്നൊക്കെ എനിക്കും എഴുതണമെന്നുണ്ട്. വായിക്കാത്തതിന്‍റെ ഒരൊറ്റക്കുറവുകൊണ്ടുമാത്രം, ഇപ്പൊ അങ്ങനെ എഴുതാനാവുന്നില്ലാ. വായിക്കണ്ടേ, എന്നാലല്ലേ വായിച്ചു, വായനകൊണ്ടു വളര്‍ന്നു എന്ന കഥയൊക്കെ എഴുതാനാവൂ. ശരിക്കും വേദനയുണ്ട് ആ കാലമെല്ലാം ചുമ്മാ കളഞ്ഞതിന്.
ഞാന്‍ ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചേട്ടനും ചേച്ചിയും ഒക്കെ കോളേജില്‍ പഠിക്കുന്നുണ്ടായിരുന്നു. അവര്‍ പറയുമായിരുന്നു വായിക്കണം കുറെ വായിക്കണം. എന്നാലേ വിവരമുണ്ടാകൂ എന്നൊക്കെ. അതിന് എനിക്കു വിവരം അല്പം കൂടുതലാണെന്ന വിവരക്കേട് എപ്പോഴും എന്‍റെയൊപ്പം ഉണ്ടായിരുന്നല്ലോ ആ കാലങ്ങളില്‍. പിന്നെങ്ങനെയാ ഇതൊക്കെ മണ്ടയിലേറുക. വല്ലതും കഴിക്കണം, അടികൂടണം, നല്ല വസ്ത്രം ധരിക്കണം, സുന്ദരിയായി നടക്കണം, പറ്റിയാല്‍ അമ്മയെയും അച്ഛനെയും ഒക്കെ കബളിപ്പിച്ചുരസിക്കണം, പരീക്ഷകളില്‍ തോല്ക്കരുത്‌. തോറ്റാല്‍പ്പിന്നെ പഠിക്കൂല്ലാ ഇത്രയൊക്കെയേ സ്വപ്നമായി കൂടെ കൊണ്ടുനടന്നിരുന്നുള്ളൂ. ദൈവം സഹായിച്ച് പ്രീഡിഗ്രി ഇംഗ്ലീഷില്‍ പൊട്ടുംവരെ അതിനൊന്നും ഒരു കുറവും ഉണ്ടായിരുന്നുമില്ലാ. അവിടെ കര്‍ശനക്കാരന്‍ അച്ഛനല്ലായിരുന്നു ; ഈ ഞാന്‍തന്നെ. ഈ ഞാനേയ് വെറും ഞാനല്ലായിരുന്നു അന്നൊക്കെ; ഒരൊന്നൊന്നര ഞാനായിരുന്നു. ഇപ്പൊ കണ്ടാല്‍ ഒരു ലുക്കില്ലന്നെയോള്ളൂ. ഭയങ്കര ബുദ്ധിക്കുറവാ.....എല്ലാം ഈ വായനച്ചേച്ചിയെ പിണക്കിയതിന്‍റെ ദോഷം. അല്ലാണ്ടെന്താ....? ദൈവമായിട്ടൊരു കുറവും വച്ചിരുന്നില്ലാ ട്ടോ. ചുമ്മാ അങ്ങേരെ കുറ്റം പറയണ്ടാ. പോയ ബുദ്ധി ആന വലിച്ചാലും പോരില്ലെന്നാണല്ലോ. എന്നാലും ഒന്നു ശ്രമിക്കണം എന്നുണ്ട്...
ഏകദേശം 2006 മുതല്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാനുള്ള ഭാഗ്യമുണ്ടായതാണ്. അന്നുമുതല്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇന്ന് ആരായിരുന്നേനെ..? വിരലിലെണ്ണാവുന്ന എഴുത്തുകാരെയും അവരുടെ കൃതികളെയുംമാത്രമേ എനിക്കു പരിചയമുള്ളൂ കാരണം അത്രയേ ഞാന്‍ വായിച്ചിട്ടുള്ളൂ. അതുകൊണ്ട് ആ പരിചയങ്ങളും അനുഭവങ്ങളും വിവരിക്കാന്‍ മുതിരുന്നില്ലാ. യാഹൂ മെയിലുകളില്‍ ബെസ്റ്റ് ആന്‍സര്‍ ചോദ്യങ്ങള്‍ വരുമായിരുന്നു അക്കാലങ്ങളില്‍. ആദ്യമായി വായനയില്‍ താത്പര്യം വന്നത് ആ ചോദ്യങ്ങള്‍ വായിച്ചു ബെസ്റ്റ് ആന്‍സര്‍ എന്നു രണ്ടുകൈയും പൊക്കിക്കാട്ടുന്ന ഒരു പെണ്ണിനെ കാണാനുള്ള മോഹംകൊണ്ടാണ്. അങ്ങനെയിരിക്കേ ഒരു മെയില്‍ വന്നു; ഓര്‍ക്കുട്ടില്‍ ചേരാന്‍ പറഞ്ഞുകൊണ്ട്. അതില്‍ ചേര്‍ന്നു. പിന്നീട് സസ്നേഹം, മനസ്സ്, കനല്‍, തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ ഇപ്പോള്‍ ഇങ്ങനെ ഫേസ്ബുക്കില്‍ എത്തിനില്ക്കുന്നു. ഇതിലൊക്കെ ബ്ലോഗുകള്‍ വായിച്ച് അഭിപ്രായം എഴുതുമായിരുന്നു. അങ്ങനെ കുറെയേറെ സുഹൃത്തുക്കളുണ്ടായി. ജോയ്, രാജേഷ്‌, നളിനേച്ചി, രശ്മി, മധു(പുണ്യന്‍) തുടങ്ങിയ കുറച്ച് അടുത്ത സുഹൃത്തുക്കളുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി ചെറിയതായി എഴുതിത്തുടങ്ങി.
അങ്ങനെയിരിക്കെയാണ് നമ്മുടെ കേക്കെ ‘അഭിരാമം’ എന്ന ഒരു ഫേസ്ബുക്ക് കൂട്ടായ്മയില്‍ ചേര്‍പ്പിച്ചത്. അവിടെ ശ്രീലകം വേണുഗോപാല്‍ സാര്‍, ബോബിച്ചായന്‍, ചന്തുവേട്ടന്‍ തുടങ്ങിയ ഗുരുതുല്യസുഹൃത്തുക്കളെ ലഭിച്ചു. ബോബിച്ചായനെ നേരത്തേ കുറേശ്ശെ അറിയാമായിരുന്നു) അവരില്‍നിന്നാണ് കൂടുതല്‍ എഴുതുവാനുള്ള പ്രചോദനവും ധൈര്യവും കിട്ടിയത്. കോ-ഓപ്പറേറ്റീവ് ഔട്ട്‌ലുക്ക് ഗ്രൂപ്പ് വഴി സാബു ഹരിദാസ്‌ എന്ന സുഹൃത്ത് മുഖേന ‘ഓര്‍മ്മയിലെ ഓണാഘോഷം’ എന്ന ഒരു ആര്‍ട്ടിക്കിളും ‘വിരിയുന്ന പുഞ്ചിരി ‘ എന്ന ഒരു കവിതയും വേറെ 5 കവിതകളും ആദ്യമായി ‘സഹാകാര്യം’ എന്ന അവരുടെ മാസികയിലൂടെ അച്ചടിമഷിപുരണ്ടു. 10 വരെയുള്ള മലയാളവും വച്ചോണ്ട് എന്‍റെയൊരു കസര്‍ത്തുകളിയുടെ വിജയം. ഒന്നും പറയണ്ടാ എന്‍റെ ചങ്ങാതിമാരേ.. ഒന്നു കാണേണ്ടതുതന്നെയിരുന്നു എന്‍റെ അന്നത്തെ സന്തോഷം. കൂട്ടുകാരാ സാബൂ..., ഈ മനസ്സിലുണ്ടെട്ടോ മായാതെ.
കൂടാതെ ‘താളിയോല’ എന്ന ഗ്രൂപ്പിലെ കവിതാസമാഹരപ്രസിദ്ധീകരണത്തില്‍ ‘അമ്മ’ എന്നൊരു കവിതയും പുറംലോകം കണ്ടു.
കനലിലെ പ്രണയലേഖന മത്സരത്തിലും ‘പുലര്‍കാല എഴുത്തുകൂട്ടം’, ‘കാവ്യചേതന ‘ എന്നീ ഗ്രൂപ്പുകളിലും ചെറിയ പുരസ്ക്കാരങ്ങള്‍ ലഭിച്ചു.
സ്വദേശമായ പറവൂരിലെ ചേന്ദമംഗലം അംഗണവാടിയിലും കിട്ടി ഒരു പൊന്നാട ‘കനവിലൊരു പ്രണയക്കനവ്‌’ എന്ന കവിതയ്ക്ക്. വെറും ബ്ലോഗ്സ് മാത്രം വായിച്ചിട്ടാ ഇതൊക്കെ എന്നോര്‍ക്കണം ട്ടോ.
ശ്ശോ.....! ഈ എന്നെക്കൊണ്ട് ഞാന്‍തന്നെ തോറ്റൂ....
കൂട്ടുകാരേ...., നീണ്ട പത്തു വര്‍ഷങ്ങളോളം ഈ മീഡിയകളില്‍ ഇങ്ങനെ വിലസിയിട്ടും ഇത്രയേ നേട്ടങ്ങള്‍ ഉണ്ടായുള്ളൂ എന്നത് വലിയൊരു പോരായ്മയായിട്ടാണ് എനിക്കു തോന്നുന്നത്. അതിനുള്ള ഒരേയൊരു കാരണം വായനയിലുള്ള എന്‍റെ താത്പര്യക്കുറവുമാത്രം എന്നത് സ്പഷ്ടവും
വായിക്കണം. വെറുതെ വായിച്ചാല്‍പ്പോരാ..ശ്രദ്ധയോടെ മനസ്സിലാക്കിവായിക്കണം. വായനയിലൂടെയേ മനുഷ്യര്‍ പൂര്‍ണ്ണരാവൂ. ഇല്ലെന്നൊക്കെ ചിലര്‍ വാദിക്കാന്‍ വന്നേക്കാം. അതൊന്നും ശരിയല്ലെന്ന് ഞാനിപ്പോള്‍ മനസ്സിലാക്കി. നമുക്കുവായിക്കാം ...വായിക്കാം......പിന്നെയും വായിക്കാം പിന്നെയും പിന്നെയും വായിക്കാം.......പിന്നെ എഴുതാം ....വലിയ എഴുത്തുകാരായില്ലെങ്കിലും ചെറിയ എഴുത്തുകാരെങ്കിലും ആവാം.
ഈ കുറവുനികത്തുവാന്‍ ഈ വായനവാരം ഉപകാരപ്രദമാക്കുവാന്‍ ഞാന്‍ സ്വയം തീരുമാനിച്ച വിവരം ഏവരേയും ഇതുമൂലം അറിയിച്ചുകൊള്ളുന്നു. ഇനിമുതല്‍ എന്‍റെ ഒരുദിവസത്തിലെ 2 മണിക്കൂര്‍ വായനയ്ക്കായി നീക്കിവയ്ക്കും. ഇതു സത്യം ..., സത്യം..., സത്യം.
(വായിക്കാത്തതിന്‍റെ ഭീമമായ കുറവ് ഇപ്പൊ ഇച്ചായന്‍ ഇങ്ങോട്ടൊന്നു വന്നാല്‍ നിങ്ങള്‍ക്കു കാണാം...)
എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഒരു വായനവാരം ആശംസിച്ചുകൊണ്ട്....
സസ്നേഹം,
ദേവി.
എന്നെ ഞാനാക്കിയ സോഷ്യല്‍ മീഡിയയ്ക്കു നന്ദി

2017, മാർച്ച് 9, വ്യാഴാഴ്‌ച

വനിതാദിനം
ആദര്‍ശ പുത്രിയായും, പത്നിയായും, മാതാവായും പരിണമിക്കാനുള്ളതാണു ഒരു ബാലികയുടെ ജന്മം. ചാരിത്ര്യശുദ്ധിയോടെ ജീവിക്കുന്ന കന്യകമാരുടെയും പാതിവ്രത്യ ശുദ്ധിയുള്ള വധൂജനങ്ങളുടെയും ആദര്‍ശവതികളായ അമ്മമാരുടെയും ശാപമേല്‍ക്കാതിരിക്കാന്‍ പുരുഷന്മാര്‍ പ്രത്യേകംശ്രദ്ധിക്കണം. കാരണം ഒരു പുരുഷനേക്കാള്‍ ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചുജീവിക്കുന്ന ത്യാഗത്തിന്‍റെ നേര്‍ക്കാഴ്ചകളാണ് ഇവിടെ പല സ്ത്രീകളും. അവര്‍ മനംനൊന്തൊന്നുവിളിച്ചാല്‍ ആ വിളി ദൈവംകേള്‍ക്കാതിരിക്കില്ലാ. ദുഷ്ടനെ പനപോലെ വളര്‍ത്തും ദൈവം....പിന്നെ വരുന്ന ശിക്ഷ കഠിനമായിരിക്കും.
അച്ഛനിൽനിന്നുൽഭവിച്ച് അമ്മയുടെ ഗർഭപാത്രത്തിൽനിന്നു ഭൂജാതനായിവളർന്നു സ്ത്രീയെ ഭോഗിച്ച്, മകളെയോ മകനെയോ ഉരുവാക്കുന്ന പുരുഷന്‍ വെറും സ്ത്രീവർഗ്ഗത്തിനു മാത്രമല്ലാ, ഈ ലോകത്തിന്‍റെ നിലനില്പ്പിനുതന്നെ അത്യന്താപേക്ഷിതമാണ്! അമ്മയേയോ, ഭാര്യയെയോ, പെങ്ങളെയോ, മകളെയോ, പതിയിരുന്നു അടങ്ങാത്തവികാരത്തിനടിമപ്പെടുത്തിയും, കൊടുംക്രൂരകാമവെറിയാൽ പീഡിപ്പിച്ചും, കൊന്നും കൊലവിളിച്ചും ഭോഗിച്ചലയുന്ന മനുഷ്യമൃഗങ്ങളായുള്ള ചില നീച ജന്മങ്ങള്‍ സ്ത്രീവർഗ്ഗം ഒന്നടങ്കം ആദരിച്ചുപോരുന്ന പുരുഷവർഗ്ഗത്തിനു കടുത്ത അപമനമായിരിക്കും.! നിങ്ങളുടെ അമ്മയെ, ഭാര്യയെ, പെങ്ങളെ, മകളെ.. മറ്റൊരു കാമവെറിയൻ ഇങ്ങനെ ഭോഗിച്ചാൽ?? ഒരുനിമിഷം ആലോചിക്കൂ, ഉണരൂ.. ഈ വൃത്തികെട്ടചിന്തയിൽനിന്ന് എന്നെന്നേക്കുമായി! . 'ഒരുവന് ഒരുവൾ' എന്ന ഭാരതസംസ്കാരം ഭൂഷണമാക്കി, പെണ്ണും ഒരുവ്യക്തിയാണെന്നു പരിഗണിക്കുന്ന, പ്രപഞ്ചത്തിലെ സകലജീവികളെയുംപോലെ ദൈവസൃഷ്ടിതന്നെയാണെന്ന് അംഗീകരിക്കുന്ന മനുഷ്യത്വമുള്ള ധാരാളം പുരുഷന്മാരുണ്ടിവിടെ. അവരെ പിന്തുടര്‍ന്നു ജീവിക്കൂ... സംരക്ഷിക്കണ്ടാ, ഉപദ്രവിക്കാതിരുന്നാൽമതി.
അല്ലെങ്കിൽ നമുക്കുണരാം ! ഇത്തരം ക്രൂരമനുഷ്യമൃഗങ്ങളിൽനിന്നും രക്ഷനേടാനുള്ള ശക്തിയാർജ്ജിക്കാം. പെണ്കുട്ടികളെ കൂടുതൽക്കൂടുതൽ ശക്തരാക്കാം....ഇവിടെ പതിയിരിക്കും ആപത്തുകളെ പറഞ്ഞുമനസ്സിലാക്കാം. ലോകം എന്തെന്നറിഞ്ഞ നമുക്ക് നമ്മുടെ മക്കള്‍ക്ക്‌ രക്ഷാമാർഗ്ഗങ്ങൾ പഠിപ്പിച്ചുകൊടുക്കാം. പെൺമക്കളേ.. രക്ഷാകർത്താക്കളെ അനുസരിക്കൂ, ജാഗരൂകരാകൂ..
നിയമത്തിലെ പഴുതുകള്‍ മുതലെടുക്കുന്ന അധികാരികളുടെ മേല്‍ക്കോയ്മ അവസാനിപ്പിച്ചില്ലെങ്കില്‍, തെറ്റുകളിലെ ക്രൂരതയെ കണക്കിലെടുത്ത് ശിക്ഷയുടെ കാഠിന്യം തിട്ടപ്പെടുത്തി ശിക്ഷകള്‍ നടപ്പിലാക്കാൻ നീതിപീഠം തയ്യാറായില്ലെങ്കിൽ പരസ്പരം വെട്ടിയും കുത്തിയും ശിക്ഷനടപ്പിലാക്കി ഇവിടമൊരു കുരുതിക്കളമാകാൻ ഇനിയധികനാൾ കാത്തിരിക്കേണ്ടിവരില്ലാ!
ഇവിടെ ഇനിയും ആയിരം സ്ത്രീകളോ പിഞ്ചുകുഞ്ഞുങ്ങളോ പീഡിപ്പിക്കപ്പെട്ടാലും കൊല്ലപ്പെട്ടാലും ഈ മാംസദാഹികൾ രക്ഷിക്കപ്പെടും! കാരണം അവരാണ് ഇന്നത്തെ മേലാളന്മാരുടെ രക്ഷകർ! ചക്കരക്കുടത്തിൽ കൈയിട്ടുനക്കാൻ മോഹിക്കുന്നവരുടെ ആയുധമാണവർ! സത്യം, ന്യായം, നീതി ഇവകളൊന്നും ഒരുകാലവും ജയിക്കാതിരിക്കാൻ ചെല്ലുംചെലവുംനല്കി പോറ്റിയെടുത്ത കാമവെറിപൂണ്ട വൃത്തികെട്ട നരഭോജികൾ! ഈ കാമവെറിയന്മാർക്ക് അവയവം വെട്ടിനീക്കുന്നതിൽക്കുറഞ്ഞൊരു ശിക്ഷയുമില്ലാ! ബലാൽസംഗത്തിനു ശിക്ഷ അവയവനീക്കം; അതു നടപ്പാക്കുവാൻ ധൈര്യമുള്ളൊരു നീതിപീഠം നമുക്കുണ്ടാകുമോ?? എന്നെങ്കിലും ഇവിടെ അഭിമാനം അടിയറവുപറയാത്തൊരു ഭരണകൂടം ഉണ്ടാകുമോ???
എത്രയോ നന്മനിറഞ്ഞമനസ്സുകള്‍ ഈ ഭൂമിയില്‍ എല്ലായിടങ്ങളിലും ഉണ്ട് ആണെന്നോ പെണ്ണെന്നോ വെത്യാസമില്ലാ....ആണിലും പെണ്ണിലും ഉണ്ട് വൃത്തികെട്ടവര്‍. പിശാചുഭരിക്കുന്ന ഈ മനസ്സുകള്‍ ഉരുവായതും ഈ മണ്ണില്‍ത്തന്നെ...പൈശാചികബുദ്ധിയുള്ള ചില അമ്മമാരുമച്ഛന്മാരും ഇതിനുകാരണക്കാരുമാണ് എന്നതില്‍ യാതൊരുസംശയവുമില്ലാ....പല ജന്മങ്ങളും ഇവിടെനിന്നുന്നെയാണ് അധികവും സാഹചര്യങ്ങളുടെവലയില്‍പ്പെട്ടു കുറ്റകൃത്യങ്ങളിലേക്ക് വഴുതുന്നതും. ഒരുകുഞ്ഞും അച്ഛന്റേയും അമ്മയുടെയും സ്നേഹത്തിനുവേണ്ടി യാചിക്കാതിരിക്കണം. അതിന് വഴിപിഴച്ചജീവിതങ്ങള്‍ ഉപേക്ഷിക്കാന്‍ മനുഷ്യമനസ്സുകള്‍ തയ്യാറാകണം.. ആണിനൊരുദിനം പെണ്ണിനൊരുദിനം ഒന്നും ആചരിക്കുന്നതിലല്ലാ കാര്യം...മനുഷ്യമനസ്സുകള്‍ വഴിതെറ്റാനുള്ള കാരണങ്ങളുടെ അടിസ്ഥാനപരമായകാരണങ്ങള്‍ കണ്ടെത്തുകയാണുവേണ്ടത്. അതിനു പരിഹാരംതേടാതെ ഇതൊന്നും തുടച്ചുമാറ്റാന്‍സാദ്ധ്യമല്ലാ.

2017, ഫെബ്രുവരി 28, ചൊവ്വാഴ്ച

Anonymous letter


Anonymous letter

A person who occupied facebook page and Thiruvalla as his monopoly send an anonymous letter to my two brothers, one sister and  another sister’s son using some obnoxious words wrote: "Stop wearing Churidar and writing poems"...++%%#3**## But both my brothers permitted me to go to Thiruvalla and write poems daily. So you can expect a poem every day from me... To the person who hides and requesting me to stop these things, I have only one thing to say: "Your writings are filled with spelling mistakes and grammatical errors! I struggled a lot to read your writings! My sincere advice to you is that please do not kill my Mathru Bhaasha. Please go and learn how to write a sentence without error. Then you try to enter in such activities. And Ha one more serious advice: "The person who worries much about other's matters need to consult a Doctor if possible a Psychologist. If you do this immediately you can control your mental equilibrium. So fast consult a psychologist! I received yet another anonymous letter... In that, the writer mentions some of the things I shared with my sister, along with that the writer wrote some obnoxious words too. If read it may lead one to suicide. But I never do such foolishness, I am strong! I have to leave for my family and for the loving ones around me. I do not want to give any untoward circumstances for the dear ones who loves me. So I will live and continue to live, whatever they write or say. These types of things I do not take it seriously.സ്നേഹത്തിലെ യുക്തി....


സ്നേഹത്തിലെ യുക്തി....

പെണ്ണുകാണാന്‍ വന്ന ചെറുക്കനോട് പെണ്‍കുട്ടി സംസാരത്തിനിടയില്‍ എനിക്ക് കള്ളുകുടിക്കുന്നവരെ പേടിയാണ്, സിഗററ്റുവലിക്കുന്നവരെ ഇഷ്ടമല്ല എന്നൊക്കെ സൂചിപ്പിക്കുന്നു. ആ പെണ്ണിനെ ഇഷ്ടമായെങ്കില്‍, അവളുടെ സന്തോഷത്തിനുവേണ്ടി അവന്‍ സിഗററ്റുവലിയും കള്ളുകുടിയും വളരെകഷ്ടപ്പെട്ട് ഉപേക്ഷിക്കുന്നു. ഇവിടെ ആണിന്‍റെ ആണത്വത്തിന് യാതൊരുകോട്ടവുംസംഭവിക്കുന്നില്ല. സ്നേഹത്തിലെ ആത്മാര്‍ത്ഥതയാണ് അവനെക്കൊണ്ട്‌ അതുചെയ്യിക്കുന്നത്. ഇതിനെ ചിലര്‍ വളച്ചൊടിക്കുന്നത് അവരുടെ വിവരമില്ലായ്മയും സ്നേഹമെന്ന ദൈവം ആ മനസ്സുകളില്‍ കുടിയിരിക്കാത്തതുകൊണ്ടും മാത്രമാണ്.
എന്നോടിഷ്ടമുണ്ടെങ്കില്‍ സിഗററ്റു വലിക്കരുത്
എന്നോടിഷ്ടമുണ്ടെങ്കില്‍ കള്ളുകുടിക്കരുത്
എന്നോടിഷ്ടമുണ്ടെങ്കില്‍ ഇന്ന് ഈ ഷര്‍ട്ട് ധരിക്കണം

ഇങ്ങനെ അമ്മയോ പെങ്ങളോ സ്വന്തം ഭാര്യയോ സ്നേഹിക്കുന്ന പെണ്‍കുട്ടിയൊ ആത്മാര്‍ത്ഥ സുഹൃത്തോ ഒക്കെ പറയുമ്പോള്‍ അത് അനുസരിക്കുന്നവന്‍ ആണത്വമില്ലാത്തവനല്ലാ..., മറിച്ച് ’എന്നോടിഷ്ടമുണ്ടെങ്കില്‍’ എന്ന വാക്കിലെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുന്നതു കൊണ്ടാണ്, സ്നേഹം എന്ന ദൈവം അവന്‍റെ മനസ്സില്‍ കുടിയിരിക്കുന്നതുകൊണ്ടാണ് അത് അനുസരിക്കാനുള്ള ഉള്‍പ്രേരണ അവനില്‍ ഉണ്ടാകുന്നത്.
ഇഷ്ടം=സ്നേഹം=ദൈവം. ദൈവമാകുംനന്മ മനസ്സിലുള്ളവര്‍ക്കുമാത്രംചെയ്യാന്‍കഴിയുന്നപ്രവര്‍ത്തികളാണ് ഇവയെല്ലാം. .....നന്മയുള്ള ഒരുമനസ്സിനുമാത്രമേ ഇത് നന്മയായിത്തോന്നൂ...നന്മയെന്നത് തീണ്ടാത്തവര്‍ ഇതിനെ പലതരത്തില്‍ വളച്ചുമൊടിച്ചും സംസാരിക്കും. അതിനെ അവഗണിക്കുകയെവഴിയുള്ളൂ...

എന്നോടിഷ്ടമുണ്ടെങ്കില്‍ ഈ കിണറ്റില്‍ ചാടണം എന്ന് പറഞ്ഞാല്‍ അവനനുസരിക്കില്ലാ. കാരണം അത് നന്മയല്ല എന്ന് തിരിച്ചറിയാനുള്ള വിവേകം അവനിലുണ്ടാകും ..., ഉണ്ടാകണം

അതുപോലെ നിത്യരോഗിയായ സഹധര്‍മ്മിണിക്ക് വീട്ടുജോലികളില്‍ സഹായിക്കുകയോ, ഭാര്യയുടെ ന്യായമായ ആവശ്യങ്ങളും ആഗ്രഹങ്ങളും നടത്തിക്കൊടുക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍, മനസ്സക്ഷിയുള്ളവന്‍ എന്നാണ് അവനെ പ്രകീര്‍ത്തിക്കേണ്ടത്. അവന്‍ ജീവിതത്തെ ആസ്വദിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്നെ അര്‍ത്ഥമുള്ളൂ. ഈ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ അവരുടെ ജീവിതത്തില്‍ സ്വര്‍ഗ്ഗസുഖം ഉണ്ടാക്കും എന്ന വിവേകമുള്ളതുകൊണ്ടാണ്, അവന്‍റെ കുടുംബത്തെ അവന്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നതുകൊണ്ടാണ്. ഇങ്ങനെയൊക്കെ സന്തോഷമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്‌ അവനെ ദൈവം അനുഗ്രഹിക്കുന്നത്. ഇതില്‍ അസൂയാ തോന്നുന്നവരാണ് ഇതിനെ മോശമായി ചിത്രീകരിക്കുന്നത്. സ്നേഹം മനസ്സിലുള്ളവര്‍ക്കേ മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി ജീവിക്കാനാകൂ.

എന്തേ ഇത്തരം ഒരു ഷര്‍ട്ട് ധരിച്ചത് എന്ന് ഓഫീസിലെ സഹപ്രവര്‍ത്തകര്‍ ചോദിച്ചാല്‍ ഭാര്യയുടെ അല്ലെങ്കില്‍ പെങ്ങളുടെ നിര്‍ബന്ധം. ഇന്ന് ഞാനിതു ധരിക്കുന്നതില്‍ അവള്‍ക്കു സന്തോഷം കിട്ടുന്നെങ്കില്‍ കിട്ടട്ടെയെന്നു കരുതി എന്ന് ധൈര്യമായി എത്രപേര്‍ പറയും..?

ഇത് ദൗര്‍ബല്യമല്ലേയെന്നു ചോദിക്കുന്നവരുണ്ടാകാം. എന്നാല്‍ അതൊരു സ്നേഹപ്രകടനമായിക്കാണാന്‍ എത്രപേര്‍ക്ക് സാധിക്കും. ഒന്നാലോചിച്ചുനോക്കൂ. സ്നേഹത്തിനിടെ യുക്തി വന്നാല്‍ അത് സ്നേഹമാല്ലാതാകും.. സ്നേഹത്തില്‍ സ്നേഹം മാത്രമേയുള്ളൂ. ഇതേ സ്നേഹം ഇതേ തീവ്രതയോടെ ഈശ്വരനോടും ഉണ്ടായാല്‍ ഈശ്വരന് ഇഷ്ടമല്ലാത്തത്‌ ഒന്നും ചെയ്യാന്‍ നമ്മെക്കൊണ്ട് സാധിക്കില്ലാ..

സ്നേഹം കൊണ്ട് ഭൂമിയെ സ്വര്‍ഗ്ഗമാക്കാന്‍ കഴിയും സജ്ജനങ്ങള്‍ക്ക്‌...., എന്നാല്‍ ഈഗോയും അസൂയയും പോലുള്ള തിന്മകളെ മനസ്സില്‍ വളര്‍ത്തുന്നവര്‍ക്ക് വൈരാഗ്യവും വെറുപ്പും മറ്റുള്ള പലദുര്‍ഗുണങ്ങളും മനസ്സില്‍നിറഞ്ഞ് സ്വര്‍ഗ്ഗമാകുന്ന ഭൂമിയിലെജീവിതത്തെ നരകമാക്കിമാറ്റാനും കഴിയും...എല്ലാം നമ്മളിലോരോരുത്തരിലും നിക്ഷിപ്തം.....

എല്ലാ മനസ്സുകളിലും നന്മനിറയട്ടെ..... എല്ലാവര്‍ക്കും നന്മകള്‍ ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ശുഭദിനം നേര്‍ന്നുകൊണ്ട്..,


.സസ്നേഹം,
സരോമ്മ.